കൊച്ചി: യുവനടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ മുന്‍കാല പെരുമാറ്റങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ചലച്ചിത്ര രംഗത്തുള്ളവര്‍ രംഗത്ത്. ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ രഞ്ജിത്തിന് കോടതി ജാമ്യം നിഷേധിക്കുകയും പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് പരസ്യമായി മര്‍ദ്ദിച്ചെന്ന ഗുരുതരമായ ആരോപണമാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഉന്നയിച്ചിരിക്കുന്നത്. 'ആറാം തമ്പുരാന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു മുതിര്‍ന്ന നടന്റെ മുഖത്തടിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണനെ രഞ്ജിത്ത് വിമര്‍ശിച്ചപ്പോള്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തമാശരൂപേണ നല്‍കിയ മറുപടി രഞ്ജിത്തിനെ പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്ന് വന്ദ്യവയോധികനായ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്ത് രഞ്ജിത്ത് അടിക്കുകയും നിലത്തു വീണ അദ്ദേഹത്തെ കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. അവശനായിരുന്ന ആ വൃദ്ധന്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് ലൊക്കേഷന്‍ വിട്ടതെന്ന് ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി.

'ലൊക്കേഷനില്‍ ഏതാനും ദിവസങ്ങള്‍ ഞാനുണ്ടായിരുന്നു. ചെറിയ വേഷവും ചെയ്തു. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹം രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി.

ആ അടി കൊണ്ട് അദ്ദേഹം കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍, നിറ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവര്‍ക്കും അത് വലിയ ഷോക്കായി പോയി. പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അത് മൈന്റ് ചെയ്തില്ല.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഹൃദയവും തകര്‍ന്ന് പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരേയും ചിരിപ്പിച്ച് തമാശ പറയുന്ന ആളായിരുന്നു. അതൊന്നും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. അതില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തിന് ഏറെ നാള്‍ വേണ്ടി വന്നു''.- എന്നായിരുന്നു ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്.


മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണുകയാണെന്നും ഇത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ശാപമോ എന്നും അദ്ദേഹം ചോദിക്കുന്നു. 'സിനിമ മാത്രമല്ല വിനോദോപാധി. പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകന്‍. മലയാള സിനിമയിലെ മാടമ്പി. ഇന്നയാള്‍ അഴിയെണ്ണുന്നു. ഇത് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായകരായ സ്ത്രീകളുടെ കണ്ണുനീരിന്റെ ഫലമോ', എന്ന് ആണ് ആലപ്പി അഷ്‌റഫ് ചോദിക്കുന്നത്.

അതേ സമയം ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) ആരോപിച്ചു. കോഴിക്കോട് വെച്ച് നടത്തിയ സ്റ്റേജ് ഷോയിലൂടെ ഏകദേശം ഒന്നര കോടിയോളം രൂപ സമാഹരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക കണക്കില്‍ ഒരു കോടി മാത്രമാണ് കാണിച്ചത്. ഇതില്‍ 50 ലക്ഷം രൂപ മാത്രമാണ് പുത്തഞ്ചേരിയുടെ കുടുംബത്തിന് നല്‍കിയത്. ബാക്കി തുക എവിടെപ്പോയി എന്നതിന് വ്യക്തമായ കണക്കില്ല. ഇതിനെതിരെ അന്ന് ശബ്ദമുയര്‍ത്തിയപ്പോള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒതുക്കിത്തീര്‍ത്തുവെന്നും രാമസിംഹന്‍ പറയുന്നു.

നടി ശാന്താദേവിക്ക് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ അവര്‍ മരിക്കുന്നതുവരെ നല്‍കിയില്ലെന്നും രാമസിംഹന്‍ ആരോപിക്കുന്നു. തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ കുടുംബത്തിന് വീട് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചതായും, പിന്നീട് നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് കുറഞ്ഞ തുകയെങ്കിലും നല്‍കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം ഭരണത്തിന്റെ തണലില്‍ സര്‍വ്വാധികാരിയായി വാണിരുന്ന രഞ്ജിത്തിന്റെ വീഴ്ച നീതിയുടെ വിജയമാണെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ തന്നെ പറയുന്നു.

ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ അദ്ദേഹത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും, തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയതിനെ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരും ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ അഭിഭാഷകര്‍ ഹാജരായിട്ടും രഞ്ജിത്തിന് താല്‍ക്കാലികമായി ജാമ്യം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. പോലീസിന്റെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് കസ്റ്റഡിയില്‍ വിട്ടതെന്നാണ് വിവരം.