തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മോഹന്‍ലാല്‍ - മുഖ്യമന്ത്രി അഭിമുഖത്തെ ചൊല്ലി സൈബറിടത്തില്‍ പോര് മുറുകുകയാണ്. പിആര്‍ അഭിമുഖമെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ആരോപിക്കുമ്പോള്‍ ഇരുവരും സുഹൃത്തുക്കള്‍ ആണെന്നും പ്രചാരണം അല്ല ലക്ഷ്യമെന്നും സിപിഎം വാദിക്കുന്നു. അഭിമുഖം നാളെ ചാനലുകളില്‍ എത്തും. ഇതിനിടെ 2011 ല്‍ ഉമ്മന്‍ചാണ്ടിയുമായി ഇരുവര്‍ എന്ന പേരില്‍ തന്നെ മോഹന്‍ലാല്‍ നടത്തിയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുമായി മോഹന്‍ലാല്‍ അഭിമുഖം നടത്തിയത്. വികസനം, വിവാദങ്ങള്‍, കുടുംബജീവിതം എന്നിവയെല്ലാം ആ അഭിമുഖത്തില്‍ ചര്‍ച്ചയായിരുന്നു.' ഇരുവര്‍' എന്നു തന്നേ ആയിരുന്നു ആ അഭിമുഖത്തിന്റെയും തലക്കെട്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ മോഹന്‍ലാല്‍ നടത്തുന്ന അഭിമുഖത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ പൂര്‍ണരൂപം വിനോദ- വാര്‍ത്താ ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും വ്യാഴാഴ്ച സംപ്രേഷണം ചെയ്യും. അഭിമുഖത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പഴയ രണ്ട് താര അഭിമുഖങ്ങള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് നല്‍കിയ അഭിമുഖവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മോഹന്‍ലാല്‍ അഭിമുഖം ചെയ്യുന്ന വിഡിയോയും രാഹുല്‍ ഗാന്ധി- കമല്‍ ഹാസന്‍ അഭിമുഖവുമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്.

നരേന്ദ്ര മോദി - അക്ഷയ് കുമാര്‍ അഭിമുഖം

2019 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചിത്രീകരിച്ച ഈ അഭിമുഖത്തെ അന്ന് ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ വലിയ തോതില്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ ചോദ്യങ്ങള്‍ ഇല്ലാതിരുന്ന ആ അഭിമുഖം മോദിയുടെ വ്യക്തിജീവിതം, ശീലങ്ങള്‍ എന്നിവയ്ക്കായിരുന്നു ഊന്നല്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ആസൂത്രണം ചെയ്ത പിആര്‍ സ്റ്റണ്ട് ആണിതെന്ന് അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 'മോദിജി, മാമ്പഴം ചെത്തിയാണോ, കടിച്ചാണോ കഴിക്കുന്നത്?' എന്നും മറ്റും ചോദിച്ചത് സൈബറിടങ്ങളില്‍ ട്രോളായി മാറി. താന്‍ ഒരു സാധാരണക്കാരന്റെ ജിജ്ഞാസയോടെയാണ് ചോദ്യങ്ങള്‍ ചോദിച്ചതെന്നും രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കുന്നത് തന്റെ ജോലിയല്ലെന്നും പിന്നീട് അക്ഷയ് കുമാര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി.

കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി നരേന്ദ്ര മോദി ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായി ചേര്‍ന്നു നടത്തിയ അഭിമുഖത്തെ ഓര്‍മിപ്പിക്കുന്നതാണ് പിണറായി വിജയന്‍- മോഹന്‍ലാല്‍ സംഭാഷണമെന്നാണ് ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുന്ന മോദി ഒരു നടന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇരുന്നുകൊടുത്തത് അന്ന് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. 2019 ല്‍ 'ഒരു രാഷ്ട്രീയേതര അഭിമുഖം' എന്ന പേരിലായിരുന്നു മോദി- അക്ഷയ് കുമാര്‍ അഭിമുഖം പുറത്തിറങ്ങിയത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന അഭിമുഖം ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടെ ഇപ്പോഴും ലഭ്യമാണ്.

