കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും. റോഡപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കുഞ്ഞ് ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആയി മാറി ആലിന്‍ ഷെറിന്‍.

എറണാകുളം അമൃത ആശുപത്രിയില്‍ വച്ച് മസ്തിഷ്‌കമരണം സംഭവിച്ച ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ അബ്രഹാമിന്റെയും ഷെറിന്റെയും മകളാണ് ആലിന്‍ ഷെറിന്‍ അബ്രഹാം. റോഡപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്.

വൃക്കയും, കരളും, ഹൃദയ വാല്‍വുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും. ഇരു വൃക്കകളും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസുകാരിക്ക് നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കാണ് കരള്‍ ദാനം ചെയ്യുന്നത്. ഹൃദയവാല്‍വുകള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ദാനം ചെയ്യും. കൊച്ചിയില്‍ നിന്നും റോഡുമാര്‍ഗമാണ് അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്.

വേര്‍പാടിന്റെ വേദനയിലും 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കുമെന്നും തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.