- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആകാശത്തേക്ക് കുതിച്ചുയര്‍ന്നു, പിന്നെ ഭൂമിയിലേക്ക് അതിവേഗം പതിച്ചു; ഖമനേയിയെ വധിച്ച 'ബ്ലൂ സ്പാരോ' ഇസ്രയേലിന്റെ വജ്രായുധം; വ്യോമപ്രതിരോധത്തെ നോക്കുകുത്തിയാക്കുന്ന ക്വാസി ബാലിസ്റ്റിക് മിസൈല്‍; പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് വലിച്ചിഴച്ച 'നീലക്കുരുവി'യുടെ കഥ

ടെഹ്‌റാന്‍: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ യുഎസ്ഇസ്രയേല്‍ സഖ്യം വധിച്ചത്. അമേരിക്കയുമായി ആണവ കരാര്‍ സാധ്യമെന്ന് ഇറാനും ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ഒമാനും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ലോകത്തെ ഞെട്ടിച്ച് ഇറാനെ അമേരിക്ക ആക്രമിക്കുകയായിരുന്നു. ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ ഖമനയിയും ഇറാനിലെ ഉന്നതരും കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധികൃതര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ സംയുക്ത ആക്രമണമായിരുന്നു അത്. വര്‍ഷങ്ങളായി നീണ്ട നിരീക്ഷണത്തിന്റെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ സൈനിക ഓപ്പറേഷന്‍. ബ്ലൂ സ്പാരോയെന്ന മിസൈലാണ് ഖമനയിയെ വകവരുത്താന്‍ ഇസ്രയേല്‍ ഉപയോഗിച്ചത്. മധ്യപൂര്‍വ ദേശത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയാണ് ആ 'നീലക്കുരുവി' തിരികെ ഭൂമി തൊട്ടതെന്നതാണ് യാഥാര്‍ഥ്യം.
ഫെബ്രുവരി 28-ന് പുലര്‍ച്ചെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചര്‍ സ്ട്രീറ്റിലെ ഖമനേയിയുടെ ഓഫീസുള്‍പ്പെടുന്ന കോംപൗണ്ടില്‍ വെച്ചാണ് ഖമേനിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിന് ഉപയോഗിച്ച ആയുധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഖമനേയി കൊല്ലപ്പെട്ടത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ്. ഇസ്രയേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വിക്ഷേപിച്ച ബ്ലൂ സ്പാരോ എന്ന മിസൈലാണ് ഖമനേയിയുടെ ജീവനെടുത്തത്.
ഖമനേയിക്കെതിരായ ആക്രമണം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് ഇസ്രായേലിന്റെ സിഗ്നല്‍ ഇന്റലിജന്‍സ് വിഭാഗമായ യൂണിറ്റ് 8200 ആണ് ഈ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ഖമേനിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചുവരികയായിരുന്നു. ആക്രമണത്തിന് മുമ്പ് ഖമേനിയുടെ അംഗരക്ഷകരുടെ സമയക്രമം, ആശയവിനിമയങ്ങള്‍, പാസ്ചര്‍ സ്ട്രീറ്റിലെ സിസിടിവി ക്യാമറകള്‍ എന്നിവയെല്ലാം ഇസ്രായേല്‍ ഹാക്കിംഗിലൂടെയും മറ്റും നിരീക്ഷിച്ചിരുന്നു. ടെല്‍ അവീവിലെ കമാന്‍ഡ് സെന്ററുകളിലിരുന്ന് കോംപൗണ്ടിലെ ഓരോ നീക്കവും തത്സമയം അവര്‍ കണ്ടിരുന്നു.
ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ആക്രമണത്തെ ഭയന്ന് ഖമനേയി ഭൂമിക്കടിയിലെ ആഴമേറിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്നാണ് ഇസ്രയേല്‍ ഇന്റലിജന്‍സ് പറയുന്നത്. ഈ ബങ്കറിലേക്ക് എത്താന്‍ തന്നെ അഞ്ച് മിനിറ്റോളം വേണമായിരുന്നത്രെ. എന്നാല്‍ രാത്രിയില്‍ മാത്രമേ ഇസ്രയേല്‍ ആക്രമിക്കു എന്ന് വിശ്വസിച്ചിരുന്നതിനാല്‍ ഖമനേയി പകല്‍ സമയങ്ങളില്‍ ബങ്കറില്‍ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ ഇന്റലിജന്‍സ് പറയുന്നു. ഈ ശീലം മനസ്സിലാക്കിയ യുഎസ് ചാരസംഘടനയായ സി.ഐ.എ (CIA), ശനിയാഴ്ച രാവിലെ ഇറാനിലെ ഉന്നത സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഒരു യോഗം നടക്കുമെന്ന വിവരം ഇസ്രായേലിന് കൈമാറി.
