തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉന്നയിച്ച പരാതി വരണാധികാരി തള്ളി. നേരത്തെ പത്രിക സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മാറ്റിവെച്ചിരുന്നു. വാദത്തിനിടെ സ്വത്തുവിവരങ്ങളുമായുള്ള പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വരണാധികാരിക്ക് കഴിയില്ലെന്ന് ബിജെപി അഭിഭാഷകന്‍ വാദിച്ചു. പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം കോടതിയില്‍ കേസുമായി മുന്നോട്ടുപോകാമെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്. ഫോം 26-ല്‍ തെറ്റില്ലെന്നും ഇതില്‍ ആരോപണങ്ങളുണ്ടെങ്കില്‍ കോടതിയിലാണ് ചോദ്യംചെയ്യേണ്ടതെന്നും ബിജെപി ഭാരവാഹികള്‍ പറഞ്ഞു. പത്രികയില്‍ ഒരുതെറ്റുമില്ലെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ ബെംഗളൂരു കോറാമംഗലയിലെ 200 കോടിയുടെ വീടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥിന്റെയും കോണ്‍ഗ്രസിന്റെയും പരാതി. ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകള്‍ സഹിതമാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തുടര്‍ന്ന് പത്രിക മാറ്റിവെയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കുമെന്നും ശബരീനാഥന്‍ വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് കോടതിയെ സമീപിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പിനു മുന്‍പും വ്യക്തിപരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവര്‍ പറഞ്ഞു. അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ എന്നെ ആക്രമിക്കുകയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ല. വികസനം കൊണ്ടുവരാനുള്ള കരുത്താണ്. അതു കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഉന്നയിക്കുന്നതു പൂര്‍ണമായും കള്ളത്തരമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവന്‍കുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, ഉള്ള സ്വത്തിന്റെ 25 ശതമാനം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊതുസംസാരം ഉണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് തങ്ങളുടെ കൈയില്‍ തെളിവ് ഇല്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി പറഞ്ഞു. ഉയര്‍ന്നുവരുന്ന പരാതികള്‍ കമ്മിഷന്‍ പരിശോധിക്കട്ടെ. പത്രിക തള്ളി വാശി തീര്‍ക്കാനൊന്നും ഇല്ലെന്നും രാഷ്ട്രീയ മത്സരം നടക്കട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു.

ബെംഗളൂരുവിലെ കോറമംഗലയില്‍ 49,000 ചതുരശ്രയടിയുള്ള കൊട്ടാരത്തിന്റെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആരോപിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ പ്രദേശത്താണ് ഈ ഒന്നര ഏക്കര്‍ ഭൂമി. ചതുരശ്രയടിക്ക് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ഇവിടെ വില. ഭൂമിയുടെ വില മാത്രം 200 കോടി വരും. മാര്‍ച്ച് 17നാണ് ഇതിന്റെ നികുതി അടച്ചതെന്നും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും വ്യക്തമാക്കി അതിന്റെ ലിങ്കും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്.

2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം അനുസരിച്ച് രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകയിലെ കോറമംഗലയില്‍ 15.07 കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12 ഗ്രാം സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 3.58 കോടിയുടെ ആഭരണങ്ങള്‍, 10,000 രൂപ വിലമതിക്കുന്ന 1942 മോഡല്‍ കാര്‍, പലിശ ഇനത്തില്‍ ലഭിച്ച 5 ലക്ഷം രൂപ, ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83 കോടിയുടെ നിക്ഷേപം, ബാങ്കുകളില്‍ 4.37 കോടിയുടെ സ്ഥിരനിക്ഷേപം, സ്ഥാപനങ്ങള്‍ വഴി വായ്പയായി നല്‍കിയ 34.96 കോടി എന്നിവയാണു സ്വത്തുക്കളില്‍ വരുന്നത്. കൈവശം 64,100 രൂപ മാത്രമാണുള്ളത്. ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച റിട്ടേണ്‍ പ്രകാരം പ്രതിവര്‍ഷ വരുമാനം 92.91 ലക്ഷം രൂപയാണ്.

ഭാര്യ അഞ്ജുവിന് 60.50 ലക്ഷം രൂപയാണു പ്രതിവര്‍ഷ വരുമാനം. 9.08 കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10 കോടിയാണ്; കൈവശം 3.40 ലക്ഷം രൂപയുമുണ്ട്. വായ്പകള്‍ ഉള്‍പ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്. കളമശേരി സ്‌ഫോടനത്തെത്തുടര്‍ന്നു സമൂഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയതുമായി ബന്ധപ്പെട്ട് രാജീവിനെതിരെ എറണാകുളത്തു ക്രിമിനല്‍ കേസുണ്ട്.