പാരീസ്: ഫ്രാന്‍സിലെ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ ഒരു സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഇപ്പോള്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കോസിയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിരുന്നു. സംഭവത്തിന് ശേഷം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കോസിയുടെ തൊട്ടടുത്തുള്ള ജയില്‍ സെല്ലിലേക്ക് താമസം മാറിയതായി റിപ്പോര്‍ട്ടുണ്ട്.

പാരീസിലെ ഉയര്‍ന്ന സുരക്ഷയുള്ള ജയിലായ ലാ സാന്റെയിലാണ് എഴുപതുകാരനായ സര്‍ക്കോസി തടവില്‍ കഴിയുന്നത്. ലിബിയന്‍ ഏകാധിപതി ആയിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് കള്ളപ്പണം വാങ്ങാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് സര്‍ക്കോസിയെ കോടതി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇന്നലെയാണ ്അദ്ദേഹം ജയിലില്‍ എത്തിയത്. ജയിലില്‍ എത്തി ഒരു മണിക്കൂറിനുള്ളില്‍, ഒരു സഹതടവുകാരന്‍ 'എല്ലാം ഞങ്ങള്‍ക്കറിയാം, സര്‍ക്കോ... ഞങ്ങള്‍ക്ക് എല്ലാം അറിയാം. കോടിക്കണക്കിന് ഡോളര്‍ തിരികെ തരൂ' എന്ന് ആക്രോശിക്കുന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തുടര്‍ന്നാണ് ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയം വിഐപി പ്രൊട്ടക്ഷന്‍ സര്‍വീസായ എസ്ഡിഎല്‍പിയിലെ രണ്ട് ഉദ്യോഗസ്ഥരോട് 'മുന്‍ പ്രസിഡന്റിന്റെ തൊട്ടടുത്തുള്ള സെല്ലില്‍ 24 മണിക്കൂറും' താമസിക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കോസിയുടെ യാഥാസ്ഥിതിക പാര്‍ട്ടിയായ ദി റിപ്പബ്ലിക്കന്‍സിന്റെ പ്രസിഡന്റ് എറിക് സിയോട്ടി മുന്‍ പ്രസിഡന്റ് ജയിലില്‍ വന്‍ ഭീഷണി നേരിടുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

സിയോട്ടി പറഞ്ഞത് മുന്‍ പ്രസിഡന്റിന്റെ സുരക്ഷ എല്ലായിടത്തും, എല്ലായ്‌പ്പോഴും, എല്ലാ സ്ഥലങ്ങളിലും ഉറപ്പാക്കേണ്ടത് തികച്ചും നിയമാനുസൃതമാണ് എന്നാണ്. സര്‍ക്കോസിയുടെ ഭാര്യയായ കാര്‍ല ബ്രൂണി, ഫോണിലൂടെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്ന് സര്‍ക്കോസിയുടെ അഭിഭാഷകര്‍ സ്ഥിരീകരിച്ചു. ജയിലിലെ അദ്ദേഹത്തിന്റെ ആദ്യ രാത്രി ഭയപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ വായിക്കാന്‍ വേണ്ട്ി രണ്ട് പുസ്തകങ്ങളും സര്‍ക്കോസി കൊണ്ട് വന്നിട്ടുണ്ട്. ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ, ദി ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ്.' എന്നിവയാണ് ഈ പുസ്തകങ്ങള്‍. '

ജയിലിലേക്ക് എത്തിയ സര്‍ക്കോസിയെ പല തടവുകാരും പരിഹസിക്കുന്നുണ്ടായിരുന്നു. ഷവര്‍, കിടക്ക, ചെറിയ മേശ, ലാന്‍ഡ്‌ഫോണ്‍, ടിവി എന്നിവ സജ്ജീകരിച്ച 29 അടി ചതുരശ്ര സെല്ലില്‍ സര്‍ക്കോസി ഒറ്റയ്ക്കാണ് കഴിയുന്നത്. ഇവിടെയുള്ള ചെറിയ മുറ്റത്ത് ഒരു ദിവസം ഒറ്റയ്ക്ക് നടക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ട്. എന്നാല്‍ ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.