ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അതീവ അപകടം പിടിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടന്നുപോന്നത് ഇറാന്‍ നാവികസേനയുടെ നേരിട്ടുള്ള സഹായത്താലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. കപ്പല്‍, യാത്രയിലുടനീളം ഇറാന്‍ നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഇറാന്‍ നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയാണ് പൂര്‍ണ്ണമായും ഇന്ത്യന്‍ ജീവനക്കാര്‍ അടങ്ങിയ ഈ ഗ്യാസ് കാരിയര്‍ കപ്പല്‍ ലക്ഷ്യസ്ഥാനത്തെത്തിയതെന്നാണ് വിവരം. ലോകത്തിലെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധം തുടങ്ങിയത് മുതല്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ കുഴിബോംബുകളും വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ ഫലം കണ്ടിരിക്കുന്നത്.

ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള്‍ തയ്യാറാക്കിയും സിഗ്‌നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്.

ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന്‍ തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയതോടെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ എല്‍പിജി കപ്പലിന് അകമ്പടി സേവിക്കുകയും സുരക്ഷിതമായി ഇന്ത്യയിലേക്കുള്ള യാത്ര ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയുള്ള ഗ്യാസ് കാരിയറുകളുടെ ഈ സുരക്ഷിത യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ കപ്പലുകള്‍ക്കുമായി ഒരു പൊതു കരാര്‍ നിലവിലില്ലാത്തതിനാല്‍, ഓരോ കപ്പലിന്റെയും സുരക്ഷയ്ക്കായി പ്രത്യേക ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യുദ്ധഭീഷണിയെത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വര്‍ദ്ധനവും മേഖലയിലെ കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തടസ്സപ്പെട്ടുകിടക്കുന്ന മറ്റ് ഇന്ത്യന്‍ കപ്പലുകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി തുടരുകയാണ്. ലോകവ്യാപാരത്തിന് ആകെ ഭീഷണിയുയര്‍ത്തുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ സ്വന്തം കപ്പലുകളെയും നാവികരെയും സുരക്ഷിതമാക്കാന്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്നത്.

അതേ സമയം ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചനടത്തി. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മില്‍ നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയനുമായി സംസാരിച്ചതായും ഈദ് ആശംസകള്‍ അറിയിച്ചതായും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഈ ഉത്സവകാലത്ത് പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.

മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നതിലും പ്രധാനമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മേഖലയിണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ചതായി മോദി പറഞ്ഞു. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.