തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള പല നിയമങ്ങളും പുരുഷന്മാര്‍ക്കെതിരെ വ്യാജമായി ഉപയോഗിക്കപ്പെടുന്നുണ്ടോ? അത്തരം സാഹചര്യങ്ങളില്‍ പുരുഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഔദ്യോഗിക സംവിധാനം വേണമോ? ഈ പശ്ചാത്തലത്തില്‍, പുരുഷന്മാരുടെ പരാതി പരിഹരിക്കാന്‍ പുരുഷ കമ്മീഷന്‍ ആവശ്യമാണോ എന്ന വിഷയമാണ് കഴിഞ്ഞ ദിവസം 24 ന്യസില്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന തമ്മില്‍ തമ്മില്‍ പരിപാടി പരിശോധിച്ചത്.

പുരുഷ കമ്മീഷന് വേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍, മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. വിനീത വിജയന്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി. സുഹ്റ, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗാര്‍ഗി (കെ. അജിതയുടെ മകള്‍), എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. എല്‍സി ഉമ്മന്‍: സൈക്യാട്രിസ്റ്റ്, അഭിഭാഷകയും സോഷ്യല്‍ റിഫോമറുമായ സജിത, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംവാദത്തില്‍, അഡ്വ. റെബിന്‍ വിന്‍സെന്റ് ഗ്രാലന്റെ വാദമുഖങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വ്യാജ പരാതികളില്‍ പുരുഷന്മാര്‍ ജയിലിലാകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന തരത്തിലായിരുന്നു അഡ്വ. റെബിന്‍ വിന്‍സെന്റ് ഗ്രാലന്റെ വാദങ്ങള്‍. ഒരു സ്ത്രീ വ്യാജ പരാതി നല്‍കിയാല്‍ 14 ദിവസമോ 30 ദിവസമോ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്നത് ഒരു 'ജയില്‍ സന്ദര്‍ശനമായി' മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

'നമ്മള്‍ മജിസ്ട്രേറ്റിന്റെ അതിഥികളായി (Guest of the Magistrate) ജുഡീഷ്യല്‍ റിമാന്‍ഡില്‍ പോകുന്നു എന്ന് കരുതിയാല്‍ മതി. ആ റിമാന്‍ഡ് കാലയളവ് ഒരാളെ കൂടുതല്‍ ശക്തനാക്കുകയേ ഉള്ളൂ' - ഗ്രാലന്‍ വാദിച്ചു. ജുഡീഷ്യല്‍ റിമാന്‍ഡും ശിക്ഷാകാലയളവും (Conviction) തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും, ജനങ്ങള്‍ ഇതിനെ തെറ്റായി കാണുന്നത് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇമേജ് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അകത്ത് കിടക്കുന്നവനേ വേദന അറിയൂ'

ഗ്രാലന്റെ ഈ 'കാല്‍പ്പനിക' വാദത്തെ രാഹുല്‍ ഈശ്വര്‍ ശക്തമായി എതിര്‍ത്തു. എന്നെങ്കിലും ജയിലില്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ച രാഹുല്‍, പുറത്തുനിന്ന് തത്വം പറയാന്‍ എളുപ്പമാണെന്നും അകത്തു കിടക്കുന്നവനേ അതിന്റെ ബുദ്ധിമുട്ട് അറിയൂ എന്നും തിരിച്ചടിച്ചു.

കൗതുകകരമായ വാദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

അഡ്വ. റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍: ഞാന്‍ പറയുന്നത് ഇത് ഒരുപുതിയ സംവിധാനം വേണം, പുരുഷ കമ്മീഷന്‍ വേണമെന്നല്ല. ഇവിടെ നല്ല നിയമ വ്യവസ്ഥയില്‍, ഒരു സ്ത്രീയുടെ വ്യാജ പരാതി കിട്ടിയാല്‍, ഒരു ജുഡീഷ്യല്‍ റിമാന്‍ഡില്‍, 14 ദിവസത്തെയോ, 30 ദിവസത്തെയോ, അത് ജയില്‍ സന്ദര്‍ശനമേ ആയിക്കാണേണ്ടതില്ല, ഇവിടുത്തെ മാധ്യമങ്ങള്‍ക്കൊരു പങ്കുണ്ട്. we are the guest of the magistrate, we are just going for a judicial remand...ആ റിമാന്‍ഡ് കാലയളവില്‍, കൂടുതല്‍ ശക്തരാകാം...

എപ്പോഴെങ്കിലും ജയിലില്‍ കിടന്നിട്ടുണ്ടോ എന്ന് രാഹുല്‍ ഈശ്വറിന്റെ ചോദ്യം, അങ്ങനെ ഗസ്റ്റ് ഓഫ് ദ മജിസ്ട്രറ്റ് ആയിട്ട്? വെളിയില്‍ നിന്ന് തത്വം പറയാം. അകത്ത് കിടക്കുന്നവേ വേദന അറിയൂ എന്നും രാഹുല്‍.

ഗ്രാലന്‍: ഞാന്‍ പറയുന്നു, ഞാന്‍ മുന്‍പ് കണ്ടതിനേക്കാള്‍, സുന്ദരനും സുമുഖനുമായാണ് ജയിലില്‍ നിന്ന് രാഹുല്‍ പുറത്തിറങ്ങിയപ്പോള്‍.

അതുജയിലില്‍ കിടന്നതിന്റെ സൗന്ദര്യമാണോയെന്ന് ശ്രീകണ്ഠന്‍ നായര്‍

അദ്ദേഹത്തിന്റെ കാല്‍പ്പനികത കൊള്ളാമെന്ന് രാഹുല്‍ ഈശ്വര്‍

ഗ്രാലന്‍: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്, judicial remand is different from conviction in jail.കുറ്റവാളിയാണ് പറഞ്ഞുകൊണ്ടുളള ശിക്ഷാകാലളയവല്ല

രാഹുല്‍ ഈശ്വര്‍: അദ്ദേഹത്തെ പാണ്ഡിത്യത്തെ അംഗീകരിക്കുന്നു, പക്ഷേ ഒരുദിവസം പോലും ജയിലില്‍ കിടക്കാത്തോണ്ടാണ്..14 ദിവസം ഗസ്റ്റ് ഓഫ് ദ മജിസ്‌ട്രേറ്റ് ആണെന്നൊക്കെ പറയുന്നത്, അങ്ങനെ കിടക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.

ഗ്രാലന്‍: അങ്ങനെയാണെങ്കില്‍, ജയില്‍ സംവിധാനങ്ങളാണ് മാറ്റേണ്ടത്.

പക്ഷേ, എന്തിനാണ് 14 ദിവസം മനുഷ്യന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്....അങ്ങനെയാണെങ്കില്‍, വ്യാജ പരാതി കൊടുത്ത സ്ത്രീ ഗസ്റ്റ് ഓഫ് ദ മജിസ്‌ട്രേറ്റ് ആയി കിടക്കട്ടെയെന്ന് രാഹുല്‍