- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സമാധാന സന്ദേശം സഭയുടെ ദൗത്യം; അതില്‍ ഉറച്ചുനില്‍ക്കുന്നു; ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഭയമില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും'; ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മാര്‍പാപ്പ

റോം: സമാധാന സന്ദേശം സഭയുടെ ദൗത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ. യുഎസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും മാര്‍പാപ്പ പറഞ്ഞു.
'ഞാന്‍ യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കുന്നത് തുടരും. സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രശ്‌നങ്ങള്‍ക്ക് ന്യായമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി രാജ്യങ്ങള്‍ക്കിടയില്‍ ബഹുമുഖ ബന്ധങ്ങള്‍ വളര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു'. 'ഇന്ന് ലോകത്ത് വളരെയധികം ആളുകള്‍ കഷ്ടപ്പെടുന്നു. നിരപരാധികളായ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നു. ആരെങ്കിലും എഴുന്നേറ്റു നിന്ന് ഇതിലും നല്ല വഴിയുണ്ടെന്ന് പറയുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സന്ദേശം, സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നതാണ്. എന്റെ പങ്കിനെ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഞാന്‍ നോക്കിക്കാണുന്നില്ല'.- ലെയോ പതിനാലാമന്‍ പറഞ്ഞു.
അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന യുദ്ധത്തെ വത്തിക്കാന്‍ എതിര്‍ത്തതിനെതിരെ ട്രംപ് രംഗത്തുവന്നിരുന്നു. എന്നാല്‍ തന്റെ സന്ദേശത്തെ പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന സമാധാന സന്ദേശം സഭയുടെ ദൗത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോപ്പ് രാഷ്ട്രീയക്കാരാന്‍ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കോമണ്‍സെന്‍സ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദുസമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
'പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അതില്‍ ഉള്‍പ്പെടുത്തിയത്. പ്രസിഡന്റ് ഡോണാള്‍ഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം' -ട്രംപ് പറഞ്ഞു.
'പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തില്‍ ദുര്‍ബലനാണ്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്‌സല്‍റോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയില്‍ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം' -ട്രംപ് ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന നടപടി ഒരു പോപ്പില്‍ നിന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള അമേരിക്കയിലേക്ക് അയക്കുകയും ചെയ്ത വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയതെന്നും ട്രംപ് പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. യുഎസും ഇറാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച അതേ ദിവസം തന്നെയാണ് മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. ചരിത്രത്തിലെ ആദ്യത്തെ അമേരിക്കക്കാരനായ മാര്‍പാപ്പയാണ് ലെയോ പതിനാലാമന്‍. സ്വന്തം രാജ്യത്തെ പ്രസിഡന്റുമായി അദ്ദേഹം നടത്തുന്ന ഈ വാക്പോര് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്.


