ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21 നു യുകെയിലെ കാര്‍ഡിഫില്‍ മലയാളിയെന്നു സംശയിക്കപ്പെടുന്ന ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടെന്ന് കേരളത്തിലെ പ്രധാന മാധ്യമങ്ങളില്‍ ഒന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യുകെ മലയാളികളാണ് ആശങ്കയിലായത്. നൊടിയിടയില്‍ വാട്സാപ്പ് ഗ്രൂപുകളില്‍ ആരാണ് കൊല്ലപ്പെട്ട മലയാളി യുവതി എന്ന അന്വേഷണവുമായി അനേകം ആളുകള്‍ മെസേജുകള്‍ പരസ്പ്പരം കൈമാറി. ഇതിനിടയില്‍ കൊല്ലപ്പെട്ട യുവതി ശ്രീലങ്കന്‍ വംശജയാണ് എന്ന് വാര്‍ത്ത നല്കിയപ്പോഴേക്കും മലയാളിയായ യുവതി കൊല്ലപ്പെട്ടെന്ന തെറ്റായ വാര്‍ത്ത ലോകമെമ്പാടും എത്തിക്കഴിഞ്ഞിരുന്നു. നിരോധ നിവ്നുഹെല്ല എന്ന 32 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് ആയ തിസാര വീരഗാള്‍ഗേ - 38 കാരന്‍ കയ്യോടെ പോലീസ് പിടിയിലുമായിരുന്നു. ഇയാളെ മിനിഞ്ഞാന്ന് കോടതി കുറ്റക്കാരന്‍ ആണ് എന്ന് കണ്ടെത്തി 23 വര്‍ഷത്തേക്ക് ജയിലില്‍ ഇട്ടതോടെ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും മറ്റും ഇടയ്ക്കിടെ എത്തുന്ന പ്രതികാരക്കൊലയുടെ യുകെ വേര്‍ഷനാണ് ഇപ്പോള്‍ കോടതി വിധിയിലൂടെ മറനീക്കി പുറത്തു വരുന്നത്.

ഒരു ദാമ്പത്യത്തില്‍ സഹികെട്ട ഭാര്യ തന്റെ ജീവിതം സുരക്ഷിതമാക്കാന്‍ ആ വിവാഹ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരുക എന്ന ധീരത കാട്ടിയതിനാണ് നിര്‍ഭാഗ്യവതിയായ നിരോധ മുന്‍ ഭര്‍ത്താവിന്റെ അതിക്രൂരമായ പ്രതികാരപ്പകയില്‍ ജീവന്‍ ബലികൊടുക്കേണ്ടി വന്നത്. ഭാര്യ തന്നില്‍ നിന്നും രക്ഷ തേടി ബ്രിട്ടീഷുകാരനായ കാമുകനെ തേടി പോയതിന്റെ പകയാണ് തിസാരയെ മനുഷ്യമൃഗമാക്കി മാറ്റിയത്. കൊല നടപ്പാക്കാന്‍ നിരോധ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി വരുന്നതും കാത്തു അടുത്തുകണ്ട സൂപ്പര്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ മൂര്‍ച്ചയേറിയ കത്തികൊണ്ട് തലങ്ങും വിലങ്ങും കുത്തികീറിയ ഇയാള്‍ മുറിവേറ്റു ചോര വാര്‍ന്നൊലിച്ച യുവതിയെ കാര്‍ കയറ്റിയും ക്രൂരത തുടര്‍ന്ന്. പോലീസ് എത്തിയപ്പോഴേക്കും നിരോധയെ രണ്ടു കാറുകള്‍ക്കിടയില്‍ കുരുങ്ങി ഞെരിഞ്ഞ നിലയിലാണ് കണ്ടെത്താനായത്.

സൗന്ദര്യത്തിനൊപ്പം മനസ് നിറയെ അലിവുള്ളവള്‍; ഭാര്യയെ കിടക്കയില്‍ നിരാശപ്പെടുത്തുന്നത് തിസാരയുടെ ക്രൂര വിനോദം; ഭാര്യ കാമുകനെ തേടിപിടിച്ചത് തിസാരയെ പ്രതികാരദാഹിയാക്കി

