- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രംപിന്റെ അന്ത്യശാസനം തീരാന്‍ മണിക്കൂറുകള്‍ മാത്രം; വൈദ്യുത നിലയങ്ങളെ പൊതിഞ്ഞ് ഇറാനിയന്‍ യുവജനത; ട്രംപിന്റെ 'പവര്‍ പ്ലാന്റ് ഡേ' തകര്‍ക്കാന്‍ മനുഷ്യകവചം; ആക്രമണം യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധര്‍; മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകള്‍ തള്ളി ട്രംപ്

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ നീക്കവുമായി ഇറാന്‍. രാജ്യത്തെ പ്രധാന ഊര്‍ജനിലയങ്ങള്‍ക്ക് ചുറ്റും പ്രതീകാത്മകമായി 'മനുഷ്യകവചം' തീര്‍ക്കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ആഗോള ഷിപ്പിങ് പാതയായ ഹോര്‍മുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 5.30ന്) മുമ്പ് തുറന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് പുതിയ നീക്കം. കായികതാരങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന ഇറാനിയന്‍ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രധാന ഊര്‍ജ നിലയങ്ങള്‍ക്ക് സമീപം ഒത്തുചേരാന്‍ ഇറാന്‍ കായിക-യുവജന മന്ത്രാലയം നിര്‍ദേശിച്ചു.
യുവാക്കളുടെ നിര്‍ദേശപ്രകാരമാണ് ഇത്തരം ഒരു മനുഷ്യച്ചങ്ങല രൂപീകരിക്കുന്നതെന്ന് ഡെപ്യൂട്ടി അലിറേസ റഹിമി വീഡിയോ സന്ദേശത്തില്‍ പറയുന്നു.'രാജ്യമെമ്പാടുമുള്ള യുവാക്കളുടെ പങ്കാളിത്തത്തോടെ വൈദ്യുത നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യച്ചങ്ങല രൂപപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള യുവാക്കളുടെ പ്രതിബന്ധതയുടെ അടയാളമായിരിക്കും ഇത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഉടനെ ഒരു കരാറിലെത്തുകയോ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചെയ്തില്ലെങ്കില്‍ ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ നീക്കം.
'തിളക്കമാര്‍ന്ന ഭാവിക്ക് വേണ്ടിയുള്ള ഇറാനിയന്‍ യുവതയുടെ മനുഷ്യകവചം' എന്നാണ് ഈ നീക്കത്തിന് ഇറാന്‍ നല്‍കിയിരിക്കുന്ന പേര്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഐക്യം പ്രകടിപ്പിക്കുന്നതിനും ഈ നടപടി അനിവാര്യമാണെന്ന് ഇറാന്‍ ഭരണകൂടം വിശ്വസിക്കുന്നു. ട്രംപിന്റെ ഭാഗത്തുനിന്നും അതിരൂക്ഷമായ പ്രകോപനങ്ങളാണ് ഉണ്ടാകുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ബോംബിട്ടു തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ അന്ത്യശാസനം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' നടത്തിയ ഈ പ്രഖ്യാപനത്തില്‍, വരാനിരിക്കുന്ന ആക്രമണത്തെ 'പവര്‍ പ്ലാന്റ് ഡേ' എന്നും 'ബ്രിഡ്ജ് ഡേ' എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കപ്പെട്ടാല്‍ രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ട്രംപ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറാനിലെ ജനങ്ങള്‍ തന്നെ ഭരണകൂടത്തിനെതിരായ ഈ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനക്കടത്ത് പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെപ്പോലും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ അടുത്ത ഏതാനും മണിക്കൂറുകള്‍ ലോകം ആകാംക്ഷയോടെയും ആശങ്കയോടെയുമാണ് ഉറ്റുനോക്കുന്നത്. മനുഷ്യകവചം തീര്‍ക്കാനുള്ള ഇറാന്റെ നീക്കം അമേരിക്കന്‍ ആക്രമണത്തെ തടയുമോ അതോ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമോ എന്നത് നിര്‍ണ്ണായകമാണ്.
ആക്രമണങ്ങളില്‍ ഇറാനിലെ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണകൂടത്തെ എതിര്‍ക്കുന്ന ഇറാന്‍ ജനത ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ്.


