ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള ഭിന്നത പരസ്യമായതോടെ, ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയൊരു രാഷ്ട്രീയ തലത്തിലേക്ക് നീങ്ങുകയാണ്. യുദ്ധത്തിന്റെ ആവേശം ചോര്‍ന്ന ട്രംപ്, ഇപ്പോള്‍ ഇതിന്റെ ഉത്തരവാദിത്തം പീറ്റ് ഹെഗ്സെത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഹെഗ്സെത്തിനെ സാക്ഷിയാക്കി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിനുള്ളിലെ അസ്വസ്ഥതകള്‍ വെളിപ്പെടുത്തുന്നതായിരുന്നു.

മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ഹെഗ്സെത്താണ് ഇറാനെതിരെ സൈനിക നീക്കം നടത്തണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചതെന്നാണ് ട്രംപിന്റെ ആരോപണം. 'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്' എന്ന് ഹെഗ്സെത്ത് പറഞ്ഞതായാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ഹെഗ്സെത്തിനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹെഗ്സെത്തിന്റെ മുഖത്തെ ചിരിയില്‍ ആ അസ്വസ്ഥത പ്രകടമായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനലടക്കം വീരവാദം മുഴക്കിയതില്‍ നിന്നും പതിയെ തലയൂരുന്ന ട്രംപിനെയാണ് പല ഘട്ടങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഏറ്റവുമൊടുവിലായി പ്രഖ്യാപിക്കപ്പെട്ട വെടിനിര്‍ത്തലലിലും അത് പ്രകടമായിരുന്നു. ഇപ്പോള്‍ ഇറാനുമായുള്ള യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയില്‍ നടന്ന പൊതു ജനങ്ങളോടുള്ള സമ്മേളനത്തിനിടെയാണ് പ്രതിരോധ സെക്രട്ടറിയെ ഇറാനെതിരായ യുദ്ധത്തിന്റെ പേരില്‍ ട്രംപ് പഴിച്ചത്.

ട്രംപ് പറഞ്ഞത് ഇങ്ങനെ: 'ഞാന്‍ നമ്മുടെ മികച്ച ആളുകളില്‍ പലരെയും വിളിച്ചു... എന്നിട്ട് പറഞ്ഞു, 'നമുക്ക് സംസാരിക്കാം. മിഡില്‍ ഈസ്റ്റില്‍ നമുക്കൊരു പ്രശ്‌നമുണ്ട്. ഇറാന്‍ എന്നൊരു രാജ്യം നമുക്കുണ്ട്, കഴിഞ്ഞ 47 വര്‍ഷമായി അവര്‍ ഭീകരതയുടെ പ്രായോജകരാണ്, അവര്‍ ഒരു ആണവായുധത്തിന് തൊട്ടരികിലുമാണ്. തുടര്‍ന്ന് തന്റെ വലതുവശത്തിരുന്ന യുദ്ധകാര്യ സെക്രട്ടറി ഹെഗ്സെത്തിന് നേരെ തിരിഞ്ഞ് ട്രംപ് കൂട്ടിച്ചേര്‍ത്തു: 'പീറ്റ്, എനിക്ക് തോന്നുന്നു നിങ്ങളാണ് ആദ്യം സംസാരിച്ചതെന്ന്. നിങ്ങള്‍ പറഞ്ഞു, 'നമുക്കിത് ചെയ്യാം, കാരണം അവരെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കരുത്'.'

എന്നാല്‍ ട്രംപിന്റെ ഈ പരാമര്‍ശത്തില്‍ ഹെഗ്സെത്ത് അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. ഇറാനുമായുള്ള ചര്‍ച്ചകള്‍ 'കഴിഞ്ഞ രാത്രി ആരംഭിച്ചു' എന്ന് അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെടുമ്പോള്‍, ഹെഗ്സെത്ത് ഒരു അസ്വസ്ഥമായ ചിരിയോടെ അത് കേട്ടിരുന്നത്.