ക്രൂരതയുടെ ഏറ്റവും വലിയ ഭീകരതയാണ് തന്റെ ചെയ്തിയിലൂടെ തിസാര നടപ്പിലാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയുന്ന കെയര്‍ ഹോമില്‍ കെയറര്‍ ആയിരുന്ന നിരോധയെ കുറിച്ച് ഏറ്റവും ഭംഗിയായി ചിരിക്കുന്ന സുന്ദരി എന്നതിനൊപ്പം അലിവുള്ളവള്‍ എന്ന വിശേഷണം കൂടി ചേര്‍ത്താലേ അവളുടെ സൗന്ദര്യം പൂര്‍ണമാകൂ എന്നാണ് സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പറയുന്നത്. തന്നില്‍ നിന്നും അകന്ന ഭാര്യ സഹപ്രവര്‍ത്തകനായ ബ്രിട്ടീഷ് വംശജനെ കാമുകനാക്കി എന്നതാണ് തിസാരയെ പ്രകോപിപ്പിച്ചത്. ഈ ബന്ധത്തില്‍ ഇയാള്‍ നിരോധയെ പലവട്ടം ഭീക്ഷണിപ്പെടുത്തി പിന്മാറ്റാനും ശ്രമിച്ചിരുന്നു. എന്നാല്‍ നിരോധ എന്നെന്നേയ്ക്കുമായി തന്നില്‍ നിന്നും അകന്നു എന്ന് മനസ്സിലാക്കിയതോടെ മറ്റൊന്നും ചിന്തിക്കാനില്ല എന്ന വിധത്തില്‍ ഇയാള്‍ ക്രൂരതയുടെ മനുഷ്യ മുഖമായി മാറുക ആയിരുന്നു.

അതിനിടെ ഇയാളുടെ ദാമ്പത്യ ജീവിതത്തിലെ ഏറെ അസ്വസ്ഥകരമായ വിവരങ്ങളാണ് കോടതിയില്‍ നടന്ന വിചാരണയില്‍ പുറത്തു വന്നിരിക്കുന്നത്. ഭാര്യ സുന്ദരി ആണെങ്കിലും കിടപ്പറയില്‍ ഇയാള്‍ ഭാര്യയെ നിരാശപ്പെടുത്തുന്നത്തിലാണ് ആനന്ദം കണ്ടെത്തിയിരുന്നത് എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ മാനസികമായി ഇയാളില്‍ നിന്നും അകന്ന നിരോധ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും അവള്‍ മറ്റൊരു ജീവിതം ആസ്വദിച്ചു തുടങ്ങിയത് തിസാരയെ പ്രകോപിതനാക്കുക ആയിരുന്നു. 2017 ല്‍ ശ്രീലങ്കയില്‍ വിവാഹിതരായ ഇവര്‍ 2022 ലാണ് യുകെയിലേക്ക് എത്തിയത്. നിരോധയുടെ കെയര്‍ വിസയിലാണ് ദമ്പതികള്‍ യുകെയില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. യുകെയില്‍ എത്തിയതോടെ ദാമ്പത്യ ബന്ധത്തില്‍ ഉണ്ടായ വിള്ളലുകള്‍ സാവധാനം നിരോധയെ ബ്രിട്ടീഷുകാരനായ യുവാവിലേക്ക് അടുപ്പിക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തില്‍ ഉണ്ടായ പാളിച്ചകളും കിടപ്പറയില്‍ തന്നെ ഒഴിവാക്കുന്ന സമീപനം പുലര്‍ത്തുന്ന ഭര്‍ത്താവിന്റെ പെരുമാറ്റ രീതികളും ഒക്കെ ബ്രിട്ടീഷുകാരനായ യുവാവിനോട് പങ്കുവയ്ക്കപ്പെട്ടതോടെയാണ് ബന്ധം ഒഴിവാക്കാനും തനിക്കൊപ്പം താമസിക്കാനും അയാള്‍ അനുവാദം നല്‍കുന്നത്. ഭാര്യയും കാമുകനും തമ്മിലുള്ള ചാറ്റ് സന്ദേശങ്ങള്‍ കണ്ടതോടെ തിസാരയുടെ മനോനില കൈവിട്ടു പോകുക ആയിരുന്നു .

എന്നാല്‍ ഭാര്യയുടെ അമിത സൗന്ദര്യത്തില്‍ ഭര്‍ത്താവ് എന്നും അസ്വസ്ഥനായിരുന്നു എന്ന വിവരവും ഇപ്പോള്‍ പങ്കു വയ്ക്കപ്പെടുകയാണ്. ഭാര്യയെ സംശയത്തോടെ നോക്കുകയും പരപുരുഷ ബന്ധം ആരോപണത്തില്‍ നിറയ്ക്കുന്നതും ഇയാള്‍ പതിവാക്കിയതോടെയാണ് മറുവഴി തേടാന്‍ നിരോധ തീരുമാനിച്ചതും ഒടുവില്‍ അതവരുടെ ജീവന്‍ എടുക്കുന്നതിലേക്കും നയിച്ചത്. നിരോധയ്ക്ക് ഒപ്പം കാമുകനായ ബ്രിട്ടീഷ് വംശജനെയും കൊലപ്പെടുത്തും എന്ന് തിസാര ഭീക്ഷണി മുഴക്കിയിരുന്നെങ്കിലും അതിനയാള്‍ക്ക് അവസരം ഒത്തുവന്നില്ല എന്നതാണ് ലക്ഷ്യം നിരോധയില്‍ മാത്രമായി ഒതുക്കിയത്. നിരോധയുടെ കാമുകനായിരുന്ന ബ്രിട്ടീഷ് യുവാവിന്റെ വീടിനു മുന്നിലുള്ള കാര്‍ പാര്‍ക്കില്‍ നിരവധി വട്ടം തിസാര നിരീക്ഷണം നടത്താന്‍ എത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. നിരോധയെ കഴിവതും പുറത്തിറങ്ങാതെയും തന്റെ കണ്‍വെട്ടത്തും നിര്‍ത്താന്‍ പരിശ്രമിച്ച തിസാരെക്ക് ആ ശ്രമം പാളുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

