ന്യൂഡല്‍ഹി: എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോണ്‍ഗ്രസ് നേതൃത്ം കടുത്ത വിമര്‍ശനം തുടരവെ, ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. ഉച്ചകോടി മികച്ചതാണെന്നും വലിയ പരിപാടികളില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാകാമെന്നും തരൂര്‍ പറഞ്ഞു. തരൂരിന് കോണ്‍ഗ്രസ് നേതാക്കളാരും മറുപടി പറഞ്ഞിട്ടില്ല. എ ഐ ഉച്ചകോടി സംഘാടനത്തിലെ പാളിച്ചയും ഗല്‍ഗോട്ടിയാസ് സര്‍വകലാശാലയുടെ ചൈനീസ് റോബോ നായ വരെ ഉന്നയിച്ച് രൂക്ഷവിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതിനിടെ, പതിവുപോലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ രംഗത്തെത്തി. ചെറിയ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാം, എന്നാല്‍ ഉച്ചകോടി വളരെ മികച്ചതെന്നാണ് ശശി തരൂരിന്റെ പ്രതികരണം.

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ എത്തിയത്. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നിരുന്നാലും ഉച്ചകോടി വളരെ മികച്ചതാണെന്നാണ് ശശി തരൂരിന്റെ പ്രതികരണം.

എഐ രംഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാണിച്ചാണ് ശശി തരൂര്‍ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രംഗത്തെ സമീപനത്തില്‍ സര്‍ക്കാരിനൊപ്പമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

എന്നാല്‍, തരൂരിന് മറുപടിയുമായി ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും എത്തിയിട്ടില്ല. ചോദ്യങ്ങളില്‍നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറി. എഐ രംഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉന്നയിച്ചാണ് ശശി തരൂര്‍ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രംഗത്തെ സമീപനത്തില്‍ സര്‍ക്കാരിനൊപ്പമെന്നും പറഞ്ഞുവയ്ക്കുന്നു ശശി തരൂര്‍.

അതേസമയം, എഐ രംഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളര്‍ത്താന്‍ ലക്ഷ്യമിട്ട എഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അംഗീകരിക്കും. എഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുന്‍ഗണനകള്‍ ഏകോപിപ്പിക്കാനും ഇന്നും ചര്‍ച്ചകള്‍ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തും.

വിവിധ ആഗോള ടെക് സ്ഥാപന പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും തുടരും. ഡല്‍ഹിയില്‍ ഇന്നലെ തുടങ്ങിയ ഔദ്യോഗിക ഉച്ചകോടിയില്‍ ഇരുപതിലേറേ രാഷ്ട്രത്തലവന്മാരും ലോകത്തെ എഐ രംഗത്തെ പ്രധാനികളും പങ്കെടുത്തു. എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബില്‍ഗേറ്റ്‌സ് ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയുടെ ഭാഗമായുള്ള എഐ എക്‌സ്‌പോ നാളെയും തുടരും.