കൊല്ലം: കുണ്ടറയിലെ കശുവണ്ടി ഫാക്ടറിയില്‍ വെച്ച് തന്നെ തടയാന്‍ ശ്രമിച്ചത് സി.പി.എം ആസൂത്രണം ചെയ്ത ഒരു നാടകമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. തന്നെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകയാണെന്നും അവര്‍ പറഞ്ഞത് സ്‌ക്രിപ്റ്റഡ് ആണെന്ന് മനസിലായെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. കോണ്‍ഗ്രസുകാരിയായ തൊഴിലാളി എം.എല്‍.എയെ തടഞ്ഞു എന്ന രീതിയില്‍ സി.പി.എം ജില്ലാ കമ്മിറ്റിയുടെയും പ്രമുഖ നേതാക്കളുടെയും ഫേസ്ബുക്ക് പേജുകളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന് ശേഷം താന്‍ വീണ്ടും ഫാക്ടറിയില്‍ ചെന്നപ്പോള്‍, മറ്റ് തൊഴിലാളികള്‍ തന്നോട് സംസാരിച്ചുവെന്നും രാഷ്ട്രീയ പ്രേരിതമായി നടന്ന ആ സംഭവത്തില്‍ അവര്‍ ക്ഷമ ചോദിച്ചുവെന്നും എം.എല്‍.എ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പത്ത് വര്‍ഷം പഴക്കമുള്ള ഇത്തരം നാടകങ്ങള്‍ സി.പി.എം ഒഴിവാക്കണമെന്നും സ്‌ക്രിപ്റ്റുകള്‍ പുതുക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൊറ്റംകര കശുവണ്ടി ഫാക്ടറിയില്‍ തൊഴിലാളികള്‍ തടഞ്ഞുവെന്ന് സിപിഎം പ്രചരിപ്പിച്ചതിനു മറുപടിയുമായാണ് എംഎല്‍എ തന്നെ രംഗത്ത് വന്നത്.

തന്നെ തടഞ്ഞ സ്ത്രീ സ്വയം ഒരു കോണ്‍ഗ്രസുകാരിയാണെന്ന് അവകാശപ്പെട്ടാണ് സംസാരിച്ചു തുടങ്ങിയത്. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതിനെക്കുറിച്ചും മറ്റും അവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതൊരു മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ ആണെന്ന് തനിക്ക് മനസ്സിലായെന്ന് എം.എല്‍.എ പറഞ്ഞു. ഫാക്ടറിയില്‍ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് സംഭവം.

തന്നെ തടഞ്ഞ സ്ത്രീയുടെ മകള്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊറ്റങ്കരയിലെ ഒരു വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അവരുടെ മകന്‍ അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും വിഷ്ണുനാഥ് വെളിപ്പെടുത്തി. താന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പെരുന്നാട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിജോയുടെ നേതൃത്വത്തില്‍ രണ്ട് യുവാക്കള്‍ ഇത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

കൊറ്റങ്കരയിലെ ഒരു കശുവണ്ടി ഫാക്ടറിയില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എയെ ഒരു തൊഴിലാളി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എം പഴയ തിരക്കഥകള്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പി സി വിഷ്ണുനാഥ് വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കാലമായാല്‍ ചിലര്‍ക്ക് പെട്ടെന്ന് ഒരു 'ബോധോദയം' ഉണ്ടാകാറുണ്ട്. നമ്മുടെ കുണ്ടറ എം.എല്‍.എ പി.സി. വിഷ്ണുനാഥിനും സംഭവിച്ചത് മറ്റൊന്നുമല്ല. അഞ്ചു വര്‍ഷം മഷിയിട്ടു നോക്കിയാല്‍ പോലും മണ്ഡലത്തില്‍ കാണാത്ത എം.എല്‍.എ, വോട്ട് പെട്ടി അടുത്തെത്തിയപ്പോള്‍ കശുവണ്ടി തൊഴിലാളികളെ സ്‌നേഹിക്കാന്‍ ഓടിയെത്തിയെന്നായിരുന്നു സിപിഎം സൈബര്‍ വിഭാഗം പ്രചരിപ്പിച്ചത്.

ജനങ്ങളെ സേവിക്കാന്‍ ഒരു 'മെഡിക്കല്‍ ക്യാമ്പ്' നാടകവുമായാണ് സാര്‍ എത്തിയത്. പക്ഷേ, സ്വന്തം പാര്‍ട്ടിക്കാരായ കശുവണ്ടി തൊഴിലാളികള്‍ തന്നെ പണി കൊടുത്തു. ''ജയിച്ചു പോയ ശേഷം ഇപ്പോഴാണല്ലോ സാറേ ഞങ്ങളെ തിരക്കി വരുന്നത്?'' എന്ന ആ തൊഴിലാളിയുടെ ചോദ്യത്തിന് മുന്നില്‍ എം.എല്‍.എയുടെ സകല ഗ്ലാമറും ഇല്ലാതായി. സാറിന്റെ മുഖം തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ കാണാറുള്ളൂ എന്ന 'ചുട്ട മറുപടി' കേട്ട് ചുറ്റുമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആകെ പരിഭ്രമമായി.

പിന്നെ കണ്ടത് ഒരു പഴയ തന്ത്രമാണ്. തൊഴിലാളി കുടിവെള്ളമില്ലെന്ന് പരാതി പറഞ്ഞപ്പോള്‍, അതിന് പരിഹാരം കാണുന്നതിന് പകരം ശബരിമലയിലെ സ്വര്‍ണ്ണമോഷണ കഥ പറഞ്ഞു വിഷയം മാറ്റാനാണ് എം.എല്‍.എയും സംഘവും നോക്കിയത്. കുടിക്കാന്‍ വെള്ളം ചോദിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ കഥ പറയുന്നത് എന്ത് തരം ലോജിക് ആണെന്ന് മാത്രം പാവം തൊഴിലാളികള്‍ക്ക് മനസ്സിലായില്ല. പരാതി പറഞ്ഞ പെങ്ങളോട് 'സോപ്പിട്ട്' കാര്യങ്ങള്‍ ഒതുക്കാന്‍ നോക്കിയെങ്കിലും, നേതാക്കളുടെ കണ്ണുരുട്ടലും വിരട്ടലും അവിടെ ഏശിയില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്.