കൊച്ചി: 'കൂട്ടിയ ആദ്യത്തെ ശമ്പളം കിട്ടുമ്പോള്‍ ജാസ്മിന്‍ ഷായ്ക്ക് ഒരു പാന്റും ഷര്‍ട്ടും ഒക്കെ ഞാന്‍ മേടിച്ചു തരും...' തൃശൂര്‍ മദര്‍ ആശുപത്രിയിലെ ശമ്പള വര്‍ദ്ധനവില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷായോട് ലെന ജോണ്‍ അവസാനമായി പറഞ്ഞ വാക്കുകളാണിത്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ വിദേശത്ത് ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപ്രതീക്ഷിത വിയോഗം. നഴ്‌സിംഗ് സമൂഹത്തെയും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) കുടുംബത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ലെന ജോണ്‍ (23) വിടവാങ്ങിയത്.

തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും യുഎന്‍എയുടെ സജീവ പ്രവര്‍ത്തകയുമായിരുന്ന ലെന ജോണ്‍ എറണാകുളത്ത് വെച്ചാണ് മരണപ്പെട്ടത്. ഉപരിപഠനത്തിനായുള്ള ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലെനയ്ക്ക് അനുഭവപ്പെട്ട പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്. ആശുപത്രി മാനേജ്മെന്റ് നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു ലെനയെന്നും, ആ വിവരം പങ്കുവെക്കാന്‍ ജാസ്മിന്‍ ഷായെ വിളിച്ചപ്പോഴാണ് സ്‌നേഹസമ്മാനത്തെക്കുറിച്ച് സംസാരിച്ചതെന്നും സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും സ്‌നേഹിക്കാനും മുന്നിലുണ്ടായിരുന്ന ആ മനസ്സിന്റെ ഉടമയാണ് ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നത്.

പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലെന, പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെത്തുടര്‍ന്നാണ് ചികിത്സ തേടിയത്. കളമശ്ശേരിയിലെ ആശുപത്രിയില്‍ നിന്ന് ആലുവ നജാത്ത് ആശുപത്രിയിലേക്കും, തുടര്‍ന്ന് നില വഷളായതോടെ രാജഗിരി ആശുപത്രിയിലേക്കും മാറ്റാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. ലെനയ്ക്ക് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പനി ഉണ്ടായിരുന്നതായും, പനിയെത്തുടര്‍ന്നുണ്ടായ ശാരീരിക പ്രശ്‌നങ്ങളാണോ വയറുവേദനയ്ക്ക് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂ എന്നും ബന്ധുക്കള്‍ പറഞ്ഞു.

പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ മാതാപിതാക്കളുടെ ഏക മകളാണ് ലെന ജോണ്‍. വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കായി ലെന തയ്യാറെടുത്തിരുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) സമര പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ലെന, നഴ്‌സിംഗ് മേഖലയിലെ അവകാശ പോരാട്ടങ്ങളില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. ആവേശം നിറഞ്ഞ ആ പോരാട്ടവീര്യവും മറ്റുള്ളവരോടുള്ള കരുതലും സഹപ്രവര്‍ത്തകരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.