കൊലപാതകം നടക്കുന്നതിന് അഞ്ചു മാസം മുന്‍പാണ് ദമ്പതികള്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തീരുമാനമായത്. ഇതോടെ നിരോധ കാമുകന്റെ ഫ്ലാറ്റിലേക്ക് താമസം മാറ്റുക ആയിരുന്നു. ഇതോടെ പലവട്ടം നിരോധയെയും കാമുകനെയും പരസ്യമായി വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും തിസാര ശ്രമം നടത്തിയിരുന്നു. ചുരുങ്ങിയത് എട്ടു തവണ എങ്കിലും ഇയാള്‍ ഭാര്യ കണ്ടെത്തിയ കാമുകന്റെ വീട് കണ്ടെത്തി ഭീഷണിയുമായി എത്തിയിരുന്നു. സംഭവ ദിവസം നിരോധയുടെയുടെ കാമുകന്‍ രാത്രി ഷിഫ്റ്റില്‍ ആയിരുന്നതും രാവിലെ ജോലിക്ക് പോകാന്‍ യുവതി ഒറ്റയ്ക്ക് ഇറങ്ങി വന്നതും തിസാരയ്ക്ക് കൊലപാതകം ഫലപ്രദമായി നടപ്പിലാക്കാന്‍ സൗകര്യം ഒരുക്കി. കഴുത്തിലും നെഞ്ചിലും മുഖത്തും കാലിലുമായി 17 കുത്തുകളാണ് നിരോധയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ കത്തിയുടെ പിടി വരെ ഒടിഞ്ഞു പോയിട്ടും അയാള്‍ ശ്രമം ഉപേക്ഷിക്കാന്‍ തയാറായില്ല. എന്നാല്‍ ഭാര്യയെ ആക്രമിക്കും മുന്‍പും കണ്ടെത്തിയതിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് തനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും ഭാര്യയെ ഭയപെടുത്തുക എന്ന ഉദ്ദേശത്തിലാണ് കത്തി വാങ്ങിയതെന്നും തിസാരേ കോടതിയില്‍ ബോധിപ്പിച്ചു.

കൊലപാതക ശ്രമം പാളാതിരിക്കാന്‍ കയ്യില്‍ കരുതിയത് മൂന്നു കൊലക്കത്തികള്‍

ഭാര്യ അകന്നതോടെ യഥാര്‍ത്ഥ മനോരോഗിയുടെ നിലയിലേക്ക് എത്തുക ആയിരുന്നു തിസാര എന്ന് കൊലപാതകം നടത്തിയ ക്രൂരതക്ക് തെളിവായി മാറുകയാണ്. കൊലപാതക ശ്രമം പാളരുത് എന്ന ധാരണയില്‍ മൂന്നു കൊലക്കത്തികളാണ് ഇയാള്‍ കരുതിയിരുന്നത്. അക്രമത്തിനിടയില്‍ കത്തി നഷ്ടപ്പെടുകയോ പിടി ഒടിയുകയോ ചെയ്താലും തന്റെ ലക്ഷ്യം നിറവേറ്റാന്‍ അത് തടസ്സമാകരുതു എന്നതിനാണ് മൂന്നു കൊലക്കത്തികള്‍ ഇയാള്‍ കയ്യിലെടുത്തത്. വിവാഹ ബന്ധം അവസാനിച്ചു എന്ന് സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല എന്നും നിരോധ സ്വന്തം ജീവിതം തിരഞ്ഞെടുത്തത് അംഗീകരിക്കാനും ഇയാള്‍ ഒരുക്കമായിരുന്നില്ല എന്നും വിധി പ്രസ്താവത്തില്‍ ജഡ്ജി ഡാനിയേല്‍ വില്യംസ് ചൂണ്ടിക്കാട്ടി.

കൊലപാതകത്തിന് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വയം ജീവന്‍ ഒടുക്കാനും തിസാര വിഫല ശ്രമം നടത്തിയിരുന്നു. മുന്നിലെത്തിയ ഒരു ലോറിക്ക് മുന്നിലേക്ക് ഇയാള്‍ എടുത്തു ചാടിയിരുന്നെങ്കിലും കാര്യമായ പരുക്കേറ്റിരുന്നില്ല. വിചാരണയ്ക്കിടയില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് അതിവേഗ വിധി പുറപ്പെടുവിക്കുവാന്‍ കോടതിക്ക് കഴിഞ്ഞത് .