കൊച്ചി: ചോറ്റാനിക്കരയില്‍ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ ഫോണ്‍ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചെങ്കിലും കാരണം കണ്ടുപിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആണ്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്നും താന്‍ കടുത്ത ദുഃഖത്തിലാണെന്നും ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ പുസ്തകത്തില്‍ നിന്നും കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു.

ശാസ്താംമുകളിനു സമീപം കക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്‌കൂളിലേക്കു പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കണ്ടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തില്‍ മൃതദേഹം കണ്ടത്.

ബുക്കില്‍ നിന്നാണ് 2 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്ത് കഴിഞ്ഞ 19നു മരിച്ചെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്ന സംശയവും പൊലീസിനുണ്ട്.

കൊറിയന്‍ സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ അധ്യാപകര്‍ വെളിപ്പെടുത്തിയിരുന്നു. അക്കൗണ്ടില്‍ 19 ഫോളോവേഴ്‌സ് മാത്രമാണുള്ളത്. അതില്‍ തന്നെ കുട്ടിയുടെ സുഹൃത്തുക്കളും ഉള്‍പ്പെടുന്നുണ്ട്. സ്‌കൂളിലെ മറ്റു കുട്ടികളും കൊറിയന്‍ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സാണെന്നും ആശങ്കയുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് കുട്ടിയുടെ ഫോണ്‍ പരിശോധിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു.