ടെല്‍ അവീവ്: ഇന്ന് വാലന്റൈന്‍സ് ദിനമാണ്. പ്രണയിക്കുന്നവര്‍ക്ക് തങ്ങളുടെ സ്‌നേഹം പങ്കുവെക്കാനും, മറ്റുള്ളവര്‍ക്ക് പ്രണയാഭ്യര്‍ത്ഥന നടത്താനുമുള്ള ദിനമാണെങ്കില്‍ ഇസ്രയേലി യുവതിയായ അര്‍ബെല്‍ യെഹൂദിന് തന്റെ പ്രണയം അതിജീവനത്തിന് കരുത്തായ കഥയാണ് ഈ ദിനത്തില്‍ പറയാനുള്ളത്. ഗാസയില്‍ ഹമാസിന്റെ തടവില്‍ 482 ദിവസത്തെ ദുരിതജീവിതം നയിച്ചതിനെക്കുറിച്ചുള്ള അനുഭവമാണ് അവര്‍ ലോകത്തോട് വെളിപ്പെടുത്തിയത്. അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍, ജീവിതത്തില്‍ പ്രതീക്ഷ നല്‍കിയത് കാമുകനായ ഏരിയലിനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.

ലൈംഗികവും ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് താന്‍ 'ഏകദേശം എല്ലാ ദിവസവും' ഇരയായെന്ന് ജനുവരി 30, 2025-ന് മോചിതയായ അര്‍ബെല്‍ തുറന്നുപറഞ്ഞു. കാമുകന്‍ ഏരിയല്‍ കുനിയോയോടുള്ള (28) സ്‌നേഹമാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹമാസ് ഭീകരരുടെ ആക്രോശങ്ങള്‍ക്കിടയിലൂടെ വിറയ്ക്കുന്ന മുഖവുമായി മോചിപ്പിക്കപ്പെടാനായി നടന്നുപോകുന്ന അര്‍ബെല്‍ യെഹൂദിന്റെ ദൃശ്യങ്ങള്‍ ലോകം കണ്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ താന്‍ അനുഭവിച്ച ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്താന്‍ മുപ്പതുകാരിയായ അര്‍ബെല്‍ ഇപ്പോള്‍ മാത്രമാണ് മാനസികമായി കരുത്ത് വീണ്ടെടുത്തത്.




സഹതടവുകാരിയായിരുന്ന 25 വയസ്സുകാരി റോമി ഗോനെന്‍ താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ധീരമായി വെളിപ്പെടുത്തിയത് കണ്ടതാണ് അര്‍ബെലിനും സംസാരിക്കാന്‍ പ്രേരണയായത്. ഒറ്റപ്പെട്ട നിലയില്‍ പാര്‍പ്പിക്കപ്പെട്ട തടവറയിലെ അനുഭവങ്ങള്‍ അത്രമേല്‍ ഭയാനകമായിരുന്നു. ജീവിതം മതിയായ അവള്‍ പലതവണ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

'മൂന്ന് തവണ ഞാന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു,' അര്‍ബെല്‍ പറയുന്നു. 'ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി. ആത്മഹത്യ മാത്രമാണ് ഏക പോംവഴിയെന്ന് കരുതിയ നിമിഷങ്ങളുണ്ടായിരുന്നു.' എന്നാല്‍ ഒന്നിച്ച് തട്ടിക്കൊണ്ടുപോയ ശേഷം തന്നില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട കാമുകന്‍ ഏരിയല്‍ കുനിയോയോടുള്ള (28 വയസ്സ്) സ്‌നേഹമാണ് അവളെ ജീവനോടെ നിലനിര്‍ത്തിയത്. 'ഓരോ തവണയും ഞാന്‍ ഏരിയലിനെ ഓര്‍ത്തു, അത് എനിക്ക് ശ്വാസം നിലനിര്‍ത്താനുള്ള കരുത്ത് നല്‍കി,' തന്റെ ആത്മഹത്യാ ചിന്തകളെക്കുറിച്ച് അവള്‍ പറയുന്നു.

താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അര്‍ബെല്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, ഏകാന്ത തടവില്‍ പാര്‍പ്പിക്കപ്പെട്ടതിനെക്കുറിച്ചും, പട്ടിണിക്കിട്ടതിനെക്കുറിച്ചും, മാനസികവും ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങളെക്കുറിച്ചും അവള്‍ വെളിപ്പെടുത്തുന്നു. മര്‍ദ്ദനത്തില്‍ അവളുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. എല്ലാറ്റിനുമുപരിയായി, തന്റെ പ്രണയത്തില്‍ നിന്നുള്ള വേര്‍പിരിയലായിരുന്നു അവളെ ഏറ്റവും കൂടുതല്‍ നിരാശയിലാഴ്ത്തിയത്. തടവിലായിരുന്ന ആദ്യ മാസങ്ങളില്‍ കാവല്‍ക്കാര്‍ പിടികൂടുന്നത് വരെ ഇരുവരും പ്രണയലേഖനങ്ങള്‍ രഹസ്യമായി കൈമാറിയിരുന്നു.




