- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓടിയെത്തിയ യാത്രക്കാരനെ കണ്ട് ഓട്ടോ ഡ്രൈവര്‍ ആദ്യം ഞെട്ടി! പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകി; ഓട്ടോറിക്ഷയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രാമനിലയത്തിലേക്ക് മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. സ്വരാജ് റൗണ്ട് മുതല്‍ രാമനിലയം വരെയാണ് കേന്ദ്രമന്ത്രിയുടെ ഓട്ടോറിക്ഷ സവാരി. ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം മുന്നില്‍ കയറിയതില്‍ എംവിഡിയുടെ പിഴയ്ക്കുള്‍പ്പെടെ സാധ്യത തെളിയുന്നുണ്ടെന്ന ചര്‍ച്ചകളും സജീവമാണ്. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയില്‍ കയറിയിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് ചര്‍ച്ചയാകുന്നുണ്ട്.
ഇതിന് മുമ്പും ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി യാത്ര ചെയ്യേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടണ്ട്. ഹരിപ്പാട് മണ്ണാറശാല ക്ഷേത്രത്തിലെ പുരസ്‌കാര ദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു സമാനമായ സാഹചര്യം ഉണ്ടായത്. മുഖ്യാത്ഥിതിയായി പരിപാടിയില്‍ പങ്കെടുത്തതിനു സേവഭാരതിയുടെ സ്റ്റാളും ഉദ്ഘാടനം ചെയ്ത് തിരികെ പോകാനായി വാഹനം പാര്‍ക്ക് ചെയ്ത ഇടത്തേക്ക് സുരേഷ് ഗോപി എത്തിയത്. എന്നാല്‍ ഈ സമയത്ത് പാര്‍ക്ക് ചെയ്തിടത്ത് വാഹനം കാണാനില്ലായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിനായി കുറച്ച് നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് സമീപത്തെ ഓട്ടോ സ്റ്റാന്റില്‍ നിന്ന് ഓട്ടോ വരുത്തി അതില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പോലീസുകാര്‍ ഔദ്യോഗിക വാഹനം കണ്ടെത്തി സുരേഷ് ഗോപി സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് പിന്നാലെയെത്തി. ഇതോടെ സുരേഷ് ഗോപി ഓട്ടോയില്‍ നിന്നും ഇറങ്ങി ഔദ്യോഗിക വാഹനത്തില്‍ കയറി കുമരകത്തേക്ക് പോകുകയും ചെയ്തു.


