ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകവും രഹസ്യ സ്വഭാവമുള്ളതുമായ 2025 മേയില്‍ നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' പാക്കിസ്ഥാനിലെ കിരാന ഹില്‍സ് ആണവ സംഭരണശാലയില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചിരുന്നുവെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര വ്യോമയാനവിദഗ്ധന്‍ ടോം കൂപ്പറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിനിടെയാണ് ഈ ആക്രമണം നടന്നതെന്നും ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. പാക്കിസ്ഥാന്റെ ആണവ ശേഷിയുടെ മുനയൊടിച്ച കൃത്യമായ പ്ലാനിംഗോടെയുള്ള മിസൈലാക്രമണമായിരുന്നുവെന്നാണ് ടോം കൂപ്പറിന്റെ വെളിപ്പെടുത്തലുകള്‍.

പാക്കിസ്ഥാന്റെ 'ആണവ ഹൃദയത്തിന്' നല്‍കിയ പ്രഹരം

പാക്കിസ്ഥാന്റെ ആണവായുധ സംഭരണശാലകളില്‍ പ്രധാനപ്പെട്ട ഒന്നായ കിരാന ഹില്‍സിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. 2025 മേയ് 10-നായിരുന്നു ലോകത്തെ അമ്പരപ്പിച്ച ഈ മിസൈലാക്രമണം നടന്നത്. പാക്കിസ്ഥാന്റെ പ്രത്യാക്രമണ ശേഷി തകര്‍ക്കുന്നതിനായി അവരുടെ 4091-ാം സ്‌ക്വാഡ്രന്റെ റഡാര്‍ സ്റ്റേഷന്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ, കിരാന ഹില്‍സിലെ ഭൂഗര്‍ഭ സംഭരണശാലയുടെ രണ്ട് പ്രധാന പ്രവേശന കവാടങ്ങളില്‍ ഇന്ത്യ മിസൈലുകള്‍ വര്‍ഷിച്ചു. മലനിരകളില്‍ മിസൈലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും റഡാര്‍ സ്റ്റേഷനില്‍ നിന്നുള്ള പുകയും ഇതിന് കൃത്യമായ തെളിവുകളാണെന്ന് ടോം കൂപ്പര്‍ അവകാശപ്പെടുന്നു.

വെറും 88 മണിക്കൂര്‍ നീണ്ടുനിന്ന യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും ഗര്‍ജ്ജനത്തിനൊടുവില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിനായി യാചിക്കേണ്ടി വന്നുവെന്നാണ് കൂപ്പര്‍ നിരീക്ഷിക്കുന്നത്. 'എവിടെയും എപ്പോഴും ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും, അതിരുകടന്നാല്‍ ആണവ കേന്ദ്രങ്ങള്‍ പോലും സുരക്ഷിതമായിരിക്കില്ലെന്നുമുള്ള വ്യക്തമായ സന്ദശമാണ് ഇന്ത്യ നല്‍കിയത്.' - ടോം കൂപ്പര്‍ പറയുന്നു.

ഇന്ത്യയുടെ ആക്രമണത്തെ സാധൂകരിക്കുന്ന ഒന്നിലധികം തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് കൂപ്പര്‍ അവകാശപ്പെട്ടു. മിസൈലുകള്‍ മലനിരകളില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പാക്കിസ്ഥാന്‍ വ്യോമസേനയുടെ 4091-ാം സ്‌ക്വാഡ്രന്റെ റഡാര്‍ സ്റ്റേഷനില്‍ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ വ്യോമസേന ആദ്യം പാക്കിസ്ഥാന്റെ റഡാര്‍ സ്റ്റേഷനുകള്‍ തകര്‍ത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനുശേഷം ഭൂഗര്‍ഭ സംഭരണശാലയുടെ രണ്ട് കവാടങ്ങളില്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. പാക്കിസ്ഥാന്റെ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായാണ് കിരാന ഹില്‍സ് അറിയപ്പെടുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ വ്യക്തമായ വിജയം നേടിയെന്നാണ് കൂപ്പറിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാരണം പാക്കിസ്ഥാന്റെ പ്രത്യാക്രമണമായ 'ഓപ്പറേഷന്‍ ബുന്യാന്‍-ഉന്‍-മര്‍സൂസ്' പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഓപ്പറേഷന്‍ ബുന്യാന്‍-ഉന്‍-മര്‍സൂസ്' പരാജയപ്പെടാന്‍ പ്രധാന കാരണം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആയിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.

