വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള 'ജനനാലുള്ള പൗരത്വ' അവകാശം റദ്ദാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് സുപ്രീം കോടതിയില്‍. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റ് സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ കോടതിമുറിയില്‍ എത്തുന്നത്. എന്നാല്‍ ട്രംപ് തന്നെ നിയമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നീക്കത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത് ശ്രദ്ധേയമായി.

അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ആര്‍ക്കും പൗരത്വം നല്‍കുന്ന രീതി ലോകത്തെവിടെയും ഇല്ലാത്ത 'വിഡ്ഢിത്തം' ആണെന്നാണ് ട്രംപ് വാദിക്കുന്നത്. വിദേശികള്‍ പൗരത്വത്തിനായി മാത്രം അമേരിക്കയിലെത്തി പ്രസവിക്കുന്ന 'ബര്‍ത്ത് ടൂറിസം' തടയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 2025 ഫെബ്രുവരി 19-ന് ശേഷം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കും താല്‍ക്കാലിക വിസയില്‍ എത്തുന്നവര്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലെന്ന് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയിരുന്നു. ഇതിനെതിരെയുള്ള 'ട്രംപ് വേഴ്‌സസ് ബാര്‍ബറ' എന്ന കേസിലാണ് കോടതി വാദം കേള്‍ക്കുന്നത്.

ട്രംപിന്റെ അഭിഭാഷകന്‍ ജോണ്‍ സൗവര്‍ ഉന്നയിച്ച വാദങ്ങളെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് അടക്കമുള്ളവര്‍ തള്ളിക്കളഞ്ഞു. 'ലോകം മാറിയിട്ടുണ്ടാകാം, പക്ഷേ ഭരണഘടന അത് തന്നെയാണ്.' ട്രംപിന്റെ വാദങ്ങളെ 'വിചിത്രം' (ഝൗശൃസ്യ) എന്നാണ് കോടതി വിശേഷിപ്പിച്ചത്. ട്രംപ് നിര്‍ദ്ദേശിക്കുന്ന രീതി നടപ്പിലാക്കിയാല്‍ അത് പുതിയൊരു തരം പൗരത്വത്തിന് വഴിവെക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തദ്ദേശീയരായ റെഡ് ഇന്ത്യന്‍സിന് പോലും പൗരത്വം ലഭിക്കാത്ത അവസ്ഥ ഇതിലൂടെ ഉണ്ടാകില്ലേ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളുടെ പൗരത്വം തീരുമാനിക്കാന്‍ ഗര്‍ഭിണികളെ ചോദ്യം ചെയ്യേണ്ടി വരുമോ എന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു.

അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം അടിമത്തത്തില്‍ നിന്ന് മോചിതരായവര്‍ക്ക് പൗരത്വം ഉറപ്പാക്കാനാണ് 1868-ല്‍ 14-ാം ഭേദഗതി കൊണ്ടുവന്നത്. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏതൊരാളും പൗരനായിരിക്കുമെന്നാണ് ഇതില്‍ പറയുന്നത്. ഇതിനെ പ്രസിഡന്റിന്റെ ഉത്തരവ് വഴി മാറ്റാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വാദിക്കുന്നു. വിവിധ സര്‍വ്വേകള്‍ പ്രകാരം 67 ശതമാനം അമേരിക്കക്കാരും ജനനാലുള്ള പൗരത്വം നിര്‍ത്തലാക്കുന്നതിനെ എതിര്‍ക്കുന്നു. ട്രംപിന്റെ പുതിയ നീക്കം രാഷ്ട്രീയമായി അദ്ദേഹത്തിന് തിരിച്ചടിയാകുമോ എന്ന് നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

കേസില്‍ ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തോടെ സുപ്രീം കോടതിയുടെ അന്തിമ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നു. കോടതിമുറിയില്‍ തന്റെ സ്ഥിരം റെഡ് ടൈ ധരിച്ച് മുന്‍നിരയിലിരുന്ന ട്രംപ്, വാദങ്ങള്‍ക്ക് ശേഷം പുറത്തുവന്ന് സോഷ്യല്‍ മീഡിയയിലൂടെ ജഡ്ജിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.