- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജ്യത്തെ നയിക്കാന്‍ നാരീശക്തി! ലോക്സഭയില്‍ 816 സീറ്റുകള്‍; 273 സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാത്രം; കേരളത്തില്‍ 30 എംപിമാരും 210 എംഎല്‍എമാരും; സെന്‍സസ് കാത്തുനില്‍ക്കാതെ വനിതാ സംവരണം നടപ്പാക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍; പ്രതിപക്ഷ പാര്‍ട്ടികളെ അനുനയിപ്പിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍; പാര്‍ലമെന്റ് സമ്മേളനം നീട്ടിയേക്കും; മോദിയുടെ മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍!

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുന്ന, 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള വനിതാ സംവരണ നിയമം നടപ്പിലാക്കന്‍ കേന്ദ്ര സര്‍ക്കാര്‍. 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ 'നാരി ശക്തി വന്ദന്‍ അധിനിയം' (വനിതാ സംവരണ നിയമം) പ്രായോഗികമാക്കുന്നതിനായി നിലവിലുള്ള നിയമത്തില്‍ സുപ്രധാന ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിര്‍ദ്ദിഷ്ട ചട്ടക്കൂടിനു കീഴില്‍ ലോകസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആയി ഉയരും, ഇതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും. ബില്‍ ഭേദഗതി നടപ്പിലായാല്‍ കേരളത്തില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം 29 - 30 ആയി ഉയരുമെന്നാണ് സൂചന. നിയമസഭാ സീറ്റുകള്‍ 210 ആയി ഉയരും. ഭേദഗതി പാസായാല്‍ 2027ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലോ, 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമം നടപ്പിലാകും. പുതിയ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ, 2011-ലെ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി 2029-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി സംവരണം നടപ്പിലാക്കുക എന്നതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ ഭേദഗതി നടപ്പിലാകുന്നതോടെ രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകുക. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകള്‍ 816 ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ മൂന്നിലൊന്ന് സീറ്റുകള്‍, അതായത് 273 മണ്ഡലങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റം നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളുടെ ഘടനയെ പൂര്‍ണ്ണമായും മാറ്റിവരയ്ക്കും. നിലവിലെ 20 ലോക്‌സഭാ സീറ്റുകള്‍ 30 ആയി ഉയരും. അതുപോലെ നിയമസഭാ സീറ്റുകളുടെ എണ്ണം 140-ല്‍ നിന്ന് 210 ആയി വര്‍ദ്ധിക്കുകയും ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രധാന ആശങ്കയായ ജനസംഖ്യാനുപാതികമായ സീറ്റ് നഷ്ടം പരിഹരിക്കുന്നതിനായി, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റുകളുടെ നിലവിലെ അനുപാതത്തില്‍ മാറ്റം വരുത്താതെയായിരിക്കും ഈ വര്‍ദ്ധനവ് നടപ്പിലാക്കുക.
2023 ല്‍ പാസാക്കിയ വനിതാ സംവരണ നിയമ പ്രകാരം ലോകസഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവെക്കും. എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ തീര്‍പ്പാകാത്തതിനാല്‍ നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. . നേരത്തെ പാസാക്കിയ 'നാരീശക്തി വന്ദന്‍' നിയമപ്രകാരം 2026-ലെ സെന്‍സസിന് ശേഷമേ സംവരണം നടപ്പാകൂ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പുതിയ സെന്‍സസിന് ശേഷം മാത്രമേ സംവരണം നടപ്പിലാക്കാന്‍ സാധിക്കൂ എന്ന വ്യവസ്ഥയിലാണ് പ്രധാനമായും ഭേദഗതി വരുന്നത്. ഭരണഘടനാ ഭേദഗതിയായതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇതിന് ആവശ്യമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഈ ഭേദഗതി പാസാക്കുക എന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ബി.ജെ.ഡി, വൈ.എസ്.ആര്‍.സി.പി, എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം), ശിവസേന (ഉദ്ധവ് വിഭാഗം), എ.ഐ.എം.ഐ.എം തുടങ്ങിയ പാര്‍ട്ടികളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നില്ലെങ്കിലും ബിജെഡി ഉള്‍പ്പെടെയുള്ള കക്ഷികളുമായി അമിത് ഷാ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിനുള്ള രീതികളും കര്‍മ്മ പദ്ധതിയും ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവിനോട് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.
സമവായമുണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടി ഭേദഗതി ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്ത ആഴ്ചയോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചേക്കും. 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ ഈ നിയമം പ്രായോഗികമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കാലതാമസം ഒഴിവാക്കി വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കാനുള്ള ഈ നീക്കം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധികാര സമവാക്യത്തിന് വഴിതുറക്കുമെന്ന് ഉറപ്പാണ്. മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ നിയമത്തിലും ഇതിനോടൊപ്പം ഭേദഗതികള്‍ വരുത്തേണ്ടി വരും.