അവര്‍ വളരെ നല്ലവരാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് സമാധാനം വേണം- ആണവായുധം ഉണ്ടാക്കില്ലെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്, അങ്ങനെ പലതും... എങ്കിലും നമുക്ക് നോക്കാം. അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പക്ഷേ അതിന് നല്ലൊരു സാധ്യതയുണ്ടെന്ന് ഞാന്‍ പറയും.' ഈ പോരാട്ടത്തില്‍ ഇസ്രായേല്‍ ഒരു 'മികച്ച പങ്കാളി'യാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നാലാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഈ യുദ്ധം മേഖലയിലാകെ നാശം വിതയ്ക്കുകയും ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണങ്ങള്‍ വരുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ട്രംപും ഇറാനും തമ്മിലുള്ള തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ലോക സമ്പദ്വ്യവസ്ഥ 'വലിയ ഭീഷണി'യിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനുമായി സഖ്യമുള്ള രാജ്യങ്ങള്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ഇടുങ്ങിയ ജലപാതയിലൂടെയുള്ള പ്രവേശനം ഇറാന്‍ ഭരണകൂടം വിലക്കിയിരിക്കുകയാണ്. കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒരു രാജ്യവും മുക്തമായിരിക്കില്ലെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ, മിഡില്‍ ഈസ്റ്റിലെ ശത്രുത പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മില്‍ 'വളരെ നല്ലതും ഫലപ്രദവുമായ' സംഭാഷണങ്ങള്‍ നടത്തിയെന്ന് ട്രംപ് കുറിച്ചു. ഇതിന്റെ ഫലമായി, ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതി അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി ട്രംപ് അറിയിച്ചു.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയിലും, ഈ യുദ്ധം ഒരു വന്‍ വിജയമാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച വരെ ട്രംപിനെ പുകഴ്ത്തി സംസാരിച്ചിരുന്ന ഹെ ഗ്‌സേത്തിനെയാണ് ട്രംപ് യുദ്ധത്തിന്റെ പേരില്‍ പഴിചാരിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച സംസാരിക്കവെ, 'ട്രംപ് ഡിറേഞ്ച്മെന്റ് സിന്‍ഡ്രോം' ബാധിച്ചുവെന്ന് ആരോപിച്ച് മാധ്യമങ്ങളെയും അമേരിക്കയുടെ സഖ്യകക്ഷികളെയും പീറ്റ് ഹെഗ്സെത്ത് രൂക്ഷമായി വിമര്‍ശിച്ചു. 'പ്രസിഡന്റ് ട്രംപ് പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മാധ്യമങ്ങള്‍' എന്ന് പ്രതിരോധ സെക്രട്ടറി തുറന്നടിച്ചു. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് കാര്യങ്ങള്‍ നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, ലോകം മുഴുവന്‍ പ്രസിഡന്റ് ട്രംപിനോട് പറയേണ്ടത് ഒരേയൊരു കാര്യമാണെന്നും അത് 'നന്ദി' എന്നതാണെന്നും പറഞ്ഞിരുന്നു.

അതേസമയം, ഹെഗ്സെത്ത് ഉള്‍പ്പെടെയുള്ള ട്രംപ് മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ പൊതുജനമധ്യത്തിലുള്ള മതിപ്പ് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡെയ്ലി മെയില്‍/ജെഎല്‍ പാര്‍ട്ണേഴ്സ് നടത്തിയ സര്‍വ്വേ പ്രകാരം, മൈനസ് 10 നെറ്റ് അപ്രൂവല്‍ റേറ്റിംഗുമായി മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയില്ലാത്ത സെക്രട്ടറിയായി യുദ്ധകാര്യ സെക്രട്ടറി മാറിയിരിക്കുകയാണ്. ഇറാനെതിരെയുള്ള ആദ്യ ആക്രമണം നടന്ന ഫെബ്രുവരി 28-ന് ശേഷം ഹെഗ്സെത്തിന്റെ റേറ്റിംഗില്‍ 10 പോയിന്റുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ തിരിച്ചടി നേരിട്ടിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ 'നല്ലതും ക്രിയാത്മകവുമാണെന്ന്' പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് തൊട്ടുപിറ്റേന്ന് ചൊവ്വാഴ്ച ടെല്‍ അവീവിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടന്നു. ഇസ്രായേലിന് നേരെ ഇറാന്‍ ഒന്നിലധികം തവണ മിസൈലുകള്‍ തൊടുത്തു. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങുകയും മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

ട്രംപ് സൂചിപ്പിച്ച ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞതോടെ ഇപ്പോഴും തര്‍ക്കവിഷയമായി തുടരുകയാണ്. 'അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല,' എന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എക്‌സ് (X) പ്ലാറ്റ്ഫോമില്‍ കുറിച്ചു. സാമ്പത്തിക-എണ്ണ വിപണികളെ സ്വാധീനിക്കാനാണ് ഇത്തരം 'വ്യാജ വാര്‍ത്തകള്‍' ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മില്‍ 'പ്രധാനപ്പെട്ട കാര്യങ്ങളില്‍ ധാരണയായെന്ന' ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ നിഷേധിച്ചുകൊണ്ട് ഫാര്‍സ് വാര്‍ത്താ ഏജന്‍സി ടെലിഗ്രാമിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.