അക്കാലത്ത് ടെലിവിഷനില്‍ നിറഞ്ഞുനിന്നിരുന്ന രാഷ്ട്രീയ വാര്‍ത്തകളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും എല്ലാവര്‍ക്കും ഒരു ഇടവേള നല്‍കാനാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു അക്ഷയ് പ്രതികരിച്ചത്. അതുകൊണ്ടാണ് ഈ പ്രത്യേക അഭിമുഖം ലളിതവും ലളിതവുമായി നിലനിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചത്. കൂടാതെ ചോദ്യങ്ങളൊന്നും തന്നെ തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആജ്ഞാപിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന ആളല്ല ഞാന്‍. അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്,' അക്ഷയ് പറഞ്ഞു. ഇതേ വിഷയത്തില്‍, പ്രധാനമന്ത്രിയെ എങ്ങനെ കാണുന്നുവെന്നും ക്രിക്കറ്റ് ടീമുമായി സമാനതകള്‍ പുലര്‍ത്തുന്നുണ്ടോ എന്നും അക്ഷയ് യോട് ചോദിച്ചപ്പോള്‍, നടന്റെ 'ഒരു ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോള്‍, അദ്ദേഹത്തെ ശ്രദ്ധിക്കേണ്ടത് ടീമിന്റെ ഉത്തരവാദിത്തമാണ്. നേതാവിനെ പിന്തുടരുക. കോയി ഭി പാര്‍ട്ടി കാ ഹോ, അദ്ദേഹം രാജ്യത്തെ നയിക്കട്ടെ കാരണം ചുനാ തോ ആഫി ലോഗോന്‍ നെ ഹേ. നമ്മള്‍ ഒരു നേതാവിനെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അദ്ദേഹത്തെ രാജ്യത്തെ നയിക്കാന്‍ അനുവദിക്കണം.'

ഉമ്മന്‍ ചാണ്ടി - മോഹന്‍ലാല്‍ അഭിമുഖം

2008 ല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചാനലായ 'ജയ്ഹിന്ദി'ല്‍ ആണ് ഉമ്മന്‍ ചാണ്ടിയുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തത്. 2009 ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം 'സാഗര്‍ ഏലിയാസ് ജാക്കി- റീലോഡഡ്' ലുക്കിലാണ് മോഹന്‍ലാലിനെ അഭിമുഖത്തില്‍ കാണാന്‍ കഴിയുന്നത്. 'ഇരുവര്‍' എന്ന പേരില്‍ തന്നെയാണ് പിന്നീട് ഇതേ അഭിമുഖം ഒരു വര്‍ഷം മുന്‍പ് 'ജയ്ഹിന്ദ്' യൂട്യൂബ് ചാനലില്‍ പൂര്‍ണരൂപം പുറത്തിറക്കിയത്.

എന്റെ അടുത്ത ഒരു സുഹൃത്ത് എന്നോട് വളരെ രഹസ്യമായിട്ട് പറഞ്ഞു മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രജനികാന്തിന്റെ സിനിമയാണെന്ന്- എന്ന മോഹന്‍ലാലിന്റെ സംഭാഷണത്തോടെയാണ് കണ്ടും മിണ്ടിയും ഇരുവര്‍- എന്ന അഭിമുഖത്തിന്റെ ടീസര്‍ ആരംഭിക്കുന്നത്. ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേര്‍ എന്ന ടാഗ് ലൈനോടെയാണ് അഭിമുഖം പുറത്തുവരുന്നത്. മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തില്‍ ഇരുവരും ഒന്നിച്ച് നടക്കുന്നതും സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്നതും ടീസറില്‍ കാണാം. അക്ഷയ് കുമാര്‍ നരേന്ദ്ര മോദിയോട് ചോദിച്ചതു പോലെ ഭക്ഷണത്തെക്കുറിച്ചൊക്കെ മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് ചോദിക്കുമോ എന്നൊക്കെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് കേരള ജനത.

രാഹുല്‍ ഗാന്ധി- കമല്‍ ഹാസന്‍ അഭിമുഖം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നടന്‍ കമല്‍ ഹാസനും തമ്മില്‍ നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയവും സിനിമയുമെല്ലാം ഇരുവരുടെയും സംഭാഷണത്തില്‍ കടന്നുവന്നിരുന്നു. 2023 ജനുവരിയിലാണ് ഈ അഭിമുഖം പുറത്തുവന്നത്. രാഹുല്‍ ഗാന്ധിയുടെ യൂട്യൂബ് ചാനലില്‍ ഈ അഭിമുഖം കാണാനാകും.