ജറുസലം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍. ബെഞ്ചമിന്‍ നെതന്യാഹു ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇസ്രയേല്‍ വിവരം ഒളിപ്പിക്കുന്നുവെന്നുമാണ് പ്രധാനമായും പ്രചരിച്ചത്. ഇറാനിലെ ആക്രമണത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വിഡിയോ തെളിവാക്കിയാണ് പ്രചാരണം ശക്തമായത്

നെതന്യാഹുകൊല്ലപ്പെട്ടെന്നും അതല്ല അദ്ദേഹം രാജ്യംവിട്ടെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇറാന്‍-ഇസ്രായേല്‍ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച നെതന്യാഹു ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ വലതുകൈയില്‍ ആറ് വിരലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. പിന്നാലെ വീഡിയോയിലുള്ളത് നെതന്യാഹുവിന്റെ അപരനാണെന്ന തരത്തില്‍ അഭ്യൂഹവും പടര്‍ന്നു. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കാന്‍ഡേസ് ഓവന്‍സ് എവിടെയാണ് നെതന്യാഹു എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തി. എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ വീഡിയോകള്‍ പങ്കുവയ്ക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

വിഡിയോയില്‍ നെതന്യാഹുവിന് 6 വിരലുകളുണ്ടെന്നും പുറത്തുവന്നത് എഐ വിഡിയോ ആണെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. നെതന്യാഹുവിന്റെ പേരില്‍ പ്രചരിച്ച ആറ് വിരലുകള്‍ ഉള്ള വിഡിയോ പുറത്തുവന്നതിനു ശേഷം 'നെതന്യാഹുവിന്റെ കൈ' ശ്രദ്ധിക്കു, 'നെതന്യാഹു ജീവനോടെയില്ലേ?', 'നെതന്യാഹു എവിടെ?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ബെഞ്ചമിന്‍ നെതന്യാഹു 'സുഖമായിരിക്കുന്നു' എന്നും അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയാണെന്നു ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. യുദ്ധകാല സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രചരണമാണിതെന്നാണ് വിലയിരുത്തല്‍.