കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ സാമ്പത്തിക ക്രമക്കേടുകളില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ 'ആടിയ ശിഷ്ടം' നെയ്യ് വില്‍പ്പനയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തല്‍ ഭക്തരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കേസില്‍ മുന്‍ കീഴ്ശാന്തി സുനില്‍ കുമാര്‍ പോറ്റിയെ വിജിലന്‍സ് പൊക്കിയതിന് പിന്നാലെ, സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത ആഴ്ച ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തിന്റെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും നടന്ന പണാപഹരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ ഇഡി നിരീക്ഷണത്തിലാണ്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ. ജയപ്രകാശിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് വരാനിരിക്കുന്ന വലിയ നടപടികളുടെ സൂചന മാത്രമാണ്. അതിനിടെ, ശബരിമല തന്ത്രി കണ്ഠര് രാജീവരും സംശയനിഴലിലായിട്ടുണ്ട്. തട്ടിപ്പ് കേസില്‍പ്പെട്ട തിരുവല്ലയിലെ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണമാണ് ഇഡി പരിശോധിക്കുന്നത്. റെയ്ഡിനിടെ തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ചിലപ്പോള്‍ ഉണ്ടാകാം, ചിലപ്പോള്‍ ഉണ്ടാകില്ല' എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സ്ഥാപന ഉടമകള്‍ നല്‍കിയത്.

സ്ഥാപനം തകര്‍ന്നിട്ടും തന്ത്രി പരാതി നല്‍കാതിരുന്നത് കള്ളപ്പണ നിക്ഷേപമാണോ എന്ന സംശയം ബലപ്പെടുത്തുന്നു. പൂട്ടിപ്പോയ നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തില്‍ തന്ത്രി രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നുവെന്നാണ് ആരോപണം. പണം നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇഡിയുടെ സംശയത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ധനകാര്യ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതോടൊപ്പം തന്നെ ശബരിമല വിഷയത്തില്‍ മുന്‍പ് ആരോപണവിധേയനായ കടകംപള്ളി സുരേന്ദ്രനെയും കേന്ദ്ര ഏജന്‍സി ഉടന്‍ ചോദ്യം ചെയ്‌തേക്കും.

ശബരിമലയില്‍ വിവിധ തലങ്ങളില്‍ നടന്ന വിപുലമായ കൊള്ളകളില്‍ ദേവസ്വം ബോര്‍ഡിലെ വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീളുകയാണ്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശ്രീകുമാറില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പല ഉന്നതരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഭക്തരുടെ പണം അപഹരിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും പൂട്ടാന്‍ അതിവേഗ നടപടികളുമായാണ് ഇഡി മുന്നോട്ട് പോകുന്നത്. കൊള്ളക്കാരെ പിടികൂടുമെന്നും ഭക്തര്‍ക്ക് ആശങ്ക വേണ്ടെന്നും മുന്‍പ് കോടതി നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

അതിനിടെ സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം നിലപാട് കടുപ്പിക്കുകയാണ്. തന്ത്രിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണ്ണക്കൊള്ള നടന്നത് തന്ത്രിയുടെ പൂര്‍ണ്ണ അറിവോടെയും അനുജ്ഞയോടെയുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. പല അനധികൃത നീക്കുപോക്കുകള്‍ക്കുമായി തന്ത്രി ഒപ്പിട്ട രേഖകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.

നിലവില്‍ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ജയിലില്‍ നല്‍കുന്നുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും.