- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുഞ്ഞ് ആലിന്‍ കേരളം ഇന്ന് വിട നല്‍കും; ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്കാന് സംസ്ഥാന സര്‍ക്കാര്‍: സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് പത്തനംതിട്ടയില്‍: അഞ്ച് കുരുന്നുകള്‍ക്ക് പുതുജീവന്‍ നല്‍കി പൊന്നോമനയുടെ മടക്കം
കുഞ്ഞ് ആലിന്‍ കേരളം ഇന്ന് വിട നല്‍കും

പത്തനംതിട്ട: അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള കുരുന്ന് ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിട നല്‍കും. ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ട നെടുങ്ങടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും കേരളം പ്രിയപ്പെട്ട കുഞ്ഞാലിന് യാത്രാമൊഴിയേകുന്നത്. ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് 3.30നാണ് കുഞ്ഞു മാലാഖക്ക് വിട നല്‍കുക.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ കരള്‍, വൃക്കകള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. മകളുടെ വേര്‍പാടിന്റെ തീരാവേദനയ്ക്കിടയിലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാനായി അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. കുഞ്ഞാലില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ആലിന്‍ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.