എന്നാല്‍ വ്യോമസേനാ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍ പത്രസമ്മേളനത്തില്‍ കിരാന ഹില്‍സ് ആക്രമണത്തെക്കുറിച്ച് അറിവില്ലെന്ന് പറഞ്ഞ് വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ സൈനിക രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിഷേധമെന്നാണ് വിലയിരുത്തപ്പെടുന്നത്.ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പരിഭ്രാന്തരായി അമേരിക്കയെയും ഇന്ത്യയെയും വെടിനിര്‍ത്തലിനായി സമീപിച്ചത് കൂപ്പറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നു. ഇന്ത്യയുടെ അതിശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ 'ഓപ്പറേഷന്‍ ബുന്യാന്‍-ഉന്‍-മര്‍സൂസ്' ദയനീയമായി പരാജയപ്പെട്ടതും ഈ യുദ്ധത്തിലെ ഇന്ത്യന്‍ മേധാവിത്വം വ്യക്തമാക്കുന്നു.

ചിരിയില്‍ ഒളിപ്പിച്ച രഹസ്യം

അതേ സമയം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഓപ്പറേഷന്‍ സിന്ദൂറിലെ നേട്ടങ്ങള്‍ വിവരിച്ചുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിഡിയോ ഉയര്‍ത്തിയ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലെ സൈനിക നടപടിയില്‍ പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള കിരാന ഹില്‍സില്‍ ഇന്ത്യ ആക്രമണം നടത്തിയോ എന്നതാണ് ചര്‍ച്ചകളിലെ ചൂടേറിയ വിഷയം. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞയുടന്‍ ഇന്ത്യന്‍ സേനാവിഭാഗങ്ങളുടെ സംയുക്ത പത്രസമ്മേളനത്തില്‍ കിരാന ഹില്‍സിലെ ആക്രമണം ഇന്ത്യന്‍ വ്യോമസേന പ്രതിനിധി തള്ളിയെങ്കിലും വിഡിയോയിലെ ദൃശ്യങ്ങള്‍ വീണ്ടും ചര്‍ച്ചകളിലേക്ക് കിരാനയെ തിരികെ കൊണ്ടുവരികയാണ്.

കിരാന ഹില്‍സ് മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ സര്‍ഗോധ വ്യോമതാവളം ഇന്ത്യ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനൊപ്പം 'സമാധാനപാലകര്‍' എന്ന തലക്കെട്ടും ഇന്ത്യന്‍ വിമാനങ്ങള്‍ അണിനിരക്കുന്ന വിഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കുകളും കിരാന ഹില്‍സ് ആക്രമിച്ചെന്ന വാദങ്ങള്‍ക്കു ബലം നല്‍കുന്നു. റഫാല്‍, സുഖോയ്, ജാഗ്വര്‍, തേജസ് വിമാനങ്ങളാണ് വ്യോമസേനയുടെ വിഡിയോയില്‍ അണിനിരക്കുന്നത്.

പാക്കിസ്ഥാന്റെ സര്‍ഗോധ വ്യോമതാവളത്തിനോടു ചേര്‍ന്ന് ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണ് കിരാന ഹില്‍സ് എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഈ സ്ഥലം തിരിച്ചറിഞ്ഞു ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാക്കിസ്ഥാനു ആക്രമിക്കുമെന്ന സൂചന നല്‍കിയെന്നാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വേളയിലെ പത്രസമ്മേളനത്തില്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി ചെറുചിരിയോടെയാണ് ഈ ചോദ്യം നേരിട്ടത്. 'അവിടെ ആണവ നിലയങ്ങളുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി, ഞങ്ങള്‍ക്കത് അറിയില്ലായിരുന്നു' എന്നുമാണ് പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത്. ഒപ്പം ഇന്ത്യ ഇവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയ്ക്ക് ശേഷവും മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വ്യോമസേന. വിഡിയോയില്‍ നൂര്‍ഖാന്‍ വ്യോമതാവളവും ഭീകരരുടെ കേന്ദ്രങ്ങളും ആക്രമിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.