കാസര്‍കോട്: പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസമാകാത്ത രീതിയില്‍ പരീക്ഷ സമയം നിശ്ചയിക്കണമെന്നും സമസ്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറം വിഭജനം ഉന്നയിച്ചതിന് പിന്നാലെ നൂറാം വാര്‍ഷിക സമ്മേളന പ്രമേയത്തിലൂടെയാണ് സമസ്ത ഇക്കാര്യവും ആവശ്യപ്പെട്ടത്.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍( ചെറിയ പെരുന്നാള്‍) ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി ദിനങ്ങള്‍ അപര്യാപ്തമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല.

ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ജുമുഅ നമസ്‌കാരത്തിന് തടസ്സമാകാത്ത രീതിയില്‍ പരീക്ഷാ സമയം നിശ്ചയിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകള്‍ നടത്തുന്നതും വിശ്വാസികളായ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും മദ്രസ സമയ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നടപ്പില്‍ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനര്‍നിര്‍ണയം അനിവാര്യമാണെന്നും കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വ്വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചു തീരുമാനം നടപ്പിലാക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. 'ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്.

ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ട്. 39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കും. പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അതു വേഗത കൂട്ടുകയും ചെയ്യും. ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണം എന്നായിരുന്നു പ്രമയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടത്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയങ്ങളില്‍ ഒത്തൊരുമിച്ച് തീരുമാനമെടുക്കണമെന്നാണ് സമസ്തയുടെ ആഹ്വാനം. ഈ ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികരണം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.