മെക്സിക്കോ സിറ്റി: ലോകത്തെ വിറപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ 'എൽ മെഞ്ചോ' കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ ആഭ്യന്തര യുദ്ധത്തിന് സമാനമായ അക്രമപരമ്പരകൾ. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്ന ഭീകരസംഘടനയുടെ തലവനായ നെമീസിയോ ഒസെഗ്വേര സെർവാന്റസ് (59) കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ രാജ്യം മൊത്തം അക്രമം അഴിച്ചുവിടുകയാണ്. വിനോദസഞ്ചാരികൾ നിറഞ്ഞ വിമാനത്താവളങ്ങളിലും നഗരമധ്യത്തിലും സായുധ സംഘങ്ങൾ വെടിയുതിർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതോടെ മെക്സിക്കോ കടുത്ത പ്രതിസന്ധിയിലാണ്.

മെക്സിക്കോയിലെ പ്രധാന നഗരമായ ഗുവാഡലജാരയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച അരങ്ങേറിയത് ഭീതിജനകമായ രംഗങ്ങളാണ്. വിമാനത്താവളത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മാഫിയാ സംഘം അഗ്നിക്കിരയാക്കിയതോടെ വിമാനത്താവളത്തിനുള്ളിൽ പുക നിറഞ്ഞു. കാർട്ടൽ ആക്രമണം ഭയന്ന് ഡ്യൂട്ടി ഫ്രീ ഏരിയയിലുണ്ടായിരുന്ന നൂറുകണക്കിന് വിനോദസഞ്ചാരികൾ ജീവനും കൊണ്ട് ചിതറിയോടി.

ലഗേജുകൾ ഉപേക്ഷിച്ചും കസേരകൾക്ക് പിന്നിൽ ഒളിച്ചുമാണ് പലരും വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിനുള്ളിൽ വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ നിന്നുള്ള വിനോദസഞ്ചാരിയായ കാറ്റി ഹോളമൻ തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ കാർട്ടൽ സംഘം അടച്ചതായും വിമാനങ്ങൾ റദ്ദാക്കിയതായും അവർ പറഞ്ഞു. ഹോട്ടൽ ജീവനക്കാർ പോലും മുമ്പ് കണ്ടിട്ടില്ലാത്ത വിധം അക്രമാസക്തമായ അന്തരീക്ഷമാണ് നഗരത്തിൽ നിലനിൽക്കുന്നത്.

എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ 20 ഓളം സംസ്ഥാനങ്ങളിലേക്ക് അക്രമം പടർന്നു. ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ബസുകളും ട്രക്കുകളും തടഞ്ഞുനിർത്തി ഡ്രൈവർമാരെ പുറത്തിറക്കിയ ശേഷം അവയ്ക്ക് തീയിട്ടാണ് അക്രമികൾ റോഡുകൾ തടസ്സപ്പെടുത്തുന്നത്. റോഡുകളിൽ ഇരുമ്പാണികൾ വിതറിയും ഗതാഗതം മുടക്കുന്നുണ്ട്.

ബാങ്കുകൾ, ഫാർമസികൾ തുടങ്ങിയ സ്ഥാപനങ്ങളും അക്രമികൾ ലക്ഷ്യമിടുന്നു. പ്യൂർട്ടോ വല്ലാർട്ട എന്ന ടൂറിസ്റ്റ് നഗരവും ഇപ്പോൾ ഉപരോധത്തിന് സമാനമായ സാഹചര്യത്തിലാണ്. ഇവിടെ പ്രൊപ്പെയ്ൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതായും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ഈ വർഷം നാല് ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കേണ്ട നഗരമാണ് അക്രമം രൂക്ഷമായ ഗുവാഡലജാര എന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

സാഹചര്യം വഷളായതോടെ ജാലിസ്കോ ഗവർണർ പാബ്ലോ ലെമസ് നവാരോ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും സുരക്ഷാ സേനയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. അമേരിക്കൻ എംബസിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എൽ മെഞ്ചോയുടെ മരണം മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയയുടെ ശക്തി കുറയ്ക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ഇത് പുതിയൊരു ഗ്യാങ് വാറിന് (Gang War) വഴിവെക്കുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. ഡ്രോണുകളും ഐഇഡികളും (IED) ഉപയോഗിച്ച് സൈന്യത്തെപ്പോലും വെല്ലുവിളിച്ചിരുന്ന ഈ സംഘം അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള ഭീകരസംഘടനയായാണ് അറിയപ്പെടുന്നത്.

മെക്സിക്കൻ മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടി വേണമെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സാഹചര്യത്തിൽ മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. എന്നാൽ ഒരു തലവൻ മരിച്ചാലും 32 സംസ്ഥാനങ്ങളിൽ 21 എണ്ണത്തിലും സാന്നിധ്യമുള്ള ഈ കൊടും കുറ്റവാളി സംഘം എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മെക്സിക്കോയുടെ വരും ദിവസങ്ങൾ.

മെക്സിക്കോയിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ടിരുന്ന കുറ്റവാളിയായിരുന്നു നെമീസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എൽ മെഞ്ചോ. 2009-ലാണ് ഇയാൾ സിജിഎൻജെ എന്ന മയക്കുമരുന്ന് കാർട്ടൽ സ്ഥാപിച്ചത്. അമേരിക്കയിലേക്ക് വൻതോതിൽ മെതാംഫെറ്റാമിൻ, ഫെന്റനൈൽ തുടങ്ങിയ മാരക ലഹരിമരുന്നുകൾ കടത്തുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചു.

ഞായറാഴ്ച യുഎസ് പിന്തുണയോടെ മെക്സിക്കൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് ഇയാൾ പിടിയിലായത്. ടപൽപ എന്ന സ്ഥലത്ത് വെച്ച് നടന്ന രൂക്ഷമായ വെടിവെപ്പിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിടിയിലായ ഇയാളെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആധുനിക ആയുധങ്ങളുമായി സൈന്യത്തെ നേരിട്ട ഇയാളുടെ സംഘം, ടാങ്കറുകൾ തകർക്കാൻ ശേഷിയുള്ള ഗ്രനേഡ് ലോഞ്ചറുകൾ വരെ ഉപയോഗിച്ചതായാണ് സൈന്യം വ്യക്തമാക്കുന്നത്.