- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രണയിച്ച് വിവാഹിതരായി; കുടുംബ വഴക്കില്‍ കേസെടുത്തതിന്റെ പക; നടുറോഡില്‍ തടഞ്ഞുനിര്‍ത്തി 17 വട്ടം കത്തി കുത്തിയിറക്കിയത് ഭാര്യയുടെ നെഞ്ചിലേക്ക്; പള്ളിപ്പുറം അമ്പിളി കൊലപാതക കേസില്‍ ഭര്‍ത്താവ് രാജേഷ് കുമാറിന് ഇരട്ട ജീവപര്യന്തം

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിപ്പുറം അമ്പിളി കൊലപാതക കേസില്‍ ആലപ്പുഴ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. ജഡ്ജി എസ് ഭാരതിയുടേതാണ് ഈ സുപ്രധാന വിധി. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനെയാണ് ശിക്ഷിച്ചത്. പ്രണയിച്ച് വിവാഹിതരായ അമ്പിളിയും രാജേഷും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണം.
2024 മേയ് 18 ന് പള്ളിപ്പുറത്ത് നടുറോഡില്‍ വച്ചാണ് അമ്പിളിയെ രാജേഷ് കുമാര്‍ കുത്തിക്കൊന്നത്. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം. അമ്പിളിയുടെ ശരീരത്തില്‍ 17 കുത്തുകളുണ്ടായിരുന്നു. തിരുനല്ലൂര്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു അമ്പിളി. കളക്ഷന്‍ കഴിഞ്ഞ് അമ്പിളി സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് രാജേഷ് ആക്രമിച്ചത്. രാജേഷ് അമ്പിളിയുടെ നെഞ്ചിലും കഴുത്തിലും മുതുകിലും കുത്തി. കുത്തിക്കൊന്ന ശേഷം അമ്പിളിയുടെ കളക്ഷന്‍ പണവുമായി രാജേഷ് രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്ന അമ്പിളിയെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭര്‍ത്താവായ രാജേഷ് കുമാറിന് കോടതി കടുത്ത ശിക്ഷ നല്‍കിയത്. ജലഗതാഗത വകുപ്പിലെ ജീവനക്കാരനായിരുന്നു പ്രതിയായ രാജേഷ്. കൊലപാതകത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
നാടിനെ നടുക്കിയ കൊലപാതകം
2024 മേയ് 18ന് വൈകുന്നേരം ആറിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിപ്പുറം-ചേര്‍ത്തല റോഡില്‍ പള്ളിപ്പുറം വില്ലേജ് ഓഫിസിന് സമീപം പള്ളിച്ചന്ത കവലയ്ക്ക് തെക്കുവശത്തുവച്ചായിരുന്നു സംഭവം. ബാങ്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്പിളിയെ ബൈക്കിലെത്തിയ രാജേഷ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
ശരീരത്തില്‍ 17 കുത്തുകള്‍
അമ്പിളിയുടെ നെഞ്ചിലേക്കാണ് രാജേഷ് ആദ്യം കത്തി കുത്തിയിറക്കിയത്. ആദ്യത്തെ കുത്തില്‍ മരണം സംഭവിച്ചില്ലെന്ന് ഉറപ്പുവരുത്തിയ പ്രതി, തുടര്‍ന്ന് 17 തവണയോളം നെഞ്ചിലും വയറ്റിലും മുഖത്തുമായി തുരുതുരെ കുത്തി കൊലപാതകം ഉറപ്പാക്കുകയായിരുന്നു. മുതുകിലും കഴുത്തിലുമായാണ് അമ്പിളിക്ക് മൂന്ന് തവണ കുത്തേറ്റത്. ഉടനെ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കലക്ഷന്‍ ബാഗ് തട്ടിയെടുത്ത് രാജേഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് കഞ്ഞിക്കുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കുടുംബവഴക്ക് പ്രകോപനമായി
അമ്പിളിയും രാജേഷും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. എന്നാല്‍, ദാമ്പത്യജീവിതത്തില്‍ പിന്നീട് പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം കലഹങ്ങള്‍ ഉണ്ടാകുകയും പലപ്പോഴും അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തുകയും ചെയ്തിരുന്നു. ഒടുവിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നതാണ് രാജേഷിനെ പ്രകോപിപ്പിച്ചത്. പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇതും കാരണമായി. സംഭവസമയം രാജേഷ് മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിചാരണയും വിധിയും
ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. കൊലപാതകത്തിന് ശേഷവും പ്രതി യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചിരുന്നില്ലെന്നും പൊലീസ് നടപടികളെ നിര്‍വികാരനായാണ് നേരിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്എ ശ്രീമോന്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. സിപിഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.


