തിരുവനന്തപുരം: രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും സാഹിത്യ സപര്യയുമായി മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ രമേശ് ചെന്നിത്തല. അദ്ദേഹം രചിച്ച കന്നി നോവലായ 'നിയോഗം' മാര്‍ച്ച് 9 തിങ്കളാഴ്ച രാവിലെ 11-ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടക്കുന്ന ചടങ്ങില്‍ മലയാള ചെറുകഥയുടെ രാജശില്‍പ്പി ടി. പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മനോരമ ബുക്‌സാണ് നോവല്‍ പുറത്തിറക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ബ്ലെസി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ പുസ്തകം പരിചയപ്പെടുത്തും. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ സര്‍ഗ്ഗാത്മക സാഹിത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് 'നിയോഗം' വിലയിരുത്തപ്പെടുന്നത്. ചടങ്ങില്‍ മനോരമ ബുക്‌സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് തോമസ് ഡൊമിനിക് സ്വാഗതമാശംസിക്കും.

സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്ന പ്രമുഖ നേതാക്കളില്‍ ഒരാളായ ചെന്നിത്തലയുടെ നോവലിന്റെ പേരും അതിലെ കഥാ പശ്ചാത്തലവും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങളാണോ അതോ തികച്ചും വിഭിന്നമായ മറ്റൊരു പ്രമേയമാണോ നോവല്‍ കൈകാര്യം ചെയ്യുന്നത് എന്നത് നാളെ വ്യക്തമാകും. ചടങ്ങില്‍ രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും.

അമേരിക്കന്‍ പ്രവാസിയാണ് കഥയിലെ നായകന്‍ എന്നാണ് സൂചന. ചെന്നിത്തല കന്നി നോവലില്‍ കൈകാര്യം ചെയ്യുന്നത് പ്രണയമാണ്. നോവലിന്റെ ആദ്യ ഭാഗം അമേരിക്കയിലെ കഥാ സന്ദര്‍ഭമാണ്. അതിന് ശേഷം നായകന്‍ കേരളത്തിലേക്ക് എത്തുന്നു. അവിടെ നോവല്‍ വികസിക്കും. ആഗോള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടു പോകുന്ന ഈ നോവില്‍ ഏവരും ഏറ്റെടുക്കുമെന്നാണ് പ്രസാധകരുടേയും പ്രതീക്ഷ.

കേരളത്തിലെ മുന്‍ നിര രാഷ്ട്രീയക്കാരില്‍ പ്രധാനിയാണ് ചെന്നിത്തല. മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവും. എംപിയും എംഎല്‍എയുമായി നിറയുന്ന മുന്‍ കെപിസിസി പ്രസിഡന്റാണ്. എന്‍ എസ് യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും ദേശീയ പ്രസിഡന്റുമായിരുന്നു. അങ്ങനെ കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാവായ ചെന്നിത്തല നോവല്‍ എഴുതുന്നത് തിരക്കകുകള്‍ക്ക് അപ്പുറം സമയം കണ്ടെത്തിയാണ്.

കേരളത്തിലെ അതിപ്രധാന രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ നോവല്‍ എഴുതുന്ന ആദ്യ വ്യക്തി കൂടിയാണ് ചെന്നിത്തല. ഇതിന് മുമ്പ് ഇത്തരമൊരു കാര്യം ചെന്നിത്തല പോലും പുറത്തേക്ക് അവതരിപ്പിച്ചിരുന്നില്ല.