ടെഹ്‌റാന്‍: ഒരു രാജ്യത്തെ ജനക്കൂട്ടം ആ രാജ്യത്തെ ഭരണാധികാരി അല്ലെങ്കില്‍ അവിടുത്തെ പരമോന്നത നേതാവിനെ 'കശാപ്പുകാരന്‍ എന്ന വിളിക്കണമെങ്കില്‍ എന്താകും അയാളുടെ സ്വഭാവം. എന്തായാലും അയാള്‍ ജനങ്ങള്‍ക്ക് ഹിതകരമായി പ്രവര്‍ത്തിക്കുന്ന ഒരാളല്ലെന്ന് ആ വാക്കില്‍ വ്യക്തം. മുന്‍പ് സിറിയയിലെ മുന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദിനും, ഹമാസ് ഭീകരന്‍ യാഹ്യാ സിന്‍വറിനും,

പടിഞ്ഞാറന്‍ സുഡാനീസ് നഗരമായ എല്‍ ഫാഷറില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയ ബ്രിഗേഡിയര്‍ ജനറല്‍ അല്‍-ഫത്തേ അബ്ദുല്ല ഇദ്രിസിനും ഇത്തരത്തില്‍ കശാപ്പുകാരന്‍ എന്ന പേര് ചാര്‍ത്തിക്കിട്ടിയിരുന്നു. അതില്‍ നിന്ന് വ്യക്തമാണ് ഇവരുട ക്രൂരതകള്‍.

ഇപ്പോല്‍ ടെഹ്റാനില്‍ നിന്ന് രഹസ്യമായി പുറത്തുവരുന്ന സന്ദേശങ്ങള്‍ ഇറാനില്‍ പുതിയൊരു ക്രൂരതയുടെ തുടക്കത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നു. യുഎസ് ബോംബാക്രമണത്തില്‍ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ പുരോഹിത സമിതിയായ വിദഗ്ദ്ധ സമിതി (അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ്) മൊജ്തബ ഖമനേയിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രക്തച്ചൊരിച്ചിലിന്റെ നീണ്ട ചരിത്രം പരിചിതമായ ഇറാനിയന്‍ ജനത ഇതിനകം അദ്ദേഹത്തെ 'പുതിയ കശാപ്പുകാരന്‍' എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. മൊജ്തബയുടെ ഈ സ്ഥാനാരോഹണം ഒരു പാരമ്പര്യ സ്വേച്ഛാധിപത്യത്തിന്റെ ആരംഭമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

56-കാരനായ മൊജ്തബയെ 'പ്രാപ്തനും കരുത്തനുമായ നേതാവായാണ് ഭരണകൂടത്തിനുള്ളില്‍ ഭൂരിഭാഗം പേരും കാണുന്നത്' എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ അധികാരാരോഹണം വന്‍തോതിലുള്ള കൂട്ടക്കൊലകളുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് താഴെത്തട്ടിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനുവരിയിലെ പ്രതിഷേധങ്ങള്‍ക്കിടെ തെരുവുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞതും, 2022-ലെ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അടിച്ചമര്‍ത്തലുകളില്‍ മൊജ്തബ നിര്‍ണ്ണായക പങ്കുവഹിച്ചതായാണ് പറയപ്പെടുന്നത്. അതായാത് ഖമനേയിയ്ക്ക് പിന്‍ ഗാമിയായി മൊജ്താബ വന്നാലും ഇറാനിലെ ജനങ്ങളുടെ ജീവിതത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലായെന്ന് ചുരുക്കം.

