കൊച്ചി: മരണത്തിന്റെ നിഴലിലും ആറുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരി ജയി ജയകുമാര്‍ (35) യാത്രയാകുമ്പോഴും ചര്‍ച്ചയാകുന്നത് കുടുംബത്തിന്റെ മഹാ മനസ്‌കത. മസ്തിഷ്‌കമരണം സംഭവിച്ച ജയിയുടെ ഹൃദയം ഇനി മലപ്പുറം മൂക്കുതല സ്വദേശിയായ പതിനാലുകാരില്‍ തുടിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച ഹൃദയം വ്യാഴാഴ്ച രാത്രി ഒന്‍പതോടെ ലിസി ആശുപത്രിയില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐ.ടി. ജീവനക്കാരിയായിരുന്ന കിളിമാനൂര്‍ കായാട്ടുകോണം 'വൃന്ദാവന'ത്തില്‍ ജയിയെ അസുഖബാധിതയായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച ജയിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പ്രിയപ്പെട്ടവളുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ എടുത്ത തീരുമാനം ആറു കുടുംബങ്ങള്‍ക്കാണ് വെളിച്ചമായത്. അവയവ സ്വീകരണത്തിനുള്ള സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോ വഴിയാണ് നടപടികള്‍ ഏകോപിപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.47-ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ഹെലികോപ്റ്റര്‍ 2.42-ന് കൊച്ചിയിലെ ഹെലിപ്പാഡില്‍ ഇറങ്ങി. തുടര്‍ന്ന് പോലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി വെറും നാല് മിനിറ്റുകൊണ്ട് ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. വൈകിട്ട് 5.30-ഓടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ജയിയുടെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ലിസി ആശുപത്രിയില്‍ നടക്കുന്ന 32-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

അഞ്ചുവര്‍ഷം മുന്‍പാണ് കുട്ടിക്ക് ഹൃദയത്തിന്റെ വലതുവശത്തെ അറകള്‍ ക്രമാതീതമായി വികസിക്കുന്ന അസുഖം കണ്ടെത്തിയത്. ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞമാസം അവയവ സ്വീകരണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെ-സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രിയോടെ കെ-സോട്ടോയില്‍ നിന്നും അറിയിപ്പ് ലഭിച്ചപ്പോള്‍ രക്ഷകര്‍ത്താക്കള്‍ ചികിത്സയുടെ ഭാഗമായി കുട്ടിയുമായി ചെന്നൈയിലായിരുന്നു. വിമാനമാര്‍ഗം െൈചന്നയില്‍ നിന്നും അവര്‍ എറണാകുളത്തേക്ക് എത്തി.

സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററില്‍ മെഡിക്കല്‍ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ന് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട് 2.40-ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാഡില്‍ ഇറങ്ങി. തുടര്‍ന്ന് നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അടുത്ത 48 മണിക്കുര്‍ ശസ്ത്രക്രിയപോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷാ നാസര്‍, രാജി രമേഷ്, സൗമ്യാ സുനീഷ് തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു.

ഹൃദയത്തിന് പുറമെ ജയിയുടെ ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും മറ്റൊരു വൃക്ക വന്ദേഭാരത് എക്‌സ്പ്രസ് മാര്‍ഗം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചു. നേത്രപടലങ്ങള്‍ തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിക്ക് നല്‍കി. ജയകുമാറിന്റെയും അംബികയുടെയും മകളായ ജയിയുടെ ഏക മകന്‍ പൃഥ്വിഷ് ആണ്. ജയു ഏക സഹോദരിയാണ്.