ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം കരയുദ്ധത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഇറാന്‍ സൈന്യം. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍, അമേരിക്കയെ നേരിട്ടുള്ള കരയുദ്ധത്തിന് വെല്ലുവിളിച്ചുകൊണ്ടാണ് ഇറാന്‍ സൈന്യം വീഡിയോ പുറത്തുവിട്ടത്. ഇറാന്റെ സ്‌പെഷല്‍ ഫോഴ്‌സ് കമാന്‍ഡോകള്‍ വിവിധതരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയില്‍ 'നിങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും' വെല്ലുവിളിക്കുന്നുണ്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി വഴിയാണ് സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളുടെ കരുത്ത് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

വിവിധതരം അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും ഗറില്ലാ യുദ്ധമുറകളിലും വിദഗ്ധരായ ഇറാന്റെ കമാന്‍ഡോകള്‍ യുദ്ധത്തിന് സജ്ജമാണെന്ന് വീഡിയോ വ്യക്തമാക്കുന്നു. അമേരിക്കന്‍ സൈനികരെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്നാണ് ഇറാന്റെ അവകാശവാദം. വീഡിയോ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ലെങ്കിലും, നിലവിലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ഇത് പുറത്തുവിട്ടത് അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള മനഃശാസ്ത്രപരമായ യുദ്ധനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, മേഖലയില്‍ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണ്. യുഎസ് സൈന്യത്തിലെ പ്രശസ്തമായ 82-ാം എയര്‍ബോണ്‍ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് സൈനികര്‍ പശ്ചിമേഷ്യയിലേക്ക് തിരിച്ചതായാണ് വിവരം. ഇതിനോടകം തന്നെ 2,500 യുഎസ് മറീനുകള്‍ മേഖലയില്‍ എത്തിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷം മാര്‍ച്ച് അവസാനിക്കുമ്പോഴും ശമനമില്ലാതെ തുടരുന്നത് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്.

വ്യോമാക്രമണങ്ങളില്‍ നിന്ന് പശ്ചിമേഷ്യന്‍ പോരാട്ടം ഒരു കരയുദ്ധത്തിലേക്ക് വഴിമാറുമെന്ന സൂചനകളാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്നത്. ഇറാന്റെ ഭീഷണി നിലനില്‍ക്കെ തന്നെ ഇസ്രായേലിന് പിന്തുണയുമായി യുഎസ് സൈന്യം നിലയുറപ്പിക്കുന്നത് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. അനുരജ്ഞന ചര്‍ച്ചയ്ക്കുവേണ്ടി സംസാരിക്കുന്ന യുഎസ്, രഹസ്യമായി കരയുദ്ധത്തിനു പദ്ധതിയിടുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബഫ് കുറ്റപ്പെടുത്തിയിരുന്നു. ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിനാണ് യുഎസ് തയാറെടുക്കുന്നതെന്നു വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇന്ധനപ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇസ്ലാമാബാദില്‍ പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ തുര്‍ക്കി, ഈജിപ്ത്, സൗദി വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിയതെന്നാണു വിവരം. ശുപാര്‍ശകള്‍ യുഎസിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു സമാന്തരമായി പാക്ക് സേനാ മേധാവി അസിം മുനീര്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി നിരന്തര ആശയവിനിമയത്തിലാണ്. ഹോര്‍മുസിലെ തടസ്സം നീക്കിയാല്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താനാവുമെന്നാണു തുര്‍ക്കിയുടെ കണക്കുകൂട്ടല്‍. ഹോര്‍മുസ് തുറക്കല്‍, ആണവായുധ നിരായുധീകരണം തുടങ്ങിയ വ്യവസ്ഥകളോടെ കഴിഞ്ഞയാഴ്ച യുഎസ് വച്ച 15 ഇന വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ തള്ളിയിരുന്നു. ആഗോള വിപണിയിലും എണ്ണവിലയിലും ഈ യുദ്ധസാഹചര്യം വലിയ ആഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്.