ന്യൂഡല്‍ഹി: ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരാനുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തില്‍ കാണിച്ചു. രാജ്യത്തിന് ഇനി പിന്നോട്ട് പോകാനാവില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്. ലോകം മുഴുവന്‍ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രംഗത്ത് വലിയ വികസനമാണ് കൈവരിച്ചത്. എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടുപോകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എഴുന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞു.

പ്രതിഷേധിച്ച് തളര്‍ന്നവര്‍ ഇറങ്ങിപ്പോയെന്നായിരുന്നു മോദിയുടെ പരിഹാസം. പ്രതിപക്ഷത്തിനു ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ''രാജ്യത്ത് എല്ലാ മേഖലയിലും വലിയ മുന്നേറ്റമാണ്. കായിക രംഗത്തും ശാസ്ത്ര രംഗത്തും ആത്മവിശ്വാസം വര്‍ധിച്ചു. ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണ്. സമ്പദ് വ്യവസ്ഥ വളരുകയും പണപ്പെരുപ്പം കുറയുകയുമാണ്. എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുകയാണ്. ഈ വികസനത്തിനു പിന്നില്‍ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യമാണ്'' പ്രധാനമന്ത്രി പറഞ്ഞു.

ഏകാധിപത്യം സഭയില്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്‌റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു. ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താന്‍ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. മോദി മോദി എന്ന് വിളിച്ചുകൊണ്ടാണ് ഭരണപക്ഷം മോദിയെ വരവേറ്റത്. നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

മുന്‍ കരസേന മേധാവി ജനറല്‍ എം.എം. നരവനേയുടെ പുസ്തകം ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്‌സഭ ഇന്നും സ്തംഭിച്ചിരുന്നു. ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്‌സഭ ബഹളത്തിനിടെ പാസാക്കി. ഇതിനുപിന്നാലെയാണ് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ജെ.പി. നദ്ദ ബോധമില്ലാത്ത ബാലന്‍ എന്ന് വിളിച്ചത് രാജ്യസഭയില്‍ ബഹളത്തിനിടയാക്കി.

ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്‌സഭയില്‍ പാസാക്കുന്നത് അസാധാരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സര്‍ബാനന്ദ സോനോവാള്‍, തേജസ്വി സൂര്യ എന്നിവര്‍ സംസാരിച്ചു കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി ജന എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാന്‍ ശ്രമിച്ചത്. ഇത് സര്‍ക്കാര്‍ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തര്‍ക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്‌സഭയില്‍ നരവനേയുടെ പുസ്തകവും സറണ്ടര്‍ മോദിയെന്നെഴുതിയ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.