'അദ്ദേഹം പിതാവിനെപ്പോലെ തന്നെയാണ്, അല്ലെങ്കില്‍ അതിലും മോശമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാര്യങ്ങളൊന്നും മാറുമെന്ന് ഞാന്‍ കരുതുന്നില്ല. അമേരിക്കയുടെയും നിരപരാധികളായ ഇറാനികളുടെയും ഈ ശ്രമങ്ങളെല്ലാം വെറുതെയാകും. പിതാവിന് ശേഷം ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഒന്നാമതാകും,' ഇറാനിന് പുറത്തുള്ള കുടുംബാംഗങ്ങള്‍ വഴി ചൊവ്വാഴ്ച വൈകി 'ഡെയ്‌ലി മെയിലിനോട്' സംസാരിച്ച ഒരു ഇറാനിയന്‍ പൗരന്‍ പറഞ്ഞു.

രാജ്യത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക്, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടതോടെ നിത്യജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. പുതിയ നേതാവ് എന്ത് ക്രൂരതയാണ് അഴിച്ചുവിടാന്‍ പോകുന്നതെന്ന ഭയത്താല്‍ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന ഒരുകൂട്ടം ജനങ്ങളും ഇറാനിലുണ്ട്. ഇപ്പോള്‍ സുരക്ഷിതമായി രാജ്യം വിട്ട മറ്റൊരു യുവാവ്, ഇറാനിലുള്ള തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ലഭിച്ച ഭയാനകമായ സന്ദേശങ്ങള്‍ പങ്കുവെച്ചു. ഇളയ ഖമനേയി 'ഉപരോധങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കുന്നതിനും ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് പണം സമ്പാദിക്കുന്നതിനും' കുപ്രസിദ്ധനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അദ്ദേഹത്തിന്റെ ഭരണകാലം എത്രത്തോളം നീണ്ടുനില്‍ക്കും എന്ന ഭയാനകമായ ചിന്ത ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. 50-കളില്‍ അധികാരത്തിലെത്തിയ തന്റെ പിതാവിനെപ്പോലെ, നിലവിലെ അമേരിക്കന്‍-ഇസ്രായേല്‍ സൈനിക നടപടികളെ അതിജീവിച്ചാല്‍ മൊജ്തബയുടെ ഭരണവും ദശാബ്ദങ്ങളോളം നീണ്ടുനിന്നേക്കാം. 'മുതിര്‍ന്ന നേതാക്കളെല്ലാം ഇല്ലാതായതില്‍ ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍ സന്തുഷ്ടരാണ് എന്നാല്‍ തുടര്‍ന്ന് എന്ത് സംഭവിക്കും എന്നതിലാണ് അവരുടെ ആശങ്ക. അലി ഖമനേയി വളരെ പ്രായമുള്ള ആളായിരുന്നു, അതുകൊണ്ട് അദ്ദേഹം മരിച്ചാല്‍ ചെറിയൊരു മാറ്റമെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷ നമുക്കുണ്ടായിരുന്നു. എന്നാല്‍ മൊജ്തബയാണ് പകരം വരുന്നതെങ്കില്‍ അദ്ദേഹം ചെറുപ്പമാണ്. ദശാബ്ദങ്ങളോളം അദ്ദേഹം അധികാരത്തില്‍ തുടരുമെന്നും വിലയിരുത്തപ്പെടുന്നു.

ഇറാനില്‍ തന്നെയുള്ള മറ്റൊരാള്‍ പറയുന്നത് ഇങ്ങനെയാണ് 'ആ ഭരണകൂടത്തില്‍ നിന്ന് ആര് വന്നാലും, അത് വടക്കന്‍ കൊറിയയില്‍ പിതാവിന്റെ സ്ഥാനത്ത് മകന്‍ വന്നതുപോലെ തന്നെയായിരിക്കും. ഒരേ പ്രത്യയശാസ്ത്രം, ഒരേ ദുരിതം - അവര്‍ പക വീട്ടുക തന്നെ ചെയ്യും. മിക്കവാറും എല്ലാ രാത്രികളിലും ഭരണകൂട അനുകൂലികള്‍ തെരുവിലിറങ്ങി പഹ്ലവിക്കും അമേരിക്കയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ട്. മിക്കവാറും എല്ലാ അയല്‍പക്കങ്ങളിലും ഇത് കാണാം,' അദ്ദേഹം പറഞ്ഞു.

