- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ പുതിയ ചരിത്രം! ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്തു; വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ശരദ് പവാര്‍; ബാരാമതിയില്‍ പോരാട്ടം കടുക്കുമോ?

മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി 62കാരിയായ സുനേത്ര പവാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനുവരി 28ന് വിമാനാപകടത്തില്‍ അന്തരിച്ച ഭര്‍ത്താവ് അജിത് പവാറിന്റെ പിന്‍ഗാമിയായാണ് സുനേത്ര ഈ ചുമതല ഏറ്റെടുക്കുന്നത്. ഇന്ന് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തില്‍ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ സുനേത്രയുടെ പേര് നിര്‍ദേശിച്ചു. മറ്റുനേതാക്കള്‍ പിന്തുങ്ങുകയും എംഎല്‍എമാര്‍ ഏകകണ്ഠമായി സുനേത്രയെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ ഭാഗമാണ് എന്‍സിപി.
ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രാത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഇരുവരും സുനേത്ര പവാറിന്റെ എന്‍സിപിയുടെ സഖ്യകക്ഷികളാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന സുനേത്ര പവാര്‍, ബാരാമതിയില്‍ തന്റെ ഭര്‍ത്താവിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് സുപ്രിയ സുലെയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സുനേത്രാ പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ്. മഹാരാഷ്ട്ര നിയമസഭയിലെ ഇരുസഭകളിലും അംഗമല്ല. അജിത്പവാറിന്റെ വിയോഗത്തെത്തുടര്‍ന്ന് ഒഴിവുവരുന്ന ബാരാമതി നിയമസഭാ സീറ്റില്‍ അവര്‍ മത്സരിക്കും. 1963ല്‍ ധാരാശിവില്‍ (പഴയ ഒസ്മാനാബാദില്‍) മറാഠാ കുടുംബത്തിലാണ് സുനേത്ര ജനിച്ചത്. സഹോദരന്‍ പദംസിങ് പാട്ടീല്‍ ശരദ്പവാറിന്റെ അടുത്തയാളും സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മന്ത്രിയുമായിരുന്നു. ഔറംഗാബാദിലെ (ഇപ്പോള്‍ ഛത്രപതി സംഭാജിനഗര്‍) എസ്.ബി. ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജില്‍നിന്ന് ബിരുദം നേടി. 1985-ല്‍ വിവാഹിതയായി. ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമുള്ള സുനേത്ര പവാര്‍, പവാര്‍ കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള സഹകരണ മേഖലയിലും സാമൂഹിക സേവന രംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുമ്പ്, എന്‍സിപി നിയമസഭാ കക്ഷി നേതാവായി സുനേത്ര പവാറിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് പാര്‍ട്ടി മുഖ്യമന്ത്രി ഫഡ്‌നാവിസിന് കൈമാറി. മുതിര്‍ന്ന എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, ഛഗന്‍ ഭുജ്ബല്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യിലെത്തിയാണ് കത്ത് നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഈ കത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് കൈമാറുകയായിരുന്നു
അജിത് പവാര്‍ മരിക്കുന്നില്ല എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞക്കായി എത്തിയ സുനേത്ര പവാറിനെ എന്‍.സി.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നേരത്തെ എന്‍.സി.പി യോഗം ചേര്‍ന്ന് അവരെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ. അതേസമയം സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ശരത് പവാര്‍ ബാരാമതിയില്‍ പറഞ്ഞു. ബാരാമതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സത്യപ്രതിജ്ഞാ ചടങ്ങുകളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ല. വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. കുടുംബത്തില്‍ നിന്ന് ആരെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, കാരണം സത്യപ്രതിജ്ഞയെക്കുറിച്ച് എനിക്ക് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചില്ല.' എന്ന് പവാര്‍ വ്യക്തമാക്കി.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചത്. ഇതിനെത്തുടര്‍ന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നല്‍കണമെന്ന് എന്‍.സി.പിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.