ഇറാനെ തെറ്റിധരിപ്പിക്കാനായി ഇസ്രായേല്‍ പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജൂത ആഘോഷമായ 'ഷബാത്ത്' (Shabbat) ആഘോഷങ്ങള്‍ക്കായി വീടുകളിലേക്ക് മടങ്ങുന്ന ചിത്രങ്ങള്‍ അവര്‍ മനഃപൂര്‍വ്വം പുറത്തുവിട്ടു. ഇത് കണ്ട ഇറാന്‍, ഉടനെ ആക്രമണം ഉണ്ടാകില്ലെന്ന് വിശ്വസിച്ചു. എന്നാല്‍ വേഷം മാറി തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ ആക്രമണത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെ ഇസ്രായേലില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയര്‍ന്നു. ഏകദേശം 30 മിസൈലുകളാണ് ഇവയില്‍ നിന്ന് വിക്ഷേപിച്ചത്. ഇവയില്‍ ചിലത് ഖമനേയി ഇരുന്ന കെട്ടിടത്തെ നേരിട്ട് തകര്‍ത്തു. ഖമനേയിക്കൊപ്പം ഐ.ആര്‍.ജി.സി കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍, പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, അഡ്മിറല്‍ അലി ഷംഖാനി, സയ്യിദ് മജീദ് മൂസാവി തുടങ്ങിയ പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടു.
ബ്ലൂ സ്പാരോയെ അറിയാം
1995 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ബ്ലൂ സ്പാരോ ഇസ്രയേല്‍ നിര്‍മിതമാണ്. ക്വാസി ബാലിസ്റ്റിക് സഞ്ചാരപഥമാണ് മിസൈല്‍ പിന്തുടരുന്നത്. വിക്ഷേപണത്തിന് പിന്നാലെ അതിവേഗത്തില്‍ മിസൈല്‍ ഭൂമിയുടെ ഉപരിതലം കടന്ന് ബഹിരാകാശത്തെത്തും പിന്നീടാണ് തിരികെ പ്രവേശിച്ച് ലക്ഷ്യത്തില്‍ പതിക്കുക. ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് പുറത്ത് കടക്കാനും തിരികെ പ്രവേശിക്കാനും കഴിയുന്നതിനാല്‍ വ്യോമപ്രതിരോധത്തെ കബളിപ്പിക്കാനും സാധിക്കും. കുത്തനെയുള്ള സഞ്ചാരപഥവും ലക്ഷ്യത്തില്‍ പതിക്കുന്നതില്‍ നിര്‍ണായകമാണ്.
1.9 ടണ്‍ ഭാരവും 6.5 മീറ്റര്‍ നീളവുമുള്ള ഈ മിസൈല്‍ സാധാരണ ആയുധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു 'ക്വാസി-ബാലിസ്റ്റിക്' (quasi-ballistic) പാതയാണ് പിന്തുടരുന്നത്. യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപണത്തിന് ശേഷം അതിവേഗം ഉയര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുകടക്കുന്ന ഈ മിസൈല്‍, പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് അതിശക്തമായി കുതിച്ചിറങ്ങുന്നു. ഏകദേശം 1,995 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ അന്തരീക്ഷത്തിന് പുറത്തുപോയി തിരിച്ചുവരുന്നതിനാല്‍ റഡാറുകള്‍ക്ക് ഇതിനെ കണ്ടെത്താനോ തകര്‍ക്കാനോ പ്രായോഗികമായി പ്രയാസമാണ്. ഇസ്രയേലിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങളാണ് ബ്ലൂ സ്പാരോ മിസൈല്‍ വിക്ഷേപിച്ചത്. മുമ്പ് ശത്രു മിസൈലുകളെ നേരിടാനുള്ള പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഈ മിസൈലിനെ പിന്നീട് ആക്രമണങ്ങള്‍ക്കായി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു.