കഴിഞ്ഞ വര്‍ഷം ജനുവരി 30-ന് അവള്‍ മോചിതയായപ്പോള്‍, തോക്കുധാരികളായ ഭീകരരേക്കാള്‍ അധികമായി അവളെ ഭയപ്പെടുത്തിയത് കാമുകന്‍ ഏരിയലിനെ ഗാസയില്‍ ഉപേക്ഷിച്ച് പോകേണ്ടി വരുന്നു എന്ന തിരിച്ചറിവായിരുന്നു. അവന്റെ മോചനത്തിനായി ലോകമെമ്പാടും സഞ്ചരിച്ച് പ്രചാരണം നടത്തിയതിന് ശേഷം, ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13-ന് ഏരിയല്‍ മോചിതനായി. തങ്ങളുടെ അപൂര്‍വ്വമായ പ്രണയം എങ്ങനെയാണ് 15 മാസത്തെ ആ നരകയാതനകളില്‍ നിന്ന് തങ്ങളെ കരകയറ്റിയതെന്ന് അര്‍ബെലും ഏരിയലും ഇപ്പോള്‍ വിശദീകരിക്കുന്നു.

തടവിലാക്കപ്പെട്ട ആദ്യ ആഴ്ചകളില്‍ മൂന്ന് പുരുഷന്മാരാല്‍ താന്‍ ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയ റോമിയുടെ ധീരതയെ ഏരിയല്‍ അഭിനന്ദിച്ചു. 'മടങ്ങിയെത്തിയ ശേഷം, മറ്റ് അതിജീവിച്ചവരുടെ കഥകള്‍ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല,' ഏരിയല്‍ പറയുന്നു. 2018 മുതല്‍ കിബ്ബട്ട്‌സ് നിര്‍ ഓസില്‍ 'മര്‍ഫ്' എന്ന് പേരുള്ള രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയോടൊപ്പം ശാന്തമായ ജീവിതം നയിക്കുകയായിരുന്നു അര്‍ബെലും ഏരിയലും. വിവാഹം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുള്ള ആ ഗ്രഹങ്ങലും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ന്റെ പ്രഭാതത്തില്‍ എല്ലാം മാറിമറിഞ്ഞു.

ഹമാസ് ഭീകരരില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ബെലും ഏരിയലും തങ്ങളുടെ നായക്കുട്ടി മര്‍ഫിനൊപ്പം കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. 'അവള്‍ കുരയ്ക്കാതിരിക്കാന്‍ ഞാന്‍ അവളുടെ വായ പൊത്തിപ്പിടിച്ചു... പക്ഷേ അത് ഫലം കണ്ടില്ല,' അര്‍ബെല്‍ പറഞ്ഞു. 'അവര്‍ ഞങ്ങളെ കണ്ടെത്തി, പുറത്തേക്ക് വലിച്ചിഴച്ചു, ഞങ്ങളുടെ മുന്നിലിട്ട് മര്‍ഫിനെ വെടിവെച്ചു. മരിക്കുന്നത് വരെ അവളുടെ നിലവിളി ഞങ്ങള്‍ കേട്ടു.'

അര്‍ബെലിന് ക്രൂരമായ മര്‍ദ്ദനമേറ്റു. ഏരിയലിന്റെ തലയ്ക്ക് കനത്ത ആയുധങ്ങള്‍ കൊണ്ട് പരിക്കേറ്റു, ചോര വാര്‍ന്നു. ഏരിയലിന്റെ സഹോദരന്‍ ഡേവിഡ്, ഭാര്യ ഷാരോണ്‍, അവരുടെ കുട്ടികള്‍ എന്നിവരെയും ബന്ദികളാക്കി കൊണ്ടുപോയി. അര്‍ബെലിന്റെ സഹോദരന്‍ ദോലേവിനെ കാണാതാവുകയും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു; ഇത് തന്നെ തകര്‍ത്തുകളഞ്ഞുവെന്ന് അവള്‍ പറയുന്നു.

ഗാസയിലെത്തി മൂന്ന് മണിക്കൂറിന് ശേഷം അവരെ രണ്ടുപേരെയും രണ്ട് ഒളിത്താവളങ്ങളിലേക്ക് മാറ്റി. ഇത് താല്‍ക്കാലികമായിരിക്കുമെന്ന് അവര്‍ രണ്ടുപേരും വിശ്വസിച്ചു. പരസ്പരം ബന്ധം നിലനിര്‍ത്തുന്നതിലാണ് തങ്ങളുടെ അതിജീവനം എന്ന് അവര്‍ കരുതി.

