- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ എന്‍ജിന്‍ കത്തുന്നത് കണ്ട് ആളുകള്‍ നിലവിളിക്കുന്നതും കരയുന്നതും വ്യക്തം; വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; ബ്രസീലില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ഇറക്കി; ഒഴിവായത് വന്‍ ദുരന്തം; ആ മേഡേ സന്ദേശം അപകടമായില്ല; ആകാശ യാത്രയിലെ സുരക്ഷിതത്വം ചര്‍ച്ചകളില്‍

സാവോ പോളോ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ബ്രസീലിലെ സാവോ പോളോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയിലെ അറ്റ്ലാന്റയിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എല്‍ 104 വിമാനമാണ് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്. 272 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എയര്‍ബസ് എ 330-300 വിമാനം റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഉടന്‍ ഇടതുവശത്തെ എന്‍ജിനില്‍ നിന്ന് തീപ്പൊരികള്‍ വരികയും നിമിഷങ്ങള്‍ക്കകം എന്‍ജിന്‍ ആളിപ്പടരുകയുമായിരുന്നു. വിമാനത്തിനുള്ളിലിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ എന്‍ജിന്‍ കത്തുന്നത് കണ്ട് ആളുകള്‍ നിലവിളിക്കുന്നതും കരയുന്നതും വ്യക്തമാണ്. എന്‍ജിനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ താഴേക്ക് വീണ് റണ്‍വേയ്ക്ക് സമീപം ചെറിയ തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനം 4,500 അടി ഉയരത്തിലെത്തിയപ്പോഴാണ് പൈലറ്റ് അപകടവിവരം തിരിച്ചറിഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് 'നിങ്ങളുടെ ചിറകുകളില്‍ തീപിടിച്ചിരിക്കുന്നു' എന്ന സന്ദേശം ലഭിച്ച ഉടന്‍ പൈലറ്റ് 'മേഡേ' സന്ദേശം അയയ്ക്കുകയും വിമാനം സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാംഗങ്ങള്‍ ഉടന്‍ തന്നെ വിമാനത്തിന് സമീപമെത്തി തീയണച്ചു.
വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെ ബസ്സില്‍ ടെര്‍മിനലിലേക്ക് മാറ്റിയതായും ഡെല്‍റ്റ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം റദ്ദാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനം അഗ്‌നിശമന സേനയുടെ വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുണ്ടായ പുതിയ അപകടം വിമാനയാത്രക്കാരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


