ന്യൂഡല്‍ഹി: തമിഴ്‌നാട് തിരിപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനികളില്‍ നിന്നും ബംഗാളില്‍ നിന്നും പിടിയിലായ ബംഗ്ലാദേശി ഭീകരര്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി വിവരം. ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍ എന്നാണ് വിവരം. അറസ്റ്റിലായ എട്ടു ഭീകരരെയും ഷബീര്‍ അഹമ്മദ് ലോണ്‍ എന്ന ജമ്മു കശ്മീര്‍ സ്വദേശിയാണ് നിയന്ത്രിച്ചത്. ഇയാള്‍ക്ക് ലഷ്‌ക്കര്‍ തലവന്‍ ഹഫീസ് സെയിദുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നു. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാന്‍ ഇയാള്‍ നിര്‍ദേശിച്ചു. അറസ്റ്റിലായ ഭീകരന്‍ ഉമര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഷബീറിന്റെ ഡല്‍ഹി യാത്രകള്‍ സ്‌പെഷ്യല്‍ സെല്‍ പരിശോധിക്കുകയാണ്. ഷബീര്‍ പലതവണ ഷെഹീന്‍ ബാഗില്‍ എത്തിയതായുള്ള വിവരം ലഭിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രേഖകളുമായാണ് ഭീകരര്‍ ഇന്ത്യയില്‍ എത്തിയത്. ഷാബീര്‍ അഹമ്മദ് നേരത്തെ പലതവണ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും തങ്ങളോട് സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചെന്നും പിടിയിലായ ഭീകരര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍, എവിടെയാണ് സ്‌ഫോടനം നടത്തേണ്ടത് എന്ന കാര്യം തങ്ങളോട് വ്യക്തമാക്കിയിട്ടില്ലെന്നും പിടിയിലായ ഉമ്മര്‍ എന്ന ഭീകരന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. എട്ടു ഭീകരരെ അറസ്റ്റുചെയ്തതിലൂടെ ഇന്ത്യയിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഭീകരസംഘത്തെയാണ് തകര്‍ത്തതെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുരക്ഷാസേനകള്‍ വധിച്ച ഭീകരന്‍ ബുര്‍ഹന്‍ വാനിയുടെ ചിത്രത്തോടെ ഡല്‍ഹിയിലെ വിവിധസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഭീകരസംഘത്തിലേക്കെത്തിയത്. പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള ഭീകരരെ അറസ്റ്റുചെയ്തത്.

ഷാബിര്‍ അഹമ്മദ് ലോണ്‍ എന്നയാള്‍ ബംഗ്ലാദേശിലിരുന്നാണ് സംഘത്തെ നിയന്ത്രിച്ചതെന്ന് ഡല്‍ഹി എ.സി.പി. (സ്‌പെഷ്യല്‍ സെല്‍) പ്രമോദ് സിങ് കുശ്വാഹ് പറഞ്ഞു. പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പരിശീലനം ലഭിച്ചിട്ടുള്ള ഇയാള്‍ ഒരു കേസില്‍ 2007-ല്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ പിടിയിലായിരുന്നു. ജമ്മു-കശ്മീരിലെ കങ്കണില്‍നിന്നുള്ള ലോണ്‍ 2018-ല്‍ തിഹാര്‍ ജയിലില്‍നിന്ന് മോചിതനായി. പിന്നീട് ബംഗ്ലാദേശിലേക്കു കടന്നു. അവിടെയിരുന്ന് ഇന്ത്യയിലെ ലഷ്‌കര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് കുശ്വാഹ് പറഞ്ഞു.

ജന്‍പഥ് മെട്രോ സ്റ്റേഷനില്‍ പാക്കിസ്ഥാനും ഭീകരവാദത്തിനും അനുകൂലമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെന്ന് ഫെബ്രുവരി എട്ടിന് സി.ഐ.എസ്.എഫ്. ഷിഫ്റ്റ് ഇന്‍ ചാര്‍ജ് സുപ്രീംകോടതി മെട്രോ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് ഇത്തരം പോസ്റ്ററുകള്‍ ഡല്‍ഹിയിലെ മറ്റിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഡല്‍ഹി പോലീസിന്റെ മെട്രോ യൂണിറ്റാണ് ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീട് സ്‌പെഷ്യല്‍ സെല്ലിനു കൈമാറി. സ്‌പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫെബ്രുവരി അഞ്ചിന് രണ്ടുപേര്‍ അറസ്റ്റിലായി. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശി ഉമര്‍ ഫറൂഖ്, ബംഗ്ലാദേശുകാരന്‍ റൊബിയുള്‍ ഇസ്ലാം എന്നിവരാണ് കൊല്‍ക്കത്തയില്‍ പിടിയിലായത്. ഫെബ്രുവരി 21-ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് ബംഗ്ലാദേശുകാരായ ആറുപേരെ അറസ്റ്റുചെയ്തു.