മിസൈലിന്റെ അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ഇറാഖില്‍ നിന്നാണ് കണ്ടെത്തിയത്. ചാരനിറത്തില്‍ നീണ്ട,വര്‍ത്തുളമായ ഭാഗങ്ങളാണ് കണ്ടുകിട്ടിയത്. മരുഭൂമിയില്‍ ചിതറിത്തെറിച്ച നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ മിസൈല്‍ ശേഖരത്തില്‍ ബ്ലാക്ക് സ്പാരോയ്ക്കും സില്‍വര്‍ സ്പാരോയ്ക്കുമൊപ്പമാണ് ബ്ലൂ സ്പാരോയും. 1991 ലെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തില്‍ ബ്ലാക് സ്പാരോയും സില്‍വര്‍ സ്പാരോയും ഉപയോഗിച്ചിരുന്നു.
6.5 മീറ്റര്‍ നീളവും 1.9 ടണ്‍ ഭാരവുമാണ് മിസൈലിനുള്ളത്. സാധാരണയായി എഫ്15 യുദ്ധവിമാനങ്ങളില്‍ നിന്നാണ് മിസൈല്‍ തൊടുക്കുക. വേഗതയും സഞ്ചാരപഥവും ലക്ഷ്യം ഭേദിക്കുന്നതില്‍ ഫലപ്രദമാണെന്നാണ് കണക്കാക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ആയത്തുല്ല ഖമനയിയെ യുഎസ്ഇസ്രയേല്‍ സഖ്യം വധിച്ചിരിക്കുന്നത്. ഖമനയിയുടെ അംഗരക്ഷകരുടെ പോക്കുവരവുകളും ആശയവിനിമയങ്ങളും വരെ നിരന്തരം ചോര്‍ത്തി. ഒടുവില്‍ ഖമനയിയുടെ ഓഫിസ് സമുച്ചയത്തിലെ ക്യാമറകളും ചോര്‍ത്തി. ഒടുവിലാണ് ഖമനയിയെ വധിച്ചതും.
മാസങ്ങള്‍ നീണ്ട ആസൂത്രണം
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുന്നതിന് നവംബര്‍ മുതല്‍ ഇസ്രയേല്‍ ആസൂത്രണം ആരംഭിച്ചിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. 2025 നവംബര്‍ മുതല്‍ തന്നെ ഖമനേയിയെ വധിക്കാനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യ പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്ന് അദ്ദേഹം ഇസ്രയേലിന്റെ എന്‍12 ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ 2026 പകുതിയോടെ ഈ ദൗത്യം നടപ്പിലാക്കാനായിരുന്നു ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നത്. അമേരിക്കയെപ്പോലും അറിയിക്കാതെ ഒറ്റയ്ക്ക് ഈ നീക്കം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ശക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ ദൗത്യത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ഈ അനുകൂല സാഹചര്യത്തിലാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് അതിശക്തമായ സൈനിക നീക്കത്തിന് ഇറാനില്‍ തുടക്കം കുറിച്ചതെന്ന് കാറ്റ്‌സ് വ്യക്തമാക്കി.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഖമനേയി ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയത് ഇസ്രായേലിനെയും അമേരിക്കയെയും ഒരുപോലെ അത്ഭുതപ്പെടുത്തി. ഈ സാഹചര്യത്തില്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കുകയും സംയുക്ത സൈനിക നീക്കത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ആഭ്യന്തര പ്രതിഷേധങ്ങള്‍ കാരണം വലിയ സമ്മര്‍ദ്ദത്തിലായ ഇറാന്‍ ഭരണകൂടം ഇസ്രയേലിനും മേഖലയിലെ അമേരിക്കന്‍ സൈന്യത്തിനും എതിരെ മുന്‍കൂര്‍ മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്ന ഭയമാണ് ഈ സൈനിക നീക്കം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചതെന്നും കാറ്റ്‌സ് പറഞ്ഞു. ഇതോടെ ഇരുരാജ്യങ്ങളും ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു. ഇറാനിയന്‍ നേതൃത്വത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. പ്രസിഡന്റ് ട്രംപുമായി ഇത്തരമൊരു സഹകരണം ഉണ്ടാക്കാന്‍ ലോകത്ത് ബെഞ്ചമിന്‍ നെതന്യാഹുവിനു മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പുകഴ്ത്തി.


