- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിരീക്ഷണങ്ങൾക്കായി എഐ വിട്ടുനൽകില്ലെന്ന് സിഇഒ; ആന്ത്രാപിക്കിനെ പൂട്ടാൻ ട്രംപ്; രാജ്യസുരക്ഷയ്ക്ക് ഭീഷണി; 'ഇടതുപക്ഷ ഭ്രാന്തന്മാർ' എന്ന് അധിക്ഷേപം; സൈനിക നീക്കങ്ങൾക്ക് കരുത്തുപകർന്ന ക്ലോഡിന് വിലക്ക്; യുഎസ് പ്രസിഡന്റും എഐ കമ്പബാനിയും നേർക്കുനേർ

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പായ 'ആന്ത്രാപിക്' വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഫെഡറൽ ഏജൻസികൾ ഉപയോഗിക്കുന്നത് വിലക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കമ്പനി സിഇഒയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ട്രംപിന്റെ അപ്രതീക്ഷിത നടപടി. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെ പരസ്യമായി വെല്ലുവിളിക്കുന്ന ആദ്യ സാങ്കേതിക കമ്പനിയായി ആന്ത്രാപിക് മാറി.
ഇറാനെതിരായ വ്യോമാക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക നടപടിയിലും ആന്ത്രാപിക്കിന്റെ എഐ ടൂളുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ വിലക്ക് വന്നതെന്നത് ശ്രദ്ധേയമാണ്. സൈനിക ആവശ്യങ്ങൾക്കായി ആന്ത്രാപിക്കിന്റെ സാങ്കേതികവിദ്യ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നേരത്തെ പെന്റഗൺ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രത്യേക ലക്ഷ്യത്തോടെയുള്ള ആഭ്യന്തര നിരീക്ഷണങ്ങൾക്കായി തങ്ങളുടെ സാങ്കേതികവിദ്യ വിട്ടുനൽകില്ലെന്ന് സിഇഒ ഡാരിയോ അമോഡെയി കർശന നിലപാടെടുത്തു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആന്ത്രാപിക്കിലെ ജീവനക്കാരെ 'ഇടതുപക്ഷ ഭ്രാന്തന്മാർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, കമ്പനിയുടെ സ്വാർത്ഥത രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിലവിൽ യുഎസ് സെൻട്രൽ കമാൻഡ് ഉൾപ്പെടെയുള്ള ഏജൻസികൾ ശത്രുക്കളുടെ ലൊക്കേഷൻ തിരിച്ചറിയുന്നതിനും ഇന്റലിജൻസ് റിപ്പോർട്ടുകൾ വിശകലനം ചെയ്യുന്നതിനും ആന്ത്രാപിക് ടൂളുകളെയാണ് ആശ്രയിക്കുന്നത്. സൈനിക പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം ഉൾപ്പെടുത്തിയ ഈ സാങ്കേതികവിദ്യ പെട്ടെന്ന് മാറ്റുക അസാധ്യമായതിനാൽ ആറുമാസത്തെ സമയം പെന്റഗണിന് അനുവദിച്ചിട്ടുണ്ട്.
ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആന്ത്രാപിക്. തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ വൈറ്റ് ഹൗസും സിലിക്കൺ വാലിയും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.