1979-ല്‍ നാടുകടത്തപ്പെട്ട ഇറാനിലെ അവസാനത്തെ ഷായുടെ മകനായ പ്രിന്‍സ് റെസ പഹ്ലവിയാണ്, രാജ്യത്തിന്റെ ഭരണമാറ്റത്തിന് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ്. വാഷിംഗ്ടണ്‍ ഡിസിയുടെ പ്രാന്തപ്രദേശത്താണ് അദ്ദേഹം താമസിക്കുന്നതെങ്കിലും, ഭരണകൂടം മാറുന്നതിനായി ഇറാനികള്‍ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാന്‍ ആവശ്യമായ ആവേശം പകര്‍ന്നുനല്‍കുന്ന ശക്തമായ ശബ്ദമായി അദ്ദേഹം നിലകൊള്ളുന്നു. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ എന്താണെന്നും വ്യക്തമല്ല. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ, ഇറാനികളോട് ഈ സമയത്ത് സുരക്ഷിതരായിരിക്കാനും തന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അസംബ്ലിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് മൊജ്തബയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബവാഴ്ചയെ ഭരണകൂടം ദീര്‍ഘകാലമായി വിമര്‍ശിച്ചുവരികയായിരുന്നതിനാല്‍, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായാണ് കാണപ്പെട്ടിരുന്നത്.

86 കാരനായിരുന്ന അലി ഖമനേയിമരിക്കുന്നതിന് മുന്‍പ് രഹസ്യമായി മൂന്ന് പേരെ പിന്‍ഗാമികളായി നിശ്ചയിച്ചിരുന്നു, എന്നാല്‍ അവരിലൊരാള്‍ പോലും അദ്ദേഹത്തിന്റെ മകനായിരുന്നില്ല. ജുഡീഷ്യറി തലവന്‍ ഗുലാം-ഹൊസൈന്‍ മൊഹ്സെനി-എജെയ്, ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, ഇറാനിലെ ആദ്യ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ കൊച്ചുമകന്‍ ഹസ്സന്‍ ഖമേനി എന്നിവരായിരുന്നു അവര്‍. ഹെജാസി മരിച്ചതായാണ് ഇസ്രായേലി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ഒരു യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, അന്തരിച്ച ആയത്തൊള്ളയെ, 'നേതാവിന്റെ ഓഫീസിലെ ചിലര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മൊജ്തബയെ കാണുകയും, ഒരു ഉപദേഷ്ടാവിനെപ്പോലെയല്ല, ഭാവിയില്‍ ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നയാളെപ്പോലെയാണ് പരിഗണിക്കുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്തിരുന്നത്.' എന്നിരുന്നാലും, വൈദികപരമായ അറിവിന്റെ കാര്യത്തില്‍ മൊജ്തബ ദുര്‍ബലനായാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നത്. '(സ്വന്തം) പാണ്ഡിത്യം കൊണ്ട് ഒരു 'മുജ്തഹിദ്' പദവി പോലും, ആയത്തൊള്ള എന്ന പദവി പോയിട്ട്, അദ്ദേഹം ഒരിക്കലും നേടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,' റിപ്പോര്‍ട്ടില്‍ പറയുന്നു.

യുകെയിലെ ആശുപത്രികളില്‍ മൊജ്തബ ആവര്‍ത്തിച്ച് ലൈംഗികശേഷിക്കുറവിന് ചികിത്സ തേടിയിരുന്നുവെന്നും ഈ രേഖ വ്യക്തമാക്കുന്നു. പിന്‍ഗാമികളെ ഉണ്ടാക്കാന്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും, നാല് തവണത്തെ ചികിത്സയ്ക്ക് ശേഷം ഒടുവില്‍ അദ്ദേഹത്തിന് ഒരു മകന്‍ പിറന്നുവെന്നും, പിതാവിന്റെ ഓര്‍മ്മയ്ക്കായി 'അലി' എന്ന് പേരിട്ടുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു