നന്തമായ വൈദ്യുതി തകരാറുകള്‍, ഒഴിഞ്ഞുകിടക്കുന്ന ഷെല്‍ഫുകള്‍, തകര്‍ന്നുവീഴുന്ന തെരുവുകള്‍ ഒരുകാലത്ത് അഭിവൃദ്ധി പ്രാപിച്ചിരുന്ന ക്യൂബ എന്ന രാജ്യത്തിന്റെ തകര്‍ച്ചയുടെ കഥയാണിത്. ഇവിടുത്തെ കോടിക്കണക്കിന് പൗരന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്. കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് അമേരിക്ക സാമ്പത്തിക കുരുക്ക് മുറുക്കുകയും ഇന്ധനക്ഷാമം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഭക്ഷണം, വൈദ്യുതി, അതിജീവനം എന്നിവ കണ്ടെത്താന്‍ അവര്‍ പെടാപാടുപെടുകയാണ്. അമേരിക്ക വെനസ്വേല ആക്രമിച്ച് പ്രസിഡന്റ് മഡൂറോയെ അറസ്റ്റ് ചെയ്തതിന് ശേഷം വെനിസ്വേലയില്‍ നിന്നുള്ള നിര്‍ണായക എണ്ണ കയറ്റുമതി ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. ഇവയെല്ലാം തന്നെ ക്യൂബക്കാരെ ശ്വാസം മുട്ടിക്കുകയാണ്.

എന്നാല്‍ അമേരിക്ക വെനിസ്വേലയെ ആക്രമിക്കുന്നതിനു മുമ്പുതന്നെ, കമ്മ്യൂണിസ്റ്റ് ക്യൂബ ദീര്‍ഘകാല വൈദ്യുതി മുടക്കം, കുതിച്ചുയരുന്ന വിലകള്‍, അടിസ്ഥാന വസ്തുക്കളുടെ അഭാവം എന്നിവ കാരണം ബുദ്ധിമുട്ടുകയായിരുന്നു. ക്യൂബക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പല വീഡിയോകളും ഞെട്ടിപ്പിക്കുന്നതാണ്. ഒരുകാലത്ത് കരീബിയന്‍ പറുദീസയായി കണക്കാക്കപ്പെട്ടിരുന്ന രാജ്യമാണ് ക്യൂബ. വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളുടെയും സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിന്റെയും പശ്ചാത്തലത്തില്‍ വര്‍ണ്ണാഭമായ സ്പാനിഷ് കൊളോണിയല്‍ വീടുകളും എല്ലാം തന്നെ ഈ രാജ്യത്തെ ഏറെ ആകര്‍ഷകമാക്കിയിരുന്നു. പഴയ ഹവാനയിലെ വാസ്തുവിദ്യയാണ് കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ദ്വീപിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത് . എന്നാല്‍ ഇവിടെയുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ക്യൂബക്കാര്‍ എലികള്‍ക്കും കാക്കകള്‍ക്കും ഈര്‍പ്പത്തിനും ഇടയില്‍, തകര്‍ന്ന കെട്ടിടങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. അവയില്‍ പലതും താമസസ്ഥലങ്ങളാണ്. തലസ്ഥാന നഗരമായ ഹവാനയിലെ ഒരു നശിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ജനാലകള്‍ പൂര്‍ണ്ണമായും അടര്‍ന്നിരിക്കുകയാണ്. ക്യൂബയുടെ ചരിത്രപ്രധാനമായ പല കെട്ടിടങ്ങളും ഇതിനോടകം തകര്‍ന്ന് വീണിരിക്കുകയാണ്. ഇവിടെയുള്ള 10 ലക്ഷത്തിലധികം വീടുകള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വന്നിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ ശരിയായ നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ കഴിയാത്തതിന് കാരണം അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് എന്നാണ് പറയപ്പെടുന്നത്.

സഖ്യകക്ഷിയായ വെനിസ്വേലയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന എണ്ണ വിതരണം നിര്‍ത്തലാക്കാന്‍ യുഎസ് തീരുമാനിച്ചതിനെത്തുടര്‍ന്ന് മാലിന്യം കുന്നുകൂടുന്നത് ക്യൂബക്കാരുടെ ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മാലിന്യം ശേഖരിക്കാനുള്ള ട്രക്കുകല്‍ ഇന്ധനം ലഭ്യമാകാത്തതാണ് ഇതിന് കാരണം. ഹവാനയിലെ 106 മാലിന്യ ട്രക്കുകളില്‍ 44 എണ്ണത്തിന് മാത്രമേ പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞുള്ളൂ. മാലിന്യ ശേഖരണ ട്രക്കുകള്‍ നിര്‍ത്തലാക്കിയത് ഈച്ച ശല്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തലസ്ഥാനത്തിലുടനീളം കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, ഉപയോഗിച്ച ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, തുണിക്കഷണങ്ങള്‍ എന്നിവ തെരുവുമൂലകളില്‍ കുന്നുകൂടിയിരിക്കുകയാണ്.

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ഒരു രാജ്യത്ത് അവശ്യ സേവനങ്ങള്‍ സംരക്ഷിക്കുന്നതിന് റേഷനിംഗ് സംവിധാനമാണ് ആശ്രയിക്കുന്നത്. നേരത്തേ ഫിഡല്‍ കാസ്ട്രോ കൊണ്ടു വന്ന റേഷനിംഗ് സമ്പ്രദായം പിന്നീട് വന്ന സര്‍ക്കാരുകള്‍ മാറ്റിമറിച്ചിരുന്നു. ഇന്ധനക്ഷാമം തുടരുന്നതിനാല്‍ രാജ്യത്ത് വൈദ്യുതി മുടങ്ങുന്നതും പതിവാണ്. ക്യൂബയുടെ ദുര്‍ബലവും കാലഹരണപ്പെട്ടതുമായ വൈദ്യുതി സംവിധാനം വര്‍ഷങ്ങളായി തകരാറിലായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളുടെ പ്രവര്‍ത്തനത്തേയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.