- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! ചില സമയങ്ങള്‍ അംഗീകരിക്കേണ്ടിവരും; വിശദീകരിക്കേണ്ടതില്ല'; എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നാണ് സഞ്ജു സാംസണിന്റേത്. കഴിവും പ്രതിഭയും സ്വാഭാവികമായ ഷോട്ട് പ്ലേയുമുള്ള ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ വര്‍ഷങ്ങളായി ആരാധകര്‍ വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തില്‍ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ അടുത്തകാലത്ത് സഞ്ജുവിന്റെ ഫോം സംബന്ധിച്ച ആശങ്കകള്‍ ശക്തമാവുകയാണ്. വളരെ വൈകിയെങ്കിലും ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ഓപ്പണര്‍ എന്ന നിര്‍ണായക റോളില്‍ ഇടം ലഭിച്ച ശേഷം, കിവിസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു കാഴ്ചവച്ചത് നിരാശാജനകമായ പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ആകെ 46 റണ്‍സ് മാത്രം നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ വിശാഖപട്ടണത്ത് നേടിയ 24 റണ്‍സാണ്. ഈ പ്രകടനങ്ങള്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം വീണ്ടും ചര്‍ച്ചാവിഷയമാക്കി.
ഇതിനിടെ, രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലൂടെ പ്ലേയിങ് ഇലവനില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. തിലക് വര്‍മ്മ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുന്നതോടെ, സഞ്ജുവിന് ടീമില്‍ ഇടമുണ്ടാകുമോ എന്ന ചോദ്യം കൂടുതല്‍ ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. കാര്യവട്ടത്തെ ടി20യില്‍ കീപ്പര്‍ റോളില്‍ ഇഷാന്‍ ഇറങ്ങിയതോടെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനം ജാര്‍ഖണ്ഡുകാരന്‍ സ്വന്തമാക്കിയോ എന്ന ചര്‍ച്ചയും വ്യാപകമായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇത് മുന്‍കൂട്ടി എടുത്ത തീരുമാനമാണെന്ന് വിശദീകരിച്ചെങ്കിലും, പ്ലേയിങ് ഇലവനില്‍ ആദ്യം വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പേര് ഉണ്ടായിരുന്നതും അദ്ദേഹം ഹെല്‍മറ്റും ഗ്ലൗസും ധരിച്ച് ഗ്രൗണ്ടിലിറങ്ങിയതും തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്ന സൂചന നല്‍കുന്നു.
ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന സന്നാഹമത്സരമാണ് സഞ്ജുവിന് ഫോം തെളിയിക്കാനുള്ള അവസാന അവസരം. അതുകൂടി മുതലാക്കിയില്ലെങ്കില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. സഞ്ജുവിനെതിരെ വിമര്‍ശനം കടക്കുന്നതിനിടെ താരത്തിന്റെ ഭാര്യ ചാരുലത രമേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ചിലത് വിശദീകരിക്കാനാവില്ല, അംഗീകരിച്ചേ പറ്റൂ എന്ന് അര്‍ഥം വരുന്ന വാചകങ്ങളോടെ എരിയുന്ന തീയിലേക്ക് നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ചിത്രമാണ് ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
''എല്ലാം അവസാനിക്കുകയും ഉത്തരങ്ങള്‍ മങ്ങിപ്പോകുകയും ചെയ്യും.. തല കുനിക്കുക, ജീവിതം മുന്നോട്ടു നയിക്കുക! കാരണം ചില സമയങ്ങള്‍ അംഗീകരിക്കേണ്ടിവരും, വിശദീകരിക്കേണ്ടതില്ല.'' ചാരുലത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി. സഞ്ജു നേരിടുന്ന സമ്മര്‍ദവും മോശം സമയവും വിശദീകരിക്കുന്നതാണ് ഈ വാക്കുകളെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം. ടീം മാനേജ്‌മെന്റ് സഞ്ജുവിന് പിന്തുണ നല്‍കുമ്പോഴും, പല മുന്‍താരങ്ങളും ലോകകപ്പ് പ്ലേയിങ് ഇലവനില്‍ അദ്ദേഹത്തിന് ഇടം ലഭിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. ''സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിന് ആവശ്യമായ എല്ലാ അവസരങ്ങളും നല്‍കി. എന്നാല്‍ ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സും തിലക് വര്‍മ്മയുടെ തിരിച്ചുവരവും ചേര്‍ന്നാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു,'' എന്നാണ് സുനില്‍ ഗാവസ്‌കറുടെ അഭിപ്രായം. കഴിവല്ല, ആത്മവിശ്വാസക്കുറവാണ് സഞ്ജുവിന്റെ പ്രധാന പ്രശ്‌നമെന്നും ലോകകപ്പില്‍ റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ടറുമായ കെ. ശ്രീകാന്ത് മോശം ഫോമും ഇഷാന്‍ കിഷന്റെ മികച്ച പ്രകടനവും കണക്കിലെടുത്ത് സഞ്ജുവിനെ ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
സഞ്ജുവിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകളിലേക്കാണ് പല വെറ്ററന്‍ താരങ്ങളും കൈചൂണ്ടിയത്. ക്രീസില്‍ നിന്ന് പിന്നിലേക്ക് പോകുന്ന ശീലവും മുന്‍കാലുകളുടെ ചലനക്കുറവുമാണ് പ്രധാന പ്രശ്‌നം. ''ഫുട്വര്‍ക്കിന്റെ അഭാവം മൂലം മൂന്ന് സ്റ്റംപുകളും തുറന്നുകാട്ടുകയാണ്,'' എന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ആകാശ് ചോപ്രയും സമാനമായ നിരീക്ഷണമാണ് നടത്തിയത്; ഫ്രണ്ട് ഫൂട്ട് മുന്നോട്ട് നീങ്ങാത്തതിന്റെ ഫലമായി ബാറ്റിന്റെ ഫേസ് അടഞ്ഞുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബൗളിങ്ങിലെ സ്പീഡ് വേരിയേഷന്‍ സഞ്ജുവിനെ അലട്ടുന്നതായി ഡബ്ല്യു.വി. രാമനും അഭിപ്രായപ്പെട്ടു.
അതേസമയം, പ്രശ്‌നങ്ങളുടെ അടിസ്ഥാനം ആത്മവിശ്വാസക്കുറവും മാനസിക സമ്മര്‍ദ്ദവുമാണെന്ന വാദവും ശക്തമാണ്. ഇര്‍ഫാന്‍ പത്താന്‍ സഞ്ജുവിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥിരമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു; മിഡില്‍ ഓര്‍ഡറിലേക്കുള്ള മാറ്റം അന്യായമായിരുന്നുവെന്നും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവിചന്ദ്രന്‍ അശ്വിന്‍ അമിത സമ്മര്‍ദ്ദവും ആശയക്കുഴപ്പവും സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്നതായി വിലയിരുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിശീലന മത്സരത്തിലും ലോകകപ്പിന്റെ ആദ്യ ഘട്ടത്തിലും സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നു.


