- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു കൊലയ്ക്ക് ഒരു ലക്ഷം ഡോളര്‍! റഷ്യന്‍ ജയിലില്‍ നിന്നും റിക്രൂട്ട് ചെയ്ത കൊടുംക്രിമിനലുകള്‍; കൊറിയര്‍ ബോയ്സായി എത്തി യുക്രൈയ്നിലെ ഉന്നതരെ തീര്‍ക്കാന്‍ പ്ലാന്‍; കീവിനെ വിറപ്പിക്കാന്‍ എത്തിയ പുട്ടിന്റെ 'ഹിറ്റ് സ്ക്വാഡ്' കുടുങ്ങി; പത്തംഗ കൊലയാളിപ്പട പിടിയില്‍; ക്രെംലിന്‍ മാസ്റ്റര്‍ പ്ലാന്‍ പൊളിച്ചടുക്കി എസ്.ബി.യു.

കീവ്: യുക്രൈനിലെ പ്രമുഖ വ്യക്തികളെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാന്‍ പദ്ധതിയിട്ട റഷ്യന്‍ ഹിറ്റ് സ്‌ക്വാഡിന്റെ ലക്ഷ്യം തകര്‍ത്തതായി അവകാശപ്പെട്ട് കീവിലെ സുരക്ഷാ സേന. 'എനിഗ്മ 2.0' എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ പത്തംഗ കൊലയാളി സംഘത്തെ അറസ്റ്റ് ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തി. വധിക്കപ്പെടുന്ന വ്യക്തിയുടെ പ്രാധാന്യം അനുസരിച്ച് ഓരോ കൊലപാതകത്തിനും ഏകദേശം ഒരു ലക്ഷം ഡോളര്‍ വരെയാണ് റഷ്യന്‍ ഏജന്റുമാര്‍ ഇതിലെ അംഗങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇരകളെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി കൊറിയര്‍മാരായി വേഷം മാറിയാണ് എത്തിയിരുന്നത്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ലൊക്കേഷനുകള്‍ അടയാളപ്പെടുത്തിയും, വീഡിയോകളും ഫോട്ടോകളും പകര്‍ത്തിയും ഇരകളുടെ സഞ്ചാരപഥങ്ങള്‍ ഇവര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പിടികൂടിയത്. ഇതില്‍ ഏഴ് പേര്‍ യുക്രെയ്നിലും, സംഘത്തലവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാള്‍ഡോവയിലുമാണ് പിടിയിലായത്. മാള്‍ഡോവയിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനായി സുരക്ഷാ സേന ഒരു സേഫ് ഫ്‌ലാറ്റിന്റെ ജനല്‍ തകര്‍ത്ത് അകത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍, തന്ത്രപ്രധാന സ്ഥാപനത്തിന്റെ തലവന്‍, കീവിന്റെ വിദേശ സൈന്യത്തിലെ പോരാളികള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. യുക്രൈന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.യു.ആര്‍.-ന്റെ തന്ത്രപ്രധാന കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്‍ഡ്രി യൂസോവിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിക്രൂട്ട് ചെയ്ത 34 വയസ്സുകാരനായ ഒരു മോള്‍ഡോവന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. റഷ്യയില്‍ തടവില്‍ കഴിയുന്ന സമയത്താണ് ഇയാളെ റിക്രൂട്ട് ചെയ്തത്. ഒരു രഹസ്യ ശൃംഖല കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. സംഘത്തിലെ അംഗങ്ങളെ നിരീക്ഷണ, വധിക്കല്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിച്ചിരുന്നു. അടുത്ത് നിന്ന് വെടിവെച്ചും കാര്‍ ബോംബുകള്‍ ഉപയോഗിച്ചുമാണ് കൊലപാതകങ്ങള്‍ നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നത്. വിനോദസഞ്ചാരികളായി യുക്രൈനില്‍ പ്രവേശിച്ച ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളില്‍ താമസിക്കുകയായിരുന്നു പ്രതികള്‍.പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, ആയുധങ്ങള്‍, വെടിമരുന്നുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തു എന്ന് യുക്രെയ്ന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യന്‍ ഏജന്റുമാരുമായി ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് കുറ്റകൃത്യങ്ങളില്‍ റഷ്യയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
'റഷ്യന്‍ ഹാന്‍ഡ്ലര്‍മാരുമായി (നിയന്ത്രിക്കുന്നവര്‍) ഇവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്; കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിച്ചത് റഷ്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണിവ. ക്രെംലിന്‍ അനുകൂലികളായ, പ്രധാനമായും സൈനിക പശ്ചാത്തലമുള്ള 'സമാന ചിന്താഗതിക്കാരായ' ആളുകളെ ഉള്‍പ്പെടുത്തിയാണ് ഈ കൊലയാളി സംഘത്തെ രൂപീകരിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഘത്തലവന്‍ എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി, അയാളുടെ രണ്ട് ഏജന്റുമാര്‍, കൂടാതെ യുക്രെയ്ന്‍, യൂറോപ്യന്‍ യൂണിയന്‍, റഷ്യന്‍ അനുകൂല വിമത മേഖലയായ ട്രാന്‍സ്‌നിസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഹായികള്‍ എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്.'
കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമായി പണം കൈമാറിയത് ക്രിപ്റ്റോ വാലറ്റുകള്‍ വഴിയും വിദേശ ബാങ്ക് കാര്‍ഡുകള്‍ വഴിയുമാണ്. വധിക്കാന്‍ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനായി ഇവര്‍ ഡെലിവറി സര്‍വീസ് കൊറിയര്‍മാരായി വേഷം മാറി. ഇരകളുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷന്‍ അടയാളപ്പെടുത്തി തങ്ങളുടെ മേല്‍നോട്ടക്കാരന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി യുക്രെയ്ന്‍ സുരക്ഷാ സേനയായ SBU വ്യക്തമാക്കി.
'ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പ്രമുഖ വ്യക്തികളെ വധിക്കുന്നതിലൂടെ യുക്രെയ്‌നില്‍ ഭീതി പടര്‍ത്താനും അവിടുത്തെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം അസ്ഥിരപ്പെടുത്താനുമാണ് റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ലക്ഷ്യമിട്ടിരുന്നത്.ആസൂത്രിതമായ കരാര്‍ കൊലപാതകം', 'ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധമായ കൈകാര്യം' എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


