ഡെര്‍ബി: യുകെയിലെ ഡെര്‍ബി സിറ്റി സെന്ററില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി ഏഴുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് മലയാളി തന്നെയെന്ന് സ്ഥിരീകരിച്ചു. നേരത്തെ പ്രതി മലയാളിയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നെങ്കിലും, കോടതി നടപടികളിലേക്ക് നീങ്ങിയതോടെയാണ് പ്രതി 36 വയസ്സുകാരനായ സന്ധു പി മേനോന്‍ (സന്ധു പൊന്നച്ചന്‍) ആണെന്ന വിവരം പുറത്തുവന്നത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് തുല്യമായ കുറ്റങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ഓടെ ഫ്രയര്‍ ഗേറ്റിലെ ബിഷപ്പ് ബ്ലെയ്‌സ് പബ്ബിന് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. സന്ധു ഓടിച്ചിരുന്ന സുസുക്കി സ്വിഫ്റ്റ് കാര്‍ നടപ്പാതയിലേക്ക് മനഃപൂര്‍വ്വം ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. അപകടത്തില്‍ 36-നും 52-നും ഇടയില്‍ പ്രായമുള്ള നാല് പുരുഷന്മാര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരില്‍ നാലുപേര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ആരുടെയും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തീവ്രവാദ വിരുദ്ധ സേനയുടെ സഹായത്തോടെയായിരുന്നു ഡെര്‍ബിഷെയര്‍ പോലീസ് അന്വേഷണം നടത്തിയത്. മനഃപൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ആറ് കേസുകളും, വധശ്രമത്തിന് തുല്യമായ കുറ്റം, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, ആയുധം കൈവശം വെക്കല്‍ എന്നീ വകുപ്പുകളാണ് സന്ധുവിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ ഇയാള്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലയിലാണ് താമസിച്ചിരുന്നത്.

സംഭവത്തിന് പിന്നാലെ ഡെര്‍ബി സിറ്റി സെന്ററില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ പ്രമാണിച്ച് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫ്രയര്‍ ഗേറ്റിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള സന്ധുവിനെ ഏപ്രില്‍ ഒന്നിന് സതേണ്‍ ഡെര്‍ബിഷെയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.