- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് ഇനി ഏരിയ കമ്മിറ്റി ഓഫീസില്‍ കയറാം'; പി കെ ശശി ഉന്നമിട്ട മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയുടെ 'നാവുപിഴ' കലിപ്പായി; സഖാക്കളെ ഇത്രയും കാലം അവിടെ വന്നവര്‍ ആരാണ്? വിവാദ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

പാലക്കാട്: പി കെ ശശിയെ ഉന്നമിട്ട് മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസില്‍ കയറാം എന്ന സിപിഎം പ്രാദേശിക നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. പി.കെ. ശശിയെ പുറത്താക്കിയതിന് പിന്നാലെയാണ് മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍. കെ നാരായണന്‍കുട്ടി ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
ഇത്രയും കാലം ഓഫീസില്‍ കയറിയ സ്ത്രീകള്‍ തറവാട്ടില്‍ പിറന്നവരല്ലേ എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സിപിഎം തെങ്കര എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളുടേതാണ് വിമര്‍ശനം. ഏരിയാ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായില്‍ തോന്നിയത് വിളിച്ചു പറയുകയാണെന്നും വനിതാ സഖാക്കളെ മോശമായി ചിത്രീകരിക്കുന്നതാണ് പരാമര്‍ശം എന്നുമാണ് വിമര്‍ശനം.
'തറവാട്ടില്‍ പിറന്ന സ്ത്രീകള്‍ക്ക് ഇനി ഏരിയ കമ്മിറ്റി ഓഫീസില്‍ കയറാം' എന്ന ഏരിയ സെക്രട്ടറിയുടെ പരാമര്‍ശമാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്. പി.കെ. ശശി എന്ന വ്യക്തി ഓഫീസില്‍ ഉണ്ടായിരുന്ന കാലമത്രയും സ്ത്രീകള്‍ക്ക് അവിടേക്ക് വരാന്‍ ഭയമായിരുന്നു എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, ഈ പരാമര്‍ശം പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.
ഏരിയ സെക്രട്ടറിയുടെ വാക്കുകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്രയും കാലം പാര്‍ട്ടി ഓഫീസില്‍ വരികയും പ്രവര്‍ത്തിക്കുകയും ചെയ്ത വനിതാ സഖാക്കളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവനയെന്നാണ് ആരോപണം. പി.കെ. ശശി ഉണ്ടായിരുന്ന സമയത്ത് അവിടെ വന്നിരുന്ന സ്ത്രീകള്‍ ആരും 'തറവാട്ടില്‍ പിറന്നവരല്ലേ' എന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. നേതാക്കളുടെ ഇത്തരം പ്രതികരണങ്ങള്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിന് സമാനമാണെന്നും മഹിളാ അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
പി.കെ. ശശിയുടെ സാന്നിധ്യം കാരണം സ്ത്രീകള്‍ക്ക് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ കാലുകുത്താന്‍ ഭയമായിരുന്നു എന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കുള്ളിലെ സുരക്ഷയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്രയും സ്ത്രീവിരുദ്ധനായ ഒരു വ്യക്തിയെ എങ്ങനെയാണ് സി.പി.എം സംസ്ഥാന നേതാവായും കെ.ടി.ഡി.സി ചെയര്‍മാനായും ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന ചോദ്യവും ഈ വിവാദത്തോടെ ശക്തമായിരിക്കുകയാണ്. പതിറ്റാണ്ടുകളോളം ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ അനുവദിച്ചു കൊടുത്തു എന്നത് ഗൗരവകരമായ കാര്യമാണെന്നും വിമര്‍ശനമുണ്ട്.


