ജോർജിയ: അമേരിക്കയിൽ വ്യാജ തട്ടിക്കൊണ്ടുപോകൽ കേസിൽ ആറ് ആഴ്ചയോളം ജയിലിൽ കഴിയേണ്ടിവന്ന ഇന്ത്യൻ വംശജനായ മഹേന്ദ്ര പട്ടേൽ, 226 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോലീസിനും കേസ് നൽകിയ യുവതിക്കും പ്രോസിക്യൂട്ടർമാർക്കുമെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. നിരപരാധിത്വം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിൻ്റെ ഈ നീക്കം.

ജോർജിയയിലെ അക്വർത്തിലുള്ള വാൾമാർട്ടിൽ വെച്ച് തൻ്റെ രണ്ട് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ മഹേന്ദ്ര പട്ടേൽ ശ്രമിച്ചുവെന്ന് ആരോപിച്ച് കരോലിൻ മില്ലർ എന്ന യുവതി നൽകിയ പരാതിയിലാണ് കേസിനാസ്പദമായ സംഭവം. 2025 മാർച്ചിലാണ് ഇത് നടന്നത്. ദിവസങ്ങൾക്ക് ശേഷം, 2025 മാർച്ച് 24-ന് 57-കാരനായ മഹേന്ദ്ര പട്ടേലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ആറ് ആഴ്ചയോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യുമ്പോൾ തന്നെ ഇതൊരു വ്യാജ കേസാണെന്ന് പട്ടേൽ വാദിച്ചെങ്കിലും പോലീസും പ്രോസിക്യൂട്ടറും അദ്ദേഹത്തെ കേൾക്കാൻ തയ്യാറായില്ലെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി.

വേദനാസംഹാരിയായ ടൈലനോൾ വാങ്ങാനാണ് അന്ന് താൻ വാൾമാർട്ടിൽ പോയതെന്നാണ് മഹേന്ദ്ര പട്ടേൽ പറഞ്ഞിരുന്നത്. വാൾമാർട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഈ വാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു. ഷോപ്പിംഗിനിടെ കരോലിൻ മില്ലറിനോട് ടൈലനോൾ എവിടെ കിട്ടുമെന്ന് ചോദിക്കുന്ന പട്ടേലിനെയും, ഈ സമയം താഴേക്ക് വീഴാൻ പോയ മില്ലറിൻ്റെ രണ്ട് വയസുകാരനായ കുട്ടിയെ പിടിച്ചുയർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് അദ്ദേഹം നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയ ശേഷമാണ് പട്ടേലിനെ വിട്ടയച്ചത്.

പ്രോസിക്യൂട്ടർമാർ അടക്കമുള്ളവർ തൻ്റെ നിരപരാധിത്വം ആദ്യം അറിയിച്ചിട്ടും ജയിലിൽ അടയ്ക്കാൻ തിടുക്കം കാട്ടിയെന്നും പട്ടേൽ ആരോപിച്ചു. ജയിലിൽ കഴിഞ്ഞിരുന്ന കാലം ഇന്നും തന്നെ ഒരു പേടിസ്വപ്നം പോലെ വേട്ടയാടുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് തൻ്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമപോരാട്ടത്തിലൂടെ തനിക്ക് സംഭവിച്ച നഷ്ടങ്ങൾക്കും മാനസികാഘാതത്തിനും ഉചിതമായ പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹേന്ദ്ര പട്ടേൽ.