കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലന്‍സ് കോടതി. 41 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ രാജീവര് ജയില്‍ മോചിതനാകും. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയില്‍ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ നേരത്തേ വാദം പൂര്‍ത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് എസ്‌ഐടി വാദിച്ചിരുന്നത്. ശബരിമല മോഷണത്തില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവരിനു മുഖ്യപങ്കുണ്ടെന്നും എസ്‌ഐടി വാദിച്ചിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതി വിലയിരുത്തല്‍. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്‌ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാല്‍ തന്ത്രിക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ലെന്നാണ് കോടതി വിലയിരുത്തല്‍.

ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ എസ്‌ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരില്‍ കണക്കില്‍പ്പെടാത്ത വന്‍ നിക്ഷേപം ഉണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍, ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

കേസില്‍ തന്നെ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയര്‍ത്തിയത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് താന്‍ ഇടപെട്ടതെന്നും ബോര്‍ഡിന്റെ മറ്റു കാര്യങ്ങളില്‍ ഇടപെടാന്‍ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ശബരിമല മോഷണക്കേസില്‍ അറസ്റ്റിലായ പോറ്റി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു. അതേസമയം തന്ത്രിക്ക് അറസ്റ്റിലായി 41മത്തെ ദിവസമാണ് ജാമ്യം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കും വാസുവിനും മുരാരി ബാബുവിനും പിന്നാലെയാണ് തന്ത്രി കണ്ഠര് രാജീവര്‍ക്കും ജാമ്യം ലഭിക്കുന്നത്. ജാമ്യം കിട്ടുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി. ജനുവരി 9നാണ് തന്ത്രി അറസ്റ്റിലായത്. 90 ദിവസം ആകുന്നതിന് മുന്‍പ് ജാമ്യം കിട്ടുന്ന രണ്ടാമത്തെ പ്രതിയാണ് തന്ത്രി. നേരത്തെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. കട്ടിളപ്പാളി കേസിലാണ് സ്വാഭാവിക ജാമ്യം തേടിയത്. ദ്വാരപാലക ശില്പ കേസില്‍ 90 ദിവസം ആയിട്ടില്ല. ഫെബ്രുവരി 19ന് വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കും. കെ പി ശങ്കര്‍ദാസിന്റെ രണ്ട് ജാമ്യഹര്‍ജികള്‍ 23ന് പരിഗണിക്കും. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ദാസിന്റെ ജാമ്യഹര്‍ജി.