- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെ വിറപ്പിച്ചു ഇരട്ട സ്ഫോടനം; അഞ്ചു മരണം; എട്ട് നില കെട്ടിടം തകര്‍ന്നു വീണു! ലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡ് കമാന്ഡറോ? ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് ഇറാന്‍ പറയുമ്പോഴും ദുരൂഹത; നടുക്കം മാറാതെ ബന്ദര്‍ അബ്ബാസ്; പങ്കില്ലെന്ന് ഇസ്രയേല്‍; ആശങ്കയില്‍ ഇറാന്‍ ജനത

ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനത്തില്‍ ഒരു എട്ടുനില പാര്‍പ്പിട സമുച്ചയത്തിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടന്നതെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'തസ്നിം' ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ദ്ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. മറ്റ് ഇറാനിയന്‍ മാധ്യമങ്ങളും സമാനമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
ബന്ദര്‍ അബ്ബാസിലെ മൊഅല്ലം ബൊളിവാര്‍ഡിലുള്ള എട്ടുനില കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുന്‍ഭാഗം സ്ഫോടനത്തില്‍ തകര്‍ന്നടിയുകയും അവശിഷ്ടങ്ങള്‍ പരിസരമാകെ ചിതറിക്കിടക്കുകയുമാണ്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ആണവ പരിപാടിയെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആണവ- മിസൈല്‍ പദ്ധതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഇസ്രയേല്‍, യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും മുമ്പ് വന്നിരുന്നു. അതേസമയം മേഖലയില്‍ സംഘര്‍ഷ സാഹചര്യങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇറാനിലെ ഭരണകൂടത്തിനെതിരെ ആഴ്ചകള്‍ക്ക് മുമ്പ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ഭരണകൂടം വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്.
കമാന്‍ഡറെ ലക്ഷ്യമിട്ടോ?
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ ഇറാന്‍ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. എങ്കിലും, സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ബന്ദര്‍ അബ്ബാസിലെ മൊഅല്ലം ബൊളീവാര്‍ഡിലുള്ള എട്ടുനില കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് അവശിഷ്ടങ്ങള്‍ തെരുവിലാകെ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.
അഹ്വാസില്‍ ഗ്യാസ് ദുരന്തം; നടുങ്ങി ഇറാന്‍
ബന്ദര്‍ അബ്ബാസിന് പിന്നാലെ തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസിനേയും മരണം പിടികൂടി. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ ഗ്യാസ് സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് നഗരങ്ങളിലുമായി അഞ്ചു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ ഇറാന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഹോര്‍മൂസ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ്!
ലോകത്തിലെ സമുദ്രമാര്‍ഗ എണ്ണവ്യാപാരത്തിന്റെ ഹൃദയമിടിപ്പായ ഹോര്‍മൂസ് കടലിടുക്കിലാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ലൈവ് ഫയര്‍ ഡ്രില്‍ നടത്തുമെന്നും മേഖലയിലൂടെ പോകുന്ന കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അമേരിക്കയുടെ സൈനിക ഭീഷണി നിലനില്‍ക്കെ, ഈ സൈനികാഭ്യാസം ശക്തിപ്രകടനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ ഭീഷണി, പിന്നാലെ സ്‌ഫോടനം!
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനങ്ങള്‍ നടക്കുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം പുകയുന്നതിനിടെയുണ്ടായ ഈ സ്‌ഫോടനങ്ങള്‍ രാജ്യത്തിനകത്ത് വലിയ അശാന്തിക്ക് കാരണമായിട്ടുണ്ട്.
ഇറാനിലേക്ക് ഒരു 'ആര്‍മഡ' (കപ്പല്‍പ്പട) നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ താന്‍ പരിഗണിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ നിലപാട്. ആണവ കരാര്‍ ലംഘിച്ചാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു. അമേരിക്കന്‍ വ്യോമസേനയുടെ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങള്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഡിസംബറില്‍ തുടങ്ങിയ ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 5,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണം 20,000 കടന്നേക്കാം.
ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശം
സ്ഥിതിഗതികള്‍ വഷളായതോടെ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ലഭ്യമായ യാത്രാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് എത്രയും വേഗം ഇറാന്‍ വിടാനാണ് നിര്‍ദ്ദേശം. 2,500-ലധികം ആളുകള്‍ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം.


