തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. ഇന്ന് കൊച്ചിയിലാണ് ചടങ്ങിലാണ് റിയാസിന് ക്ഷണം ലഭിക്കാതെ പോയത്. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ സംബന്ധിക്കില്ല. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കൃഷ്ണന്‍കുട്ടിക്കും രാജേഷിനുമാണ് പരിപാടിയില്‍ ക്ഷണമുള്ളത്.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. '2014ല്‍ മുടങ്ങിപ്പോയ പദ്ധതി 2016ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ് സാക്ഷാത്കരമായത്. സാധാരണ ഇത്തരം പരിപാടികള്‍ക്കൊക്കെ നിധിന്‍ ഗഡ്കരിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വരാറുണ്ട്. പൊതുമരാമത്ത് മന്ത്രി ആരുമായിക്കൊള്ളട്ടെ. ഇത് കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അടക്കം ക്ഷണിച്ചിരിക്കുകയാണ്.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയാണോ? അതാത് വകുപ്പുകളില്‍ നിയമിക്കപ്പെട്ട ജനപ്രതിനിധികള്‍ വേണ്ടവിധത്തില്‍ പ്രയത്നിക്കുന്നുണ്ടെന്ന് ജനങ്ങള്‍ അറിയേണ്ടതില്ലേ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പരിപാടികളിലേക്ക് വിളിക്കുന്നതില്‍ എന്താണിത്ര പ്രശ്നം? ഇതെല്ലാം ജനാധിപത്യത്തിലെ മര്യാദയാണ്. ഇത്തരത്തില്‍ അവഗണിച്ചതുകൊണ്ട് മാത്രം അവരുടെ രാഷ്ട്രീയതന്ത്രം ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കരുതേണ്ടതില്ല'. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി അയ്യായിരത്തോളം രൂപ കിഫ്ബിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 22 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനത്തിലേക്കാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ അവഗണിച്ചത്. മുഖ്യമന്ത്രിയും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ദേശീയപാതയുടെ സാക്ഷാത്ക്കാരത്തിനായി പല പ്രതിസന്ധികള്‍ നേരിട്ടിട്ടും സ്ഥലം കണ്ടെത്തിയ സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതിനാലാണ് സര്‍ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് വിവരം.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന അദ്ദേഹം എന്‍.ഡി.എയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും തുടക്കം കുറിക്കും. രാവിലെ 11.45ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 12.15ന് കൊച്ചി നാവിക ആസ്ഥാനത്തെത്തും. 12.30ന് മറൈന്‍ഡ്രൈവില്‍ ധീവരസഭ സുവര്‍ണജൂബിലി ആഘോഷ സമാപനസംഗമം ഉദ്ഘാടനം ചെയ്യും.

1.15ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചക്ക് 2.15ന് കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍.ഡി.എ തെഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.