'അവളെക്കുറിച്ച് ചോദിച്ച് ഞാന്‍ അവരെ ഭ്രാന്ത് പിടിപ്പിച്ചു,' ഏരിയല്‍ പറയുന്നു. 'എനിക്ക് അവളെ കേള്‍ക്കണമായിരുന്നു. എനിക്ക് അവളെ കാണണമായിരുന്നു. എന്തെങ്കിലും വിവരം നല്‍കാതെ ഞാന്‍ അടങ്ങില്ലെന്ന് അവര്‍ക്ക് മനസ്സിലായി. ഒടുവില്‍ പരസ്പരം കത്തുകളെഴുതാന്‍ അവര്‍ സമ്മതിച്ചു, സന്ദേശവാഹകര്‍ വഴി അവര്‍ അത് കൈമാറി,' അര്‍ബെല്‍ പറയുന്നു. ആ സന്ദേശങ്ങള്‍ ചെറുതെങ്കിലും അതീവ ശക്തമായിരുന്നു: 'എനിക്ക് കുഴപ്പമില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. കരുത്തോടെയിരിക്കുക.' എന്നായിരുന്നു ആ സന്ദേശങ്ങള്‍.

എന്റെ അഭിപ്രായത്തില്‍, ഞങ്ങളില്‍ നിന്ന് കൂടുതല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനാണ് അവര്‍ ഇത് ചെയ്തത്. ഒപ്പം ഞങ്ങളെ നിശബ്ദരാക്കാനും അവര്‍ ആഗ്രഹിച്ചിരുന്നു. ആ കത്തുകള്‍ എനിക്ക് വലിയ കരുത്ത് നല്‍കി,' ഏരിയല്‍ പറഞ്ഞു. എന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് നിലച്ചു. 'ഇനി ഒരിക്കല്‍ കൂടി എന്റെ പേര് ഉച്ചരിച്ചാല്‍ അര്‍ബെലിനെ കൊല്ലുമെന്ന് അവര്‍ ഏരിയലിനെ ഭീഷണിപ്പെടുത്തി.'

മാനസികമായ ആഘാതം താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. പരസ്പരം വേര്‍പിരിക്കപ്പെട്ട അവസ്ഥ, അവള്‍ക്ക് സുഖമാണോ എന്ന് പോലും അറിയാത്ത സാഹചര്യം... ചിലപ്പോഴൊക്കെ എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നുമായിരുന്നു. ആ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഞാന്‍ വട്ടം കറങ്ങുകയും തല ഭിത്തിയിലിടിക്കുകയും ചെയ്യുമായിരുന്നു,' അര്‍ബെല്‍ പറയുന്നു.

തടവറയില്‍ പീഡനങ്ങള്‍ക്ക് പുറമെ ചോദ്യം ചെയ്യലുകള്‍ക്കും, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കും, പട്ടിണിയ്ക്കും അര്‍ബെല്‍ ഇരയായി. അഭയാര്‍ത്ഥി ക്യാമ്പുകളിലായിരുന്നു അവളെ പാര്‍പ്പിച്ചിരുന്നത്. അവരെ വില്‍ക്കുന്നതിനെക്കുറിച്ചോ ഗാസയ്ക്ക് പുറത്തേക്ക് കടത്തുന്നതിനെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ അവിടെ നടന്നിരുന്നു. അര്‍ബെലാണ് ആദ്യം മോചിതയായത്. നൂറുകണക്കിന് ഭീകരര്‍ തടിച്ചുകൂടിയ ഒരു ആള്‍ക്കൂട്ടത്തിന് നടുവിലേക്കാണ് അവള്‍ ഒറ്റയ്ക്ക് എത്തിയത്. 738 ദിവസത്തെ തടവിനൊടുവിലാണ് ഏരിയല്‍ മോചിതനായത്.

ഇരുവരും ഇപ്പോള്‍ സ്വതന്ത്രരാണെങ്കിലും ഹമാസ് തടവറയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങള്‍ അവര്‍ക്ക് വലിയ മാനസികാഘാതമാണ് നല്‍കിയത്. നിര്‍ ഓസിലെ അവരുടെ വീട് തകര്‍ന്നുപോയി. അവര്‍ക്ക് മടങ്ങിപ്പോകാന്‍ ഒരിടവുമില്ല. പക്ഷേ അവര്‍ക്ക് ഇപ്പോള്‍ പരസ്പരം തുണയുണ്ട്. ഈ കരുത്തില്‍ അവര്‍ ജീവിതം മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിലാണ്.