ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്‌സൈസ് തീരുവ കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം സാധാരണക്കാരന് ആശ്വാസമാകില്ല. തീരുവ കുറച്ചെങ്കിലും ഇതിന്റെ ഗുണം പമ്പുകളില്‍ വിലക്കുറവായി പ്രതിഫലിക്കില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന കനത്ത നഷ്ടം നികത്താനാണ് ഈ നടപടി. ചുരുക്കത്തില്‍, സര്‍ക്കാരിന്റെ നികുതിയിളവ് എണ്ണക്കമ്പനികളുടെ ഖജനാവിലേക്കാണ് നേരിട്ടെത്തുന്നത്.

തീരുവ കുറച്ചതോടെ കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് നികുതി പെട്രോളിന് ലിറ്ററിന് 3 രൂപയായും ഡീസലിന് പൂജ്യമായും കുറഞ്ഞു. എന്നാല്‍ പമ്പുകളില്‍ വില കുറയ്ക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില യുദ്ധ പശ്ചാത്തലത്തില്‍ 122 ഡോളറിലെത്തി. നിലവിലെ വിലയില്‍ ഇന്ധനം വില്‍ക്കുമ്പോള്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് പ്രതിദിനം 2400 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ലോകമെങ്ങും ഇന്ധനവില 50 ശതമാനത്തോളം വര്‍ദ്ധിച്ചപ്പോഴും ഇന്ത്യയില്‍ വില ഉയര്‍ത്താതെ പിടിച്ചുനിര്‍ത്താന്‍ ഈ നികുതിയിളവ് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

'രണ്ടു വഴികളാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്; ഒന്നുകില്‍ വില വര്‍ദ്ധിപ്പിക്കുക, അല്ലെങ്കില്‍ ആ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുക. ജനങ്ങളെ സംരക്ഷിക്കാന്‍ രണ്ടാമത്തെ വഴി ഞങ്ങള്‍ തിരഞ്ഞെടുത്തു.' എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പൊതുമേഖലാ കമ്പനികള്‍ വില പിടിച്ചുനിര്‍ത്തുമ്പോഴും രാജ്യത്തെ ഏഴായിരത്തോളം പമ്പുകളുള്ള സ്വകാര്യ കമ്പനിയായ 'നയാര എനര്‍ജി' വില വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. പ്രാദേശിക നികുതികള്‍ കൂടി ചേരുമ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇവരുടെ പമ്പുകളില്‍ വില ഇനിയും ഉയരും. നിലവില്‍ വിപണിയുടെ സിംഹഭാഗവും പൊതുമേഖലയിലായതിനാല്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.

ഇന്ധന പ്രതിസന്ധിയും ഊര്‍ജ്ജ സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 6.30-ന് മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നികുതികള്‍ കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. കേന്ദ്രം നികുതി കുറച്ച മാതൃകയില്‍ സംസ്ഥാനങ്ങളും സംസ്ഥാന നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ഇനിയും എണ്ണ വില ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളോടും കേന്ദ്രം അഭ്യര്‍ത്ഥന നടത്തുന്നത്.

60 ദിവസത്തേക്കുള്ള എണ്ണ ശേഖരവും 30 ദിവസത്തേക്കുള്ള എല്‍പിജി സിലിണ്ടറുകളും രാജ്യത്ത് കരുതലുണ്ടെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കും. പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ ഇന്ധന വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങള്‍ നേരിടാനുള്ള കര്‍മ്മപദ്ധതിക്കും യോഗം രൂപം നല്‍കും. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നത് മൂലം എണ്ണ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചുകൊണ്ടുള്ള നടപടിയിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ ഈ ഇളവ് പെട്രോള്‍ പമ്പുകളിലെ വിലയില്‍ പ്രതിഫലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് പ്രതിദിനം നിലവില്‍ 2400 കോടി രൂപയോളം നഷ്ടമുണ്ടാക്കുന്നുവെന്നും കേന്ദ്രം പറയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പലരാജ്യങ്ങളിലും 20 മുതല്‍ 50 ശതമാനം വരെ ഇന്ധന വില വര്‍ധിച്ചുവെന്നും ഇന്ത്യയില്‍ ഈ വിലവര്‍ദ്ധനവ് തടഞ്ഞുനിര്‍ത്തിയതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.