- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ റാലിയില്‍ സജീവമായിരിക്കാന്‍ 511 രൂപയൂം ഭക്ഷണവും; റാലി നടക്കുന്ന കൃത്യസ്ഥലം പിന്നീട് അറിയിക്കാം; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് റാലിക്ക് 'വാടകയ്ക്ക്' ആളെ തേടിയെന്ന് പ്രചാരണം; സിപിഎം ഗൂഢാലോചനയെന്ന് കെ. മുരളീധരന്‍, ഹയരേര്‍ ആപ്പ് പരസ്യം വിവാദത്തില്‍; സിപിഎമ്മിന് മൂന്നാം സ്ഥാന ഭയമോ?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് റാലിയിലേക്ക് പണം നല്‍കി ആളുകളെ എത്തിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൊബൈല്‍ ആപ്പില്‍ പ്രത്യക്ഷപ്പെട്ട പരസ്യം രാഷ്ട്രീയ വിവാദമാകുന്നു. അവിദഗ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്ന 'ഹയരേര്‍' (HireErr) എന്ന ആപ്പിലാണ് കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് തന്നെയും കോണ്‍ഗ്രസിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇടതുപക്ഷം മെനഞ്ഞെടുത്ത നീചമായ ഗൂഢാലോചനയാണെന്ന് കെ. മുരളീധരന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ഭയത്താലാണ് എല്‍.ഡി.എഫ് ഇത്തരം 'ചീപ്പ് കളി'കള്‍ക്ക് മുതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വൈകുന്നേരം നടക്കുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ 20 പേരെയാണ് ആപ്പ് വഴി ആവശ്യപ്പെട്ടത്. വൈകിട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ റാലിയില്‍ സജീവമായിരിക്കാന്‍ ഒരാള്‍ക്ക് 511 രൂപയും ഭക്ഷണവുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. റാലി നടക്കുന്ന കൃത്യസ്ഥലം പിന്നീട് അറിയിക്കാമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആപ്പിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായതോടെ അധികൃതര്‍ ഉടന്‍ തന്നെ പരസ്യം പിന്‍വലിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന് പരിപാടികള്‍ക്ക് ആളെ വാടകയ്ക്ക് എടുക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. താന്‍ വട്ടിയൂര്‍ക്കാവില്‍ മുന്‍പ് രണ്ടു തവണ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണെന്നും ജനപിന്തുണ തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്ത് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായതോടെ സി.പി.എം കേന്ദ്രങ്ങള്‍ പടച്ചുവിട്ട വ്യാജവാര്‍ത്തയാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ റാലിയില്‍ പങ്കെടുക്കുമ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ മോശമാക്കാനാണ് ഇടത് കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം രാഷ്ട്രീയ വിവാദമായതോടെ വിശദീകരണവുമായി ആപ്പ് അഡ്മിന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു പരസ്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം. ആര്‍ക്കും ഏതു പേരിലും പരസ്യം നല്‍കാമെന്ന ആപ്പിന്റെ പഴുതുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ പേരില്‍ ആരോ മനഃപൂര്‍വ്വം വ്യാജ സന്ദേശം ചമച്ചതാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ പോരാട്ടം മുറുകുന്നതിന്റെ സൂചനയാണ് ഈ 'ആപ്പ് വിവാദം'. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇപ്പോള്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലേക്കാണ്. മുന്‍പ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ട് പ്രമുഖര്‍ നേരിട്ട് ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയോടെയാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വട്ടിയൂര്‍ക്കാവില്‍ കളം മുറുകുന്നത്. കോണ്‍ഗ്രസ് കരുത്തന്‍ കെ. മുരളീധരനും സി.പി.എമ്മിലെ ജനപ്രിയ നേതാവ് വി.കെ. പ്രശാന്തും ആദ്യമായി മുഖാമുഖം പോരാടുമ്പോള്‍, മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ ബി.ജെ.പി കളത്തിലിറക്കിയതോടെ പോരാട്ടം പ്രവചനാതീതമായ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. വിജയം ആര്‍ക്കൊപ്പമെന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യത്തില്‍ മുന്നണികള്‍ പരസ്പരം 'ഡീല്‍' ആരോപണങ്ങള്‍ ഉന്നയിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ്.
മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മൂന്ന് മുന്നണികള്‍ക്കും ഇവിടെ വിജയപ്രതീക്ഷയ്ക്ക് വകയുണ്ട്. 2011-ല്‍ മണ്ഡലം നിലവില്‍ വന്നപ്പോള്‍ കെ. മുരളീധരന്‍ ചെറിയാന്‍ ഫിലിപ്പിനെ 16,167 വോട്ടിന് പരാജയപ്പെടുത്തിയാണ് തുടക്കമിട്ടത്. 2016-ല്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ 7,622 വോട്ടിന് മറികടന്ന് മുരളി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ മുരളീധരന്‍ ലോക്‌സഭയിലേക്ക് പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് മണ്ഡലം എല്‍.ഡി.എഫിനായി പിടിച്ചെടുത്തു. 2024-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 21,515 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ പ്രശാന്ത് വിജയം ആവര്‍ത്തിച്ചപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം, ബി.ജെ.പിക്ക് വലിയ വോട്ട് ബാങ്കുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ ഇവിടെ ഒന്നാമതെത്തിയത് എന്‍.ഡി.എയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി ഇവിടെ ഒന്നാം സ്ഥാനത്തായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഈ മേധാവിത്വം നിയമസഭയില്‍ വോട്ടായി മാറുന്നില്ലെന്ന പരിമിതി ഇത്തവണ ആര്‍. ശ്രീലേഖയിലൂടെ മറികടക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ആദ്യ വനിതാ ഡി.ജി.പി എന്ന പ്രതിച്ഛായ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
മണ്ഡലം നിലനിര്‍ത്താന്‍ വി.കെ. പ്രശാന്തും, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ കെ. മുരളീധരനും, അക്കൗണ്ട് തുറക്കാന്‍ ആര്‍. ശ്രീലേഖയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ വട്ടിയൂര്‍ക്കാവ് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ അഗ്‌നിപരീക്ഷയായി മാറിയിരിക്കുകയാണ്. ഓരോ വോട്ടും നിര്‍ണ്ണായകമായ ഈ പോരാട്ടത്തില്‍ അന്തിമചിരി ആരുടേതാകുമെന്ന് അറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു.