2025 മാര്‍ച്ചിലാണ് ഫറൂഖ് ലോണിനെ ബന്ധപ്പെട്ടതെന്ന് കുശ്വാഹ് പറഞ്ഞു. ഇന്ത്യയിലെ പ്രധാന നിര്‍മിതികള്‍ നിരീക്ഷിക്കാനും വീഡിയോയെടുക്കാനും ഡിസംബറില്‍ ബംഗ്ലാദേശില്‍നിന്ന് ഫറൂഖിന് നിര്‍ദേശം കിട്ടി. ഫെബ്രുവരി ആറിന് ഫറൂഖും റൊബിയുള്‍ ഇസ്ലാമും കൊല്‍ക്കത്തയില്‍നിന്ന് വിമാനത്തില്‍ പട്‌നവഴി ഡല്‍ഹിയിലെത്തി. ഫെബ്രുവരി ഏഴിന് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഇവര്‍ പാക് അനുകൂല പോസ്റ്റര്‍ ഒട്ടിച്ചു. ഇതിന്റെ വീഡിയോയെടുത്ത് ലോണിനയച്ചു. ഫെബ്രുവരി എട്ടിന് തിരിച്ച് കൊല്‍ക്കത്തയിലെത്തിയെന്നും പോലീസ് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്ന് കൂടുതല്‍ ഭീകരരെ ഷബീര്‍ ഇന്ത്യയിലേക്ക് കടത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. തമിഴ്‌നാട്ടിലെ തിരിപ്പൂരില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമാണ് എട്ടുരെ ഇന്നലെ ഡല്‍ഹി പൊലീസ് പിടികൂടിയത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നവരാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ പത്ത് ഇടങ്ങളില്‍ ഒരാഴ്ച്ച് മുന്‍പ് പ്രചരിച്ച FREE KASHMIR പോസ്റ്ററിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷമാണ് ഭീകരസംഘത്തിലേക്ക് എത്തിയത്. പാക് ഭീകരസംഘടനയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിലും ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഡല്‍ഹി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷമാണ് തമിഴ്‌നാട്ടിലേക്കും ബംഗാളിലേക്കും എത്തിയത്. തിരുപ്പൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തി ആറ് ബംഗ്ലാദേശി പൗരന്മാരെയും പൊലീസ് അറസ്റ്റ്ചെയ്തത്.

ബംഗ്ലാദേശ് സ്വദേശികളായ മിജാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ശബാത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവരാണ് തിരുപ്പൂരില്‍ അറസ്റ്റിലായവര്‍. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇവര്‍ തിരുപ്പൂരിലെ വിവിധ വസ്ത്രനിര്‍മാണ കമ്പനികളില്‍ ജോലിചെയ്തുവരികയായിരുന്നു. വ്യാജ ആധാര്‍ കാര്‍ഡുകളടക്കം സംഘടിപ്പിച്ചാണ് ഇവര്‍ ജോലിനേടിയതെന്നും താമസസൗകര്യം ഉള്‍പ്പെടെ തരപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍നിന്ന് എട്ട് മൊബൈല്‍ഫോണുകളും 16 സിം കാര്‍ഡുകളും പിടിച്ചെടുത്തിയിട്ടുണ്ട്. പ്രതികളെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്.

ഭീകരരുടെ പദ്ധതി

വ്യാജ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് ഇന്ത്യയില്‍ കടന്നുകൂടിയ ഇവര്‍ തിരുപ്പൂരിലെ വസ്ത്രനിര്‍മ്മാണ ശാലകളില്‍ തൊഴിലാളികളായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്ത്യയിലെ പ്രധാന കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ ഷബീര്‍ അഹമ്മദിന് അയച്ചുനല്‍കിയിരുന്നു. സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായും എന്നാല്‍ എവിടെയാണ് സ്‌ഫോടനം നടത്തേണ്ടതെന്ന് കൃത്യമായി അറിയിച്ചിരുന്നില്ലെന്നും പിടിയിലായ ഉമര്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതികളില്‍ നിന്ന് 8 മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു. വിദേശത്തുള്ള കൈകാര്യകര്‍ത്താക്കളുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ രാജ്യത്തേക്ക് കടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.