തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് തൊട്ടുമുമ്പ് സ്വന്തം പാര്‍ട്ടിക്കാരെയും വിശ്വസ്തരെയും സര്‍ക്കാര്‍ സര്‍വീസില്‍ സുരക്ഷിതരാക്കാന്‍ പിണറായി സര്‍ക്കാര്‍ വന്‍ നീക്കം നടത്തുന്നു. കേരള ബാങ്കില്‍ വര്‍ഷങ്ങളായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 24 പേരെ ഒരൊറ്റ ഉത്തരവിലൂടെ സ്ഥിരപ്പെടുത്തിയതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. കടുത്ത സി.പി.എം കുടുംബ പശ്ചാത്തലമുള്ളവര്‍ക്കും പാര്‍ട്ടി ശുപാര്‍ശയുള്ളവര്‍ക്കുമാണ് ഈ 'ബംബര്‍ ലോട്ടറി' അടിച്ചിരിക്കുന്നത്.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കം കേരള ഹൈക്കോടതി നേരത്തെ കര്‍ശനമായി തടഞ്ഞിരുന്നു. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മാനുഷിക പരിഗണനയില്‍ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരള ബാങ്ക് സര്‍ക്കാരിന്റെ നേരിട്ടുള്ള ഭാഗമല്ലെന്നും സ്വയംഭരണാധികാരമുള്ള സഹകരണ സ്ഥാപനമാണെന്നുമുള്ള പഴുത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഈ നിയമനം നടത്തിയിരിക്കുന്നത്. കോടതി സ്റ്റേ നിലനില്‍ക്കെ ഇത്തരമൊരു നീക്കം നടത്തിയത് കോടതി അലക്ഷ്യമാകുമോ എന്ന ചോദ്യം നിയമവിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

2026 മാര്‍ച്ച് ആറിനാണ് ഇത് സംബന്ധിച്ച സുപ്രധാന വിജ്ഞാപനം പുറത്തുവന്നത്. പാര്‍ട്ട്‌ടൈം കണ്ടിജന്റ് വിഭാഗത്തിലാണ് നിയമനം നല്‍കിയിരിക്കുന്നത്. സ്ഥിരപ്പെടുത്തപ്പെട്ട 24 പേരില്‍ 21 പേരും ഡ്രൈവര്‍മാരാണ്. ബാക്കിയുള്ളവര്‍ ഇലക്ട്രീഷ്യന്‍, എ.സി ഓപ്പറേറ്റര്‍ തസ്തികകളിലാണ്. തിരുവനന്തപുരം ഹെഡ് ഓഫീസ് കൂടാതെ കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളിലുമാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

സഹകരണ സംഘം രജിസ്ട്രാര്‍, കേരള ബാങ്ക് സി.ഇ.ഒ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, റാങ്ക് പട്ടികകളില്‍ ഇടംപിടിച്ച് വര്‍ഷങ്ങളായി ജോലി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ വിഡ്ഢികളാക്കുന്ന നടപടിയാണിതെന്ന് യുവജന സംഘടനകള്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള ധൃതിപിടിച്ച നീക്കമാണിതെന്ന് ഉദ്യോഗാര്‍ത്ഥി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് നടപടി. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും സി.പി.എം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന ആക്ഷേപം ശക്തം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ഈ ആവേശം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു.