- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജന്മനാ കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ ബാധിച്ച കുരുന്നിന് പുതുജീവനേകി ആലിന്‍ ഷെറിന്റെ കരള്‍; ഇന്നലെ രാത്രി പത്തരയോടെ ആരംഭിച്ച ശസ്ത്രക്രിയ പൂര്‍ത്തിയായത് ആറുമണിയോടെ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ കരള്‍ ആറുമാസം പ്രായമുള്ള കുഞ്ഞില്‍ മാറ്റിവച്ച ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ പുലര്‍ച്ചെ ആറ് മണിയോടെ പൂര്‍ത്തിയായെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര സ്വദേശികളായ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകളാണ് കരള്‍ സ്വീകരിച്ചത്. കരള്‍ സ്വീകരിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി പത്തരയോടെ ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് പൂര്‍ത്തിയായത്.
മാറ്റിവച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളില്‍ നല്ല പുരോഗതി കാണുന്നുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ ശസ്ത്രക്രിയ വലിയ വിജയമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കരള്‍ സ്വീകര്‍ത്താക്കളില്‍ ഒരാളാണ് ഈ കുഞ്ഞ്. ജന്മനാ കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ എന്ന ഗുരുതര രോഗം ബാധിച്ച നിലയിലായിരുന്നു കുഞ്ഞ്. കരള്‍ മാറ്റിവയ്ക്കുക എന്നതല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് ആലിന്‍ ഷെറിന്റെ മാതാപിതാക്കളുടെ തീരുമാനം ഈ കുഞ്ഞിന് പുനര്‍ജന്മമായത്.
കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍. 10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയില്‍ അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് ദാനം ചെയ്തത്. മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് രണ്ട് വൃക്കകള്‍ നല്‍കിയത്.
ഫെബ്രുവരി 5ന് ഉച്ചയ്ക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുക ആയിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി 7ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയുമായിരുന്നു.
സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ആലിന്‍ ഷെറിനെ യാത്രയാക്കുക. സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്. ആലിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍ അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃകയാണ് സൃഷ്ടിച്ചെതെന്നും മുഖ്യമന്ത്രി പറഞ്ഞു.


