- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റി? സെലിബ്രിറ്റികളടക്കം നല്കിയ സ്വര്‍ണ്ണത്തിന് രേഖകളില്ല? ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്; എസ്ഐടി അന്വേഷണത്തിനും സാധ്യത; സ്വാഗതം ചെയ്ത് അജയ് തറയില്‍

കൊച്ചി: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ത്വരിതാന്വേഷണത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതുസംബന്ധിച്ച് വിജിലന്‍സിന് നിര്‍ദേശം നല്‍കി. ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 2017-ല്‍ കേടുപാടുകള്‍ ഇല്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരില്‍ മാറ്റിയതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ എസ്ഐടി അന്വേഷിക്കും. ആവശ്യമെങ്കില്‍ കേസെടുക്കും. പ്രയാഗ് ഗോപാലകൃഷ്ണനായിരുന്നു അന്ന് ദേവസ്വം പ്രസിഡന്റ്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.
ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മാണം അന്വേഷിക്കാന്‍ സംസ്ഥാന വിജലന്‍സിനാണ് ചുമതല. 27 ഓളം പേര്‍ ശബരിമലയിലേക്ക് സ്വര്‍ണം സംഭാവന ചെയ്തിട്ടുണ്ട്. ഇതില്‍ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമല്ലന്ന് ദേവസ്വം വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ വ്യക്തത ഉണ്ടാക്കണമെന്നും സംസ്ഥാന വിജലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2017ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിര്‍മ്മാണം നടന്നത്.
അന്വേഷണത്തെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതാവ് അജയ് തറയില്‍ രംഗത്തെത്തി. ആശങ്കപ്പെടാന്‍ ഒന്നുമില്ല. കോടതി നിര്‍ദേശിച്ച പ്രവര്‍ത്തിയാണ്. ഞങ്ങള്‍ ആയിട്ട് ഒന്നും ചെയ്തിട്ടില്ല. കോടതി ഉത്തരവ് നല്‍കാന്‍ തയറാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. കൊടിമര നിര്‍മാണത്തില്‍ സ്വര്‍ണ്ണം സംഭാവനയായി വാങ്ങിയിട്ടില്ല. 3.20 കോടി ഫിനിക്‌സ് ഗ്രൂപ്പ് ആണ് തന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിര്‍മ്മാണം നടന്നത്. തന്ത്രിയുടെ വീട്ടില്‍ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയില്‍ നല്‍കിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങിയത്.
2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായി ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ വാജിവാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്കാണ് ബോര്‍ഡ് കൈമാറിയത്. സ്വര്‍ണകൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി മുന്‍ ബോര്‍ഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാന്‍ ബോര്‍ഡ് തയ്യാറായിരുന്നില്ല.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. .വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനാഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പരിശോധന നടത്തണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടര്‍ന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വര്‍ണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും.
989 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ശബരിമലയില്‍ നിന്ന് നഷ്ടമായെന്ന് വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പുറത്ത് വന്നതിനേക്കാള്‍ വ്യാപ്തിയിലുള്ള സ്വര്‍ണ്ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസ്എസ്സിയില്‍ നിന്നുള്ള ഈ പരിശോധനാ ഫലം. ഈ കണക്ക് ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്സി പരിശോധനാ ഫലം. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം തവണ പരിശോധന നടത്തിയത്. കൊള്ളയെക്കുറിച്ച് പ്രതികള്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന ഫലമായിരുന്നു വിഎസ്എസ്സിയില്‍ നിന്ന് പുറത്തുവന്നത്.
ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും എസ്‌ഐടി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തുന്നതിനായി വിഎസ്എസ്സിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് പാളികളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിച്ചതാണോ എന്നതിലാണ് വിഎസ്എസ്സിയുടെ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പമുണ്ടായത്. കൃത്യമായ ഉത്തരം വിഎസ്എസ്സിയുടെ റിപ്പോര്‍ട്ടിലുമില്ല. 1998ല്‍ മെര്‍ക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞത്. എന്നാല്‍ ചില പാളികളില്‍ മാത്രം മെര്‍ക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിള്‍ ശേഖരിക്കാനാണ് തീരുമാനമെന്നാണ് വിവരം.
1998ല്‍ സ്ഥാപിച്ച യഥാര്‍ഥ പാളികളാണോ നിലവിലുള്ളത്, അതോ അവ മാറ്റിയ ശേഷം പഴയ ചെമ്പില്‍ വീണ്ടും സ്വര്‍ണംപൂശി വെച്ചതാണോ എന്ന കാര്യത്തിലാണ് ശാസ്ത്രീയമായ സ്ഥിരീകരണം വേണ്ടത്. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) നടത്തിയ പരിശോധനാ ഫലങ്ങളില്‍ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച ലാബായ ബാര്‍ക്കിന്റെ (BARC) സഹായം തേടാന്‍ കോടതി തീരുമാനിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ 2019 മുതലുള്ള ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കോടതി അനുമതി നല്‍കി. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ട് ഫോണുകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ മറ്റ് പ്രതികളുടെ ഫോണ്‍ രേഖകളുമായി ഒത്തുനോക്കും. ഇതിനുപുറമെ, പ്രതികളുടെ കൈയക്ഷര പരിശോധനയ്ക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ട നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ എസ്‌ഐടിക്ക് നിര്‍ദേശം ലഭിച്ചു. 2025-ലെ സ്വര്‍ണംപൂശല്‍ നടപടികളുടെ ശാസ്ത്രീയ വശങ്ങളും അന്വേഷണ പരിധിയില്‍ വരും.
ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട അടച്ചിട്ട മുറിയിലെ നടപടികള്‍ക്ക് ശേഷമാണ് ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും എസ്‌ഐടി അന്വേഷണം നടത്തുന്നുണ്ടെങ്കിലും സ്വര്‍ണപ്പാളികളുടെ കാര്യത്തില്‍ വ്യക്തത വന്നതിന് ശേഷമാകും ഇതിലേക്ക് ആഴത്തിലുള്ള അന്വേഷണം നീങ്ങുക. ബാര്‍ക്കിലെ പരിശോധനാ ഫലംകൂടി ലഭ്യമാകുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്.ഐ.ടി ലക്ഷ്യമിടുന്നത്. ഇതിന് കാലതാമസം നേരിടുമെങ്കിലും മാര്‍ച്ച് മാസത്തോടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസ് ഈ മാസം 19-ന് കോടതി വീണ്ടും പരിഗണിക്